വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും മികച്ച രാജ്യങ്ങള്‍ ഇവ; ശമ്പളത്തിലും വളര്‍ച്ചയിലും സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാമത്

Published : Apr 09, 2026, 11:02 AM IST
flight service

Synopsis

വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡെന്ന് 'ഹെന്‍ലി ഓപ്പര്‍ച്യൂണിറ്റി ഇന്‍ഡക്‌സ് 2026' റിപ്പോർട്ട്. ഉയർന്ന ശമ്പളം, കരിയർ വളർച്ച എന്നിവയുടെ അടിസ്ഥാനത്തിൽ സിംഗപ്പൂർ, ഓസ്‌ട്രേലിയ, അമേരിക്ക, ബ്രിട്ടൻ എന്നിവയും പട്ടികയിൽ മുന്നിലുണ്ട്. പഠനശേഷം ജോലി ചെയ്യാനുള്ള വിസയുടെ പ്രാധാന്യവും റിപ്പോർട്ട് എടുത്തുപറയുന്നു.

വിദേശത്ത് പോയി പഠിക്കാനും കരിയര്‍ കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വഴികാട്ടിയായി പുതിയ റിപ്പോര്‍ട്ട്. മികച്ച ശമ്പളം, കരിയര്‍ വളര്‍ച്ച, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവ മുന്‍നിര്‍ത്തി തയ്യാറാക്കിയ 'ഹെന്‍ലി ഓപ്പര്‍ച്യൂണിറ്റി ഇന്‍ഡക്‌സ് 2026' പ്രകാരം സ്വിറ്റ്‌സര്‍ലന്‍ഡാണ് ലോകത്ത് ഒന്നാമത്. പണ്ട് വിസ ലഭിക്കാനുള്ള എളുപ്പം നോക്കിയാണ് ആളുകള്‍ രാജ്യം തിരഞ്ഞെടുത്തിരുന്നതെങ്കില്‍, ഇന്ന് മികച്ച വരുമാനവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ഭദ്രതയുമാണ് ഉദ്യോഗാര്‍ഥികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍

ഉയര്‍ന്ന ശമ്പളം, മികച്ച സര്‍വ്വകലാശാലകള്‍, തൊഴിലവസരങ്ങള്‍ എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ 5 രാജ്യങ്ങള്‍ ഇവയാണ്:

സ്വിറ്റ്‌സര്‍ലന്‍ഡ്: 100-ല്‍ 86 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. ബാങ്കിങ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളിലെ മികച്ച അവസരങ്ങളാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രിയങ്കരമാക്കുന്നത്.

സിംഗപ്പൂര്‍: ഏഷ്യയിലെ നിക്ഷേപങ്ങളുടെയും വ്യാപാരത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ രണ്ടാം സ്ഥാനം.

ഓസ്ട്രേലിയ: മികച്ച സര്‍വ്വകലാശാലകളും ഉയര്‍ന്ന ജീവിതനിലവാരവും ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തെത്തിച്ചു.

അമേരിക്കയും ബ്രിട്ടനും: രണ്ട് രാജ്യങ്ങളും നാലാം സ്ഥാനം പങ്കിടുന്നു. ശമ്പളത്തിന്റെ കാര്യത്തില്‍ അമേരിക്കയാണ് ലോകത്ത് ഏറ്റവും മുന്നില്‍ (സ്‌കോര്‍: 100).

കാനഡ: അന്താരാഷ്ട്ര തൊഴിലാളികളെ സ്വീകരിക്കുന്നതിലെ മികവ് കാനഡയെ അഞ്ചാം സ്ഥാനത്തെത്തിച്ചു.

മറ്റു പ്രധാന രാജ്യങ്ങള്‍

പട്ടികയിലെ ആദ്യ 15 സ്ഥാനങ്ങളില്‍ ഇടംപിടിച്ച മറ്റു രാജ്യങ്ങള്‍ താഴെ പറയുന്നവയാണ്:

യുഎഇ (7-ാം സ്ഥാനം): ദുബായ്, അബുദാബി എന്നിവ സംരംഭകര്‍ക്കും ഉന്നത പ്രതിഭകള്‍ക്കും മികച്ച കേന്ദ്രമാണ്.

ഓസ്ട്രിയ (6), ന്യൂസിലന്‍ഡ് (8), ഹോങ്കോങ് & ഇറ്റലി (9), ലാത്വിയ & മാള്‍ട്ട (10), പോര്‍ച്ചുഗല്‍ (11), ഗ്രീസ് (12).

ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ മൊത്തം 'ഓപ്പര്‍ച്യൂണിറ്റി സ്‌കോര്‍' 39 മാത്രമാണ്. എന്നാല്‍ അമേരിക്കയുടേത് 79 ആണ്. ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടെങ്കിലും മികച്ച സര്‍വ്വകലാശാലകള്‍, വിദേശ നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവയില്‍ അമേരിക്ക ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പഠനം മാത്രം പോരാ, വിസയും പ്രധാനം

ഹാര്‍വാര്‍ഡിലോ ഓക്‌സ്‌ഫോര്‍ഡിലോ പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും പഠനശേഷം ആ രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനുമുള്ള അനുമതി കൂടി ലഭിച്ചാലേ വിദ്യാഭ്യാസത്തിനുള്ള നിക്ഷേപം ഫലം കാണൂ എന്നും വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, അമേരിക്കന്‍ നിക്ഷേപ വിസ വഴി ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുന്ന ഇന്ത്യന്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനശേഷം അവിടെത്തന്നെ ജോലി കണ്ടെത്താന്‍ എളുപ്പമാകുന്നു.

PREV
Read more Articles on
click me!

Recommended Stories

ശമ്പളം 2 ലക്ഷം, ഇഎംഐ 3.3 ലക്ഷം! നിങ്ങളും ഈ 'ഫിന്‍ടെക്' കടക്കെണിയിലാണോ?
ആരോഗ്യ ഇന്‍ഷുറന്‍സ്: പ്രീമിയം കൂടാതിരിക്കാന്‍ ഒരു പൊടിക്കൈ, മള്‍ട്ടി ഇയര്‍ പ്ലാനുകള്‍ കൊണ്ട് നേട്ടങ്ങള്‍ പലത്