ലോക്ക് ഡൗൺ: ബ്രാഞ്ചുകളിൽ ഭൂരിഭാഗവും അടച്ചുപൂട്ടാൻ ബാങ്കുകളുടെ നീക്കം

By Web TeamFirst Published Mar 26, 2020, 3:55 PM IST
Highlights

രാജ്യമാകെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ നിന്ന് ബാങ്കുകളെ ഒഴിവാക്കിയിരുന്നു. 

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകളുടെ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാൻ ആലോചിക്കുന്നു. റിസർവ് ബാങ്കും പ്രധാന ബാങ്കുകളുമാണ് ഇക്കാര്യം ആലോചിക്കുന്നത്. പതിനായിരക്കണക്കിന് വരുന്ന ബാങ്ക് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

രാജ്യമാകെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ നിന്ന് ബാങ്കുകളെ ഒഴിവാക്കിയിരുന്നു. അവശ്യ സർവീസായി പരിഗണിച്ചായിരുന്നു ഈ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാന നഗരങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിൽ ഒരു ബ്രാഞ്ച് മാത്രം തുറക്കാനും മറ്റുള്ളവ അടക്കാനുമാണ് ആലോചിക്കുന്നത്.

ഗ്രാമ മേഖലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബാങ്കുകൾ തുറക്കാനും ജീവനക്കാർക്ക് പരമാവധി അവധി നൽകാനുമാണ് നീക്കം. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനും ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാനും മാത്രമേ സാധിക്കൂ.

പണം പിൻവലിക്കുന്നതിന് ബാങ്കുകളിൽ ഉണ്ടാവാനിടയുള്ള തിരക്കിനെ കുറിച്ചാണ് ബാങ്കുകളുടെ പ്രധാന ആശങ്ക. പാവപ്പെട്ടവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ പണം നേരിട്ട് നിക്ഷേപിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ കൂടിയാലോചന.

click me!