
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. 'അടിയെ ഏൻ പൂന്തേനെ..' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രവി ജിയും ഗാനം ആലപിച്ചിട്ടുണ്ട്. കാർത്തിക് നേതയുടേതാണ് വരികൾ.
പൊങ്കല്‍ റിലീസ് ആയി എത്തേണ്ട ചിത്രമായിരുന്നു ജനനായകൻ. എന്നാൽ സെന്‍സര്‍ പ്രതിസന്ധികളില്‍ കുരുങ്ങി ആറ് മാസത്തിനിപ്പുറം ജൂലൈ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. ഈ കാലയളവില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് കാര്യമായി പ്രചരിച്ചതും നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. നിലവിൽ ജനനായകൻ ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്. സീ 5 ലൂടെ ഓഗസ്റ്റ് 21 നാവും ചിത്രം എത്തുകയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. വിജയ് നായകനായ ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, മമിത ബൈജു, നരെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്. ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.