ഇപ്പോൾ മുപ്പതുകളിലാണോ നിങ്ങളുടെ പ്രായം?റിട്ടയര്‍മെന്റ് പ്ലാനിങ്ങില്‍ ഈ 5 അബദ്ധങ്ങള്‍ ഒഴിവാക്കാം

Published : Aug 29, 2026, 06:03 PM IST
indian currency

Synopsis

മുപ്പതുകളില്‍ റിട്ടയര്‍മെന്റ് പ്ലാനിങ് നടത്തുമ്പോള്‍ സംഭവിക്കാവുന്ന അഞ്ച് പ്രധാന അബദ്ധങ്ങളെന്തൊക്കെയാണെന്ന് നോക്കാം. നിക്ഷേപം വൈകുന്നത്, വിലക്കയറ്റം കണക്കിലെടുക്കാതിരിക്കുന്നത്, ഇപിഎഫിനെ മാത്രം ആശ്രയിക്കുന്നത് തുടങ്ങിയ പിഴവുകള്‍ ഒഴിവാക്കണം.

മുപ്പതുകളില്‍ എത്തുമ്പോള്‍ ഭവനവായ്പ, കുട്ടികളുടെ ഭാവി, കരിയര്‍ തുടങ്ങിയ കാര്യങ്ങളിലാകും മിക്കവരുടെയും പൂര്‍ണ്ണ ശ്രദ്ധ. എന്നാല്‍ ഭാവിയിലെ റിട്ടയര്‍മെന്റ് ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ ഏറ്റവും മികച്ച സമയവും ഇതുതന്നെയാണ്. നേരത്തെ നിക്ഷേപം തുടങ്ങുന്നത് 'കോമ്പൗണ്ടിങ്' വഴി മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കും .മുപ്പതുകളില്‍ റിട്ടയര്‍മെന്റ് പ്ലാനിങ് നടത്തുമ്പോള്‍ സാധാരണയായി സംഭവിക്കുന്ന അഞ്ച് പ്രധാന അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിക്ഷേപം നാളേക്ക് നീട്ടിവെക്കുന്നത്

'ശമ്പളം ഒന്നുകൂടി വര്‍ധിച്ചിട്ട് കൃത്യമായി നിക്ഷേപം തുടങ്ങാം' എന്ന് കരുതുന്നത് വലിയൊരു അബദ്ധമാണ്. റിട്ടയര്‍മെന്റിന് ഇനിയും 25-30 വര്‍ഷമുണ്ടല്ലോ എന്ന് കരുതി കാത്തിരിക്കരുത്. തുടക്കത്തില്‍ തന്നെ നിക്ഷേപം ആരംഭിച്ചാല്‍, ആ തുകയും അതില്‍ നിന്ന് ലഭിക്കുന്ന ലാഭവും കാലക്രമേണ വലിയൊരു തുകയായി വളരും. നിക്ഷേപം തുടങ്ങുന്നത് 40-കളിലേക്ക് മാറ്റിവെച്ചാല്‍, ലക്ഷ്യത്തിലെത്താന്‍ എല്ലാ മാസവും വലിയൊരു തുക മാറ്റിവെക്കേണ്ടി വരും.

വിലക്കയറ്റത്തെ വില കുറച്ച് കാണുന്നത്

റിട്ടയര്‍മെന്റ് കാലത്തേക്ക് 1 കോടി രൂപ എന്നത് ഇന്ന് കേള്‍ക്കുമ്പോള്‍ വലിയൊരു തുകയായി തോന്നാം. എന്നാല്‍ നാണയപ്പെരുപ്പവും വിലക്കയറ്റവും കാരണം രണ്ട്- മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ തുകയ്ക്ക് ഇന്നത്തെ മൂല്യം ഉണ്ടാകില്ല. വെറുമൊരു ആകര്‍ഷകമായ സംഖ്യയെ മാത്രം ലക്ഷ്യമാക്കാതെ, ഭാവിയിലെ നിങ്ങളുടെ ജീവിതച്ചെലവ്, ചികിത്സ, വീട്ടുചെലവുകള്‍ എന്നിവ കണക്കിലെടുത്ത് വേണം റിട്ടയര്‍മെന്റ് പ്ലാനിങ് തുടങ്ങാന്‍.

ഇപിഎഫിനെ മാത്രം ആശ്രയിക്കുന്നത്

ശമ്പളക്കാരായ ജീവനക്കാര്‍ക്ക് ഇപിഎഫ് മികച്ചൊരു നിക്ഷേപമാണെങ്കിലും അതിനെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. എന്‍പിഎസ്, പിപിഎഫ് തുടങ്ങിയ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാകും. നിക്ഷേപങ്ങള്‍ വിവിധ അസറ്റ് ക്ലാസുകളിലായി വൈവിധ്യവല്‍ക്കരിക്കാന്‍ സെബി നിര്‍ദേശിക്കുന്നുണ്ട്. ഒരു പ്രത്യേക നിക്ഷേപത്തെ മാത്രം ആശ്രയിക്കുന്നത് റിസ്‌കാണ്.

റിസ്‌ക് എടുക്കാനുള്ള മടി

റിട്ടയര്‍മെന്റ് ഫണ്ട് ആണെന്ന് കരുതി തീരെ റിസ്‌ക് ഇല്ലാത്ത സേവിങ്‌സ് അക്കൗണ്ടുകളിലോ വളര്‍ച്ച കുറഞ്ഞ നിക്ഷേപങ്ങളിലോ മാത്രം പണം നിക്ഷേപിക്കുന്നത് വിലക്കയറ്റത്തെ മറികടക്കാന്‍ സഹായിക്കില്ല. മുപ്പതുകളില്‍ നിക്ഷേപിക്കുമ്പോള്‍ ദീര്‍ഘകാലം മുന്നിലുള്ളതിനാല്‍ ഹ്രസ്വകാല വിപണിയിലെ ഏറ്റക്കുറച്ചിലുകളെ നേരിടാന്‍ എളുപ്പം സാധിക്കും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും സമയവും അനുസരിച്ച് വേണം നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍.

റിട്ടയര്‍മെന്റ് ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് എടുക്കുന്നത്

അപ്രതീക്ഷിതമായി വലിയൊരു ചെലവ് വരുമ്പോള്‍, കാര്‍ വാങ്ങാനോ അവധിക്കാലം ആഘോഷിക്കാനോ വീട് പണിയാനോ ആയി റിട്ടയര്‍മെന്റ് ഫണ്ടില്‍ നിന്ന് പണമെടുക്കുന്ന ശീലം ഒഴിവാക്കുക. ഓരോ തവണ പണമെടുക്കുമ്പോഴും നിങ്ങളുടെ നിക്ഷേപത്തിന്റെ വളര്‍ച്ചയെയാണ് അത് ബാധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ആദ്യം റിട്ടയര്‍മെന്റ് ഫണ്ടില്‍ കൈയിടുന്നത് ഒഴിവാക്കാന്‍ ഒരു എമര്‍ജന്‍സി ഫണ്ടും മതിയായ ഇന്‍ഷുറന്‍സും ഉറപ്പാക്കണമെന്ന് സെബി നിര്‍ദേശിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ആദായ നികുതി റിട്ടേണ്‍ : ഓഗസ്റ്റ് 31 ആര്‍ക്കൊക്കെയാണ് അവസാന തീയതി?
സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്കുയർത്തി ഫെഡറൽ, എച്ച്.ഡി.എഫ്.സി ബാങ്കുകൾ; മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം വരെ പലിശ