അറിയിപ്പില്ലാതെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തു; ഉപഭോക്താവിന് 1.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാങ്കിനോട് ഉത്തരവിട്ട് ഉപഭോക്തൃ കോടതി

Published : Aug 07, 2026, 09:46 AM IST
Master Debit card

Synopsis

ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെഡറൽ ബാങ്കിന് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് കാർഡ് ബ്ലോക്ക് ചെയ്തെങ്കിലും ഉപഭോക്താവിനെ കൃത്യസമയത്ത് അറിയിക്കാത്തത് സേവനത്തിലെ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി.

കൊച്ചി: ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെഡറൽ ബാങ്ക് ₹1.25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. സുരക്ഷയുടെ പേരിൽ കാർഡ് ബ്ലോക്ക് ചെയ്യാമെങ്കിലും ഉപഭോക്താവിനെ കൃത്യസമയത്ത് അറിയിക്കാതെ അത്തരമൊരു നടപടി സ്വീകരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കമ്മിഷൻ വ്യക്തമാക്കി.

2015 മുതൽ ഫെഡറൽ ബാങ്കിന്റെ ഉപഭോക്താവായിരുന്ന പരാതിക്കാരൻ 2021 സെപ്റ്റംബറിൽ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിസന്ധി നേരിട്ടത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഡ് ഉപയോഗിച്ച് ലോഞ്ചിൽ പ്രവേശിക്കാനോ സാധനങ്ങൾ വാങ്ങാനോ കഴിഞ്ഞില്ല. കൊച്ചിയിലെത്തിയ ശേഷവും ഡ്യൂട്ടി ഫ്രീ ഷോപ്പിലും എടിഎമ്മിലും കാർഡ് പ്രവർത്തിക്കാതിരുന്നതോടെ അക്കൗണ്ടിൽ പണമുണ്ടായിട്ടും അത് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.

കാർഡ് ബ്ലോക്ക് ചെയ്തതിനെ കുറിച്ച് തനിക്കോ കുടുംബാംഗങ്ങൾക്കോ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. യാത്രാ ചെലവുകൾക്കായി പ്രധാനമായും ഈ കാർഡിനെയാണ് ആശ്രയിച്ചിരുന്നതെന്നും ഇതുമൂലം കുടുംബം കടുത്ത മാനസിക വിഷമവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നെന്നും പരാതിയിൽ വ്യക്തമാക്കി.

കാർഡ് വിവരങ്ങൾ ചോർന്നിരിക്കാമെന്ന മാസ്റ്റർ കാർഡിന്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് കാർഡ് ബ്ലോക്ക് ചെയ്തതെന്നാണ് ബാങ്കിന്റെ വിശദീകരണം. ഉപഭോക്താവിന് പകരം പുതിയ കാർഡ് തയ്യാറാക്കിയിരുന്നെന്നും എസ്എംഎസ് വഴി വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം സന്ദേശം ലഭിച്ചില്ലെന്നും ബാങ്ക് അറിയിച്ചു.

എന്നാൽ ബാങ്കിന്റെ വാദം കമ്മിഷൻ അംഗീകരിച്ചില്ല. കാർഡ് ബ്ലോക്ക് ചെയ്ത സമയവും പുതിയ കാർഡ് തയ്യാറാക്കിയ സമയവും സംബന്ധിച്ച രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി. ഉപഭോക്താവ് വിദേശത്ത് ബുദ്ധിമുട്ട് നേരിടുമ്പോൾ പകരം കാർഡ് ശാഖയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അത് കൈമാറാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാണിച്ചു.

സേവനത്തിലെ വീഴ്ചയും അന്യായ വ്യാപാര രീതിയും നടന്നതായി വിലയിരുത്തിയ കമ്മിഷൻ മാനസിക വിഷമത്തിനും പ്രയാസങ്ങൾക്കും ₹1 ലക്ഷം നഷ്ടപരിഹാരവും , ₹25,000 കേസ് ചെലവായും നൽകാൻ ബാങ്കിന് നിർദേശം നൽകി. ആകെ ₹1.25 ലക്ഷം 45 ദിവസത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം വാർഷികം ഒൻപത് ശതമാനം പലിശ നൽകേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

സാങ്കേതിക തകരാർ ചൂണ്ടിക്കാണിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും എസ്എംഎസ് ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ വിളി, ഇ-മെയിൽ തുടങ്ങിയ മറ്റ് മാർഗങ്ങളിലൂടെ ഉപഭോക്താവിനെ അറിയിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. സുരക്ഷാ നടപടികളും ഉപഭോക്തൃ അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വിധി വീണ്ടും വ്യക്തമാക്കുന്നതെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.

PREV
Read more Articles on
click me!

Recommended Stories

എസ്ഐപി ദിവസവും ചെയ്യണോ അതോ മാസത്തിലൊരിക്കല്‍ മതിയോ? നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍
സ്വന്തമായി ഒരു വീടുണ്ട്, ഇനി നിക്ഷേപമായി രണ്ടാമതൊരു വീട് വാങ്ങണോ? തീരുമാനിക്കും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