
ഒരു കുഞ്ഞ് ജനിക്കുമ്പോൾ മാതാപിതാക്കളുടെ ജീവിതരീതി മാത്രമല്ല, അവരുടെ സാമ്പത്തിക കാര്യങ്ങളും ഒറ്റ രാത്രി കൊണ്ട് മാറിമറിയുന്നു. മുൻപ് സ്വന്തം ആഗ്രഹങ്ങൾക്കും യാത്രകൾക്കുമായി പണം ചിലവഴിച്ചിരുന്നവർ, കുഞ്ഞിന്റെ വരവോടെ പഠനച്ചെലവ്, ചികിത്സ, ഭാവിയിലെ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതരാകുന്നു. പലപ്പോഴും തുടക്കത്തിൽ ഇത് വലിയൊരു മാനസിക സമ്മർദ്ദമുണ്ടാക്കാറുണ്ടെങ്കിലും, തുടക്കം മുതലേ ചില സാമ്പത്തിക അടിത്തറകൾ പാകിയാൽ ഭാവിയിലെ വലിയ ബാധ്യതകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. കുഞ്ഞ് ജനിച്ച ശേഷം മാതാപിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 പ്രധാന സാമ്പത്തിക കാര്യങ്ങൾ നോക്കാം.
കുട്ടികൾ ഉണ്ടാകുമ്പോൾ പ്രതീക്ഷിക്കാത്ത ചിലവുകൾ എപ്പോൾ വേണമെങ്കിലും വരാം. പെട്ടെന്നുണ്ടാകുന്ന ചികിത്സാ ചെലവുകൾ, അപ്രതീക്ഷിതമായി വന്നേക്കാവുന്ന സ്കൂൾ ഫീസ് എന്നിവയൊക്കെ ഇതിൽപ്പെടും. അതിനാൽ വലിയ ലാഭം തരുന്ന നിക്ഷേപങ്ങൾക്കായി ഓടുന്നതിന് മുൻപ്, കുറഞ്ഞത് 6 മാസത്തെ കുടുംബ ചെലവുകൾക്കുള്ള പണം ഒരു എമർജൻസി ഫണ്ടായി ബാങ്കിൽ മാറ്റി സൂക്ഷിക്കുക. ഇത് അടിയന്തിര ഘട്ടങ്ങളിൽ പണം കടം വാങ്ങുന്നതിൽ നിന്നും ക്രെഡിറ്റ് കാർഡിറ്റ് കാർഡിന്റെ കെണിയിൽ വീണു പോകുന്നതിൽ നിന്നും നിങ്ങളെ രക്ഷിക്കും.
ഇന്ത്യയിൽ മെഡിക്കൽ ചെലവുകൾ വർഷം തോറും കുത്തനെ ഉയരുകയാണ്. അതിനാൽ കുഞ്ഞിനെക്കൂടി ഉൾപ്പെടുത്തി ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് (Family Floater Health Insurance) പോളിസി പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്യണം. അതോടൊപ്പം തന്നെ കുടുംബത്തിന്റെ വരുമാന സ്രോതസായ വ്യക്തിയുടെ പേരിൽ ഒരു 'ടേം ഇൻഷുറൻസ്' (Term Insurance) ഉണ്ടായിരിക്കണം. ഇത് മാതാപിതാക്കൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കുട്ടിയുടെ ഭാവി തകരാതിരിക്കാൻ സഹായിക്കും.
3. നേരത്തെ നിക്ഷേപം തുടങ്ങുക
വലിയ തുക കൈയ്യിൽ വരുമ്പോൾ നിക്ഷേപം ആരംഭിക്കാം എന്ന് കരുതി കാത്തിരിക്കുന്നത് വലിയ തെറ്റാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പോലുള്ള ലക്ഷ്യങ്ങൾക്ക് 15- 20 വർഷത്തെ നീണ്ട കാലാവധിയുണ്ട്. അതിനാൽ മ്യൂച്വൽ ഫണ്ടുകളിലോ മറ്റ് സുരക്ഷിത പദ്ധതികളിലോ ചെറിയ തുക വച്ച് ഉടൻ തന്നെ നിക്ഷേപം (SIP) ആരംഭിക്കുക. ദീർഘകാല നിക്ഷേപങ്ങളിൽ കോമ്പൗണ്ടിംഗ് (Compound Interest) വഴി ചെറിയ തുക വലിയൊരു സമ്പാദ്യമായി മാറും. പണം എത്രമാത്രം നിക്ഷേപിക്കുന്നു എന്നതിനേക്കാൾ, എത്ര നേരത്തെ നിക്ഷേപിക്കാൻ തുടങ്ങി എന്നതിലാണ് കാര്യം.
4. സ്വന്തം റിട്ടയർമെന്റ് മറക്കരുത്
പല മാതാപിതാക്കളും വരുത്തുന്ന ഏറ്റവും വലിയ ഒരു പിഴവാണ് മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി പണം മാറ്റിവെക്കുമ്പോൾ സ്വന്തം വാർദ്ധക്യകാല ജീവിതം പലരും മറന്നുപോകുന്നുവെന്നത്. കുട്ടികൾക്ക് പഠനത്തിനായി ലോൺ ലഭിക്കും. എന്നാൽ നിങ്ങളുടെ റിട്ടയർമെന്റിന് ശേഷമുള്ള ജീവിതത്തിന് ഇങ്ങനെ ഒരു ഓപ്ഷൻ പോലുമില്ല. മാതാപിതാക്കൾ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കുന്നത് ഭാവിയിൽ മക്കൾക്കും വലിയൊരു ആശ്വാസമായിരിക്കും.
5. ബാങ്ക് അക്കൗണ്ടുകളിൽ നോമിനേഷൻ പുതുക്കുക
കുഞ്ഞ് ജനിച്ച ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലെല്ലാം നോമിനേഷൻ (Nomination) വിവരങ്ങൾ കൃത്യമായി പുതുക്കുക. ആവശ്യമെങ്കിൽ ഒരു വിൽപ്പത്രമോ (Will) കുട്ടിയുടെ സംരക്ഷണ ചുമതലകളെക്കുറിച്ചുള്ള രേഖകളോ തയ്യാറാക്കുന്നത് ഭാവിയിലെ നിയമപരമായ തർക്കങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കും.
6. സോഷ്യൽ മീഡിയ കണ്ട് പണം ധൂർത്തടിക്കരുത് (Lifestyle Inflation)
മക്കൾക്ക് ഏറ്റവും മികച്ചത് തന്നെ നൽകണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ട്രെൻഡുകൾ കണ്ട് ആഡംബര വസ്ത്രങ്ങൾക്കും ബ്രാൻഡഡ് കളിപ്പാട്ടങ്ങൾക്കുമായി പണം ധൂർത്തടിക്കുന്നത് പിന്നീട് കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കും. താൽക്കാലികമായ ആഡംബരങ്ങളേക്കാൾ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
ദിവസങ്ങൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നല്ല സാമ്പത്തിക സുരക്ഷിതത്വം. കൃത്യമായ പ്ലാനിംഗിലൂടെയും അച്ചടക്കമുള്ള നിക്ഷേപങ്ങളിലൂടെയും മാത്രമേ അത് സാധ്യമാകൂ. ചെറിയ ചുവടുവെപ്പുകളിലൂടെ ഇതിന് തുടക്കമിടാം. എത്ര നേരത്തെ പ്ലാനിംഗ് തുടങ്ങുന്നുവോ അത്രയും സുരക്ഷിതമാകും നിങ്ങളുടെ സാമ്പത്തികവും.