ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ സം ഇൻഷ്വേർഡ് മാത്രം നോക്കിയാൽ പോരാ. റൂം റെന്റ് ക്യാപ്, സബ് ലിമിറ്റ്, കോ-പേയ്മെന്റ് തുടങ്ങിയ വ്യവസ്ഥകൾ കൂടി ശ്രദ്ധിക്കണം. അല്ലെങ്കിൽ ആശുപത്രി ബില്ലിന്റെ വലിയൊരു ഭാഗം സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടി വരും.
ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ പലരും ആദ്യം നോക്കുന്നത് സം ഇൻഷ്വേർഡ്, അതായത് ഇൻഷുറൻസ് പരിരക്ഷയുടെ തുകയാണ്. തുക വലുതാണെങ്കിൽ മികച്ച സംരക്ഷണം ലഭിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. പക്ഷേ, വലിയ സം ഇൻഷ്വേർഡ് ഉണ്ടെന്നതുകൊണ്ട് മാത്രം പൂർണമായ സംരക്ഷണം ലഭിക്കണമെന്നില്ല. റൂം റെന്റ് ക്യാപ്, സബ് ലിമിറ്റ്, കോ-പേയ്മെന്റ്, എക്സ്ക്ലൂഷൻസ് തുടങ്ങിയ വ്യവസ്ഥകൾ പോളിസിയിലുണ്ടെങ്കിൽ, ആശുപത്രി ബില്ലിന്റെ വലിയൊരു ഭാഗം ചിലപ്പോൾ സ്വന്തം പോക്കറ്റിൽനിന്ന് നൽകേണ്ടിവരാം. അതുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ കവറേജ് തുക മാത്രം നോക്കിയാൽ പോരാ. പോളിസിയിലെ നിബന്ധനകളും ശ്രദ്ധയോടെ പരിശോധിക്കണം.
ചികിത്സാ ചെലവ് ഉയരുന്നു
ഇന്ത്യയിൽ ആശുപത്രി ചെലവുകൾ ഓരോ വർഷവും ഏകദേശം 13 മുതൽ 15 ശതമാനം വരെ ഉയരുന്നുണ്ടെന്നാണ് കണക്ക്. 2021 മുതൽ ഫാമിലി ഫ്ലോട്ടർ പ്രീമിയം ഏകദേശം 46 ശതമാനം വർധിച്ചു. അതുകൊണ്ടുതന്നെ ഏതാനും വർഷങ്ങൾക്ക് മുൻപ് മതിയെന്ന് തോന്നിയിരുന്ന 5 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്, ദീർഘകാല ആശുപത്രിവാസമോ വലിയ ശസ്ത്രക്രിയയോ വേണ്ടിവന്നാൽ മതിയാകാതെ വരാം.
പോളിസി എടുക്കുന്നതിന് മുൻപ് എന്തെല്ലാം പരിശോധിക്കണം?
പ്രധാനമായും അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.റൂം റെന്റ് ലിമിറ്റ്, ഡിസീസ് സ്പെസിഫിക് സബ് ലിമിറ്റ്, കോ-പേയ്മെന്റ്, എക്സ്ക്ലൂഷൻസ്, കൺസ്യൂമബിൾസ്. കാരണം ആശുപത്രി ബില്ലിൽ എത്ര തുക ഇൻഷുറൻസ് കമ്പനി നൽകും, എത്ര തുക നമ്മൾ സ്വന്തം കൈയിൽനിന്ന് നൽകേണ്ടിവരും എന്നതിൽ ഈ വ്യവസ്ഥകൾക്ക് വലിയ പങ്കുണ്ട്.
പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് റൂം റെന്റ് ലിമിറ്റ്. പോളിസിയിൽ മുറിവാടകയ്ക്ക് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് കരുതുക.ആ പരിധിയേക്കാൾ ചെലവേറിയ മുറിയിലാണ് രോഗിയെ പ്രവേശിപ്പിക്കുന്നതെങ്കിൽ, മുറിയുടെ അധിക വാടകയിൽ മാത്രം കാര്യം അവസാനിക്കണമെന്നില്ല.ഡോക്ടറുടെ ഫീസും നഴ്സിങ് ചാർജും ഉൾപ്പെടെ മുഴുവൻ ബില്ലിലും അതേ അനുപാതത്തിൽ ഇൻഷുറൻസ് കമ്പനി തുക കുറയ്ക്കാൻ സാധ്യതയുണ്ട്.അതുകൊണ്ട് പോളിസി വാങ്ങുമ്പോൾ റൂം റെന്റ് ക്യാപ് ഉണ്ടോ എന്ന് പരിശോധിക്കുന്നത് പ്രധാനമാണ്.
ആശുപത്രി ബില്ലിലെ മറ്റൊരു പ്രധാന ഘടകമാണ് കൺസ്യൂമബിൾസ്. ഗ്ലൗസ്, സിറിഞ്ചുകൾ, കിറ്റുകൾ തുടങ്ങിയവ പലപ്പോഴും ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടാറില്ല.ദീർഘകാലം ഐ.സി.യു.വിൽ കഴിയേണ്ടിവന്നാൽ ഇത്തരം ചെറിയ ചെലവുകൾ എല്ലാം കൂടി വലിയൊരു തുകയായി മാറാം.അതുകൊണ്ട് ഏതൊക്കെ ചെലവുകളാണ് പോളിസി കവർ ചെയ്യാത്തത് എന്നും പരിശോധിക്കണം.
എന്താണ് സബ് ലിമിറ്റ് ?
