
വിജയ് യേശുദാസ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആൽബം ഈ രാത്രിയിൽ തരംഗമാകുന്നു. റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയാണ് ഈ ആൽബം ശ്രദ്ധ നേടുന്നത്. ഇരുപത്തിമൂന്നോളം അന്തര്‍ദേശീയ പ്ലാറ്റ്ഫോമുകളിലുമായി ഒരു മില്യണിൽ അധികം പ്രേക്ഷകരിൽ ഇതിനോടകം എത്തിക്കഴിഞ്ഞു ഗാനം. ക്രിസ്മസ് ഗാനങ്ങളുടെ സ്ഥിരം രചനാശൈലിയിൽ നിന്നും വ്യത്യസ്തമായാണ് രാജീവ് ആലുങ്കൽ ഈ ഗാനത്തിന്‍റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. അതുപോലെ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനവും. സല്‍ജിന്‍ കളപ്പുരയാണ് സംഗീത സംവിധായകന്‍.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതഞ്ജരെ കോർത്തിണക്കിക്കൊണ്ട് ബിജു പൗലോസിന്റെ ഓർക്കസ്‌ട്രേഷനും ഈ ഗാനത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നു. വിജയ് യേശുദാസിനോടൊപ്പം മലയാളഗാന രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ഈ പാട്ടിന്റെ ഒപ്പേറയ്ക്ക് ശബ്ദം പകർന്നിരിക്കുന്നത് ഹോളിവുഡ് ഒപ്പേറാ സിംഗര്‍ ബ്രിജിറ്റി ഹൂളാണ്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ഈ രാത്രിയിൽ എന്ന ആൽബം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ നിരവധി ആരാധനാലയങ്ങളിലെ ഗായകസംഘം ഏറ്റുപാടുവാൻ തുടങ്ങിക്കഴിഞ്ഞു.
സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ അനുമോദനങ്ങളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഗാനത്തിന്‍റെ ശില്‍പികള്‍ പറയുന്നു. ഇതിന് മുൻപ് സല്‍ജിന്‍ കളപ്പുര ഒരുക്കിയ ഗാനങ്ങള്‍ കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹൻ, മധു ബാലകൃഷ്‌ണൻ, ശ്വേത മോഹൻ, കെസ്സർ തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക പ്രശസ്ത ഗായകരും ആലപിച്ചിട്ടുണ്ട്. വിജയ് യേശുദാസിന്റെ വി കമ്പനിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഈ ആൽബം ശ്രദ്ധിക്കപ്പെട്ടതോടെ സല്‍ജിൻ കളപ്പുര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയുമാണ്.