ഫുട്‌ബോൾ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി കോവളം എഫ്.സിയുടെ തീം സോംഗ്

By Web TeamFirst Published Nov 28, 2020, 8:11 AM IST
Highlights

യൂത്ത് ലെവലിൽ ഐ ലീഗ് കളിച്ചിട്ടുള്ള ടീമാണ് കോവളം എഫ്.സി. 2009ൽ വിഴിഞ്ഞം കേന്ദ്രമാക്കിയാണ് കോവളം എഫ്.സി പ്രവർത്തനം ആരംഭിച്ചത്.

കേരള പ്രീമിയർ ലീഗ് ടീമായ കോവളം എഫ്.സിയുടെ ഔദ്യോഗിക ഗാനം (തീം സോംഗ്) പുറത്തിറങ്ങി. മധു ബാലകൃഷ്ണനും, സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് യുവസംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം.പി സംഗീതം പകർന്ന  കടലിന്റെ ആരവമുള്ള ഗാനം ഫുട്‌ബോൾ പ്രേമികൾ നെഞ്ചേറ്റി കഴിഞ്ഞു. 

കാണികളിൽ ഫുട്‌ബോൾ ആവേശം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഗീതവും സോഷ്യൽ മീഡിയയിൽ ജനപ്രീതിനേടി കഴിഞ്ഞു. ഹൈമ, 666 എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ ഗോകുൽ കാർത്തിക്കാണ് ഗാനത്തിന്റെ ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. സുകേഷ് കോട്ടത്തലയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സ്പാർക്ക് ലേർണിംഗ്‌സിന്റെ ബാനറിൽ ഷിബു കാഞ്ഞിരംകുളമാണ് നിർമാണം.

യൂത്ത് ലെവലിൽ ഐ ലീഗ് കളിച്ചിട്ടുള്ള ടീമാണ് കോവളം എഫ്.സി. 2009ൽ വിഴിഞ്ഞം കേന്ദ്രമാക്കിയാണ് കോവളം എഫ്.സി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 4 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ള നൂറ്റി അൻപതോളം കളിക്കാർ കോവളം എഫ്.സിയുടെ കീഴിൽ പരിശീലനം നേടുന്നുണ്ട്. 

കേരള പ്രീമിയർ ലീഗിനൊപ്പം, എലൈറ്റ് ഡിവിഷനിലും കളിക്കുന്ന ഏക ക്ലബ്ബ് കൂടിയാണ് കോവളം എഫ്.സി. അദാനി പോർട്ടിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിലും ഇടം പിടിച്ചിട്ടുള്ള ക്ലബ്ബിന്റെ മുഖ്യ സ്‌പോൺസർമാർ സ്പാർക്ക് ലേർണിംഗ്‌സും, ഫെഡറൽ ബാങ്കുമാണ്. ശശി തരൂർ എം.പി, മാധ്യമ പ്രവർത്തകനും പ്രവാസിയുമായ ടി.ജെ.മാത്യൂസ്, ചന്ദ്രഹാസൻ, ബാലഗോപാൽ ഐ.എ.എസ് എന്നിവരാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

click me!