ചില ചികിത്സകൾക്കും നടപടിക്രമങ്ങൾക്കും പോളിസിയിൽ പ്രത്യേകം പരിധിയുണ്ടാകാം.ഉദാഹരണത്തിന്,കാറ്ററാക്ട് സർജറി, അതായത് തിമിര ശസ്ത്രക്രിയ.അതുപോലെ നീ റീപ്ലേസ്മെന്റ്. ഇത്തരം ചികിത്സകൾക്ക് സബ് ലിമിറ്റ് ഉണ്ടോ എന്ന് പോളിസി വാങ്ങുന്നതിന് മുൻപ് പരിശോധിക്കണം . മാതാപിതാക്കൾക്കുള്ള പോളിസികളിലെ കോ-പേയ്മെന്റ് വ്യവസ്ഥകളും പ്രത്യേകം പരിശോധിക്കണം.
വലിയ സം ഇൻഷ്വേർഡ് ഉണ്ടെങ്കിൽ കുടുംബം സേഫ് ആണോ?
വലിയ തുകയുടെ കവർ എടുത്താലും ക്ലെയിം ലഭിക്കുന്ന തുക കുറയ്ക്കുന്ന നിയന്ത്രണങ്ങൾ പോളിസിയിൽ ഉണ്ടായേക്കാം.അതുകൊണ്ട് മൂന്ന് കാര്യങ്ങൾ പ്രത്യേകം പരിശോധിക്കുക.
റൂം റെന്റ് റെസ്ട്രിക്ഷൻ ഉണ്ടോ? ഓരോ രോഗത്തിനും പ്രത്യേകം പരിധിയുണ്ടോ? നിർബന്ധമായ കോ-പേയ്മെന്റ് ഉണ്ടോ?
ഇതിനൊപ്പം ഏതൊക്കെ നോൺ-മെഡിക്കൽ എക്സ്പെൻസസ് പോളിസിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മനസ്സിലാക്കണം.അത്തരം ചെലവുകൾ കവർ ചെയ്യുന്നതിനുള്ള ആഡ് ഓൺ ലഭ്യമാണോ എന്നും പരിശോധിക്കാം.
ബേസ് പോളിസി മതിയോ? സൂപ്പർ ടോപ്പ് അപ്പ് വേണോ?
ആരോഗ്യ ഇൻഷുറൻസ് കവറേജ് കൂട്ടാനുള്ള ഒരു ചെലവ് കുറഞ്ഞ മാർഗമായി ബേസ് പോളിസിയും സൂപ്പർ ടോപ്പ് അപ്പും ചേർന്ന സംവിധാനം ഉപയോഗിക്കാം.അനുയോജ്യമായ തുകയ്ക്കുള്ള ഒരു ബേസ് പോളിസിക്കൊപ്പം സൂപ്പർ ടോപ്പ് അപ്പ് എടുക്കുന്നതിലൂടെ ഹെൽത്ത് കവർ വർധിപ്പിക്കാൻ കഴിയും.സൂപ്പർ ടോപ്പ് അപ്പിൽ നിശ്ചയിച്ചിരിക്കുന്ന ആന്വൽ ഡിഡക്ടബിൾ കടന്നതിന് ശേഷമാണ് അർഹമായ ചെലവുകൾക്ക് സൂപ്പർ ടോപ്പ് അപ്പ് വഴി പണം ലഭിക്കുക.ഇതിലൂടെ ഉയർന്ന തുകയുള്ള ഒരൊറ്റ പോളിസിയുടെ പ്രീമിയം നൽകാതെ തന്നെ കുടുംബത്തിന് വലിയ ഓവറോൾ കവർ ലഭ്യമാക്കാൻ സാധിക്കും.
ഓഫീസ് ഹെൽത്ത് ഇൻഷുറൻസ് മാത്രം മതിയോ?
ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന ഗ്രൂപ്പ് ഹെൽത്ത് പോളിസി മാത്രം ആശ്രയിക്കുന്നതും ഒരു റിസ്കാണ്.കാരണം ജോലി ഉപേക്ഷിക്കുകയോ മറ്റൊരു ജോലിയിലേക്ക് മാറുകയോ ചെയ്താൽ സാധാരണയായി ആ ഹെൽത്ത് കവർ അവസാനിക്കും.അതുകൊണ്ട് നേരത്തെ തന്നെ ഒരു ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് സ്വന്തം നിലയിലുള്ള ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കും.പ്രായം കൂടുന്നതിനനുസരിച്ച് പ്രീമിയം ഉയരാം. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ പിന്നീട് പുതിയ കവർ ലഭിക്കുന്നതും കൂടുതൽ പ്രയാസകരമാകാം.
വെയിറ്റിങ് പിരീഡ്: നിയമം അറിയണം
ഇനി പ്രീ എക്സിസ്റ്റിങ് കണ്ടീഷൻസ്, അതായത് പോളിസി എടുക്കുന്നതിന് മുൻപുതന്നെയുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കണം. ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്കുള്ള വെയിറ്റിങ് പിരീഡ് പരമാവധി 36 മാസമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിനോദ് കാമത്ത് പറയുന്നത്. അതുപോലെ ഒരു പോളിസി 60 മാസം ഇടവേളയില്ലാതെ റിന്യൂ ചെയ്തുകഴിഞ്ഞാൽ, വിവരങ്ങൾ വെളിപ്പെടുത്തിയില്ല എന്ന കാരണത്താൽ ക്ലെയിം ചോദ്യം ചെയ്യാനാകില്ല.അതുകൊണ്ട് പോളിസി എടുക്കുന്ന സമയത്തുതന്നെ ആരോഗ്യവിവരങ്ങൾ സത്യസന്ധമായി നൽകുന്നത് പ്രധാനമാണ്.






