വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കുകൾ കണ്ടുകെട്ടുന്ന സ്വത്തുക്കൾ സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഈ നിയമപ്രകാരം, പിടിച്ചെടുത്ത സ്വത്തുക്കൾ 7 വർഷത്തിനുള്ളിൽ പൊതുലേലത്തിലൂടെ വിൽക്കണമെന്നാണ്. കൂടാതെ വായ്പയെടുത്തയാൾക്ക് അത് തിരികെ വാങ്ങാൻ കഴിയില്ല. 2026 ഒക്ടോബർ 1 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
ബാങ്കിലെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഈടായി നൽകിയ വീടോ മറ്റോ ബാങ്കുകൾ കണ്ടുകെട്ടിയാൽ, ഇനി എന്തുചെയ്യണം എന്നത് ഇപ്പോഴും പലർക്കും കൃത്യമായി അറിയാത്ത ഒരു കാര്യമാണ്. എന്നാൽ ഇത് സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2026 ഒക്ടോബർ 1 മുതൽ ഈ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. വായ്പാ തിരിച്ചടവ് മുടങ്ങുന്നതിലൂടെ ബാങ്കുകൾക്ക് ലഭിക്കുന്ന ഇത്തരം നിഷ്ക്രിയ ആസ്തികളുടെ മൂല്യനിർണ്ണയം നടത്തുന്നതും അവ വിറ്റഴിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ പുതിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തിൽ വായ്പയെടുത്തവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം.
പിടിച്ചെടുത്ത സ്വത്തുക്കൾ
ബാങ്കുകൾ പിടിച്ചെടുത്ത സ്ഥാവര ആസ്തി (Immovable Assets) പരമാവധി 7 വർഷത്തിനുള്ളിൽ വിറ്റഴിക്കണമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ ആഭ്യന്തര നയങ്ങൾക്ക് വിധേയമായി, ഈ സ്വത്തുക്കൾ ദീർഘകാലം നിലനിർത്താതെ എത്രയും വേഗം വിൽക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
ലേലം ചെയ്യേണ്ടതെങ്ങനെ?
സ്വത്തുക്കൾ വിൽക്കുന്ന പ്രക്രിയയിൽ പൂർണമായ സുതാര്യത ഉറപ്പാക്കാൻ പൊതുലേലം (Public Auction) വഴിയായിരിക്കണം ബാങ്കുകൾ ഇവ വിറ്റഴിക്കേണ്ടത്. ബാങ്ക് ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ രഹസ്യമായോ അല്ലെങ്കിൽ പ്രത്യേക താല്പര്യങ്ങളുടെ അടിസ്ഥാനത്തിലോ വിൽക്കുന്നത് തടയാനും, കൃത്യമായ വിപണി മൂല്യം ലഭ്യമാക്കാനും ഇത് സഹായിക്കും.
സ്വത്ത് തിരികെ വാങ്ങാനാകില്ല
പുതിയ ചട്ടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയാണിത്. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ വ്യക്തിക്കോ അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ട കക്ഷികൾക്കോ (Related Parties) പിടിച്ചെടുത്ത ഈ സ്വത്ത് ബാങ്കുകൾക്ക് വീണ്ടും വിൽക്കാൻ സാധിക്കില്ല. വായ്പയെടുത്തവർക്ക് തന്നെ സ്വത്ത് വീണ്ടും വാങ്ങാൻ അവസരം നൽകുന്നത് നിയമ വിധേയമല്ലെന്നും അതുകൊണ്ട് ഇത് അനുവദിക്കില്ലെന്നും ആർബിഐ വ്യക്തമാക്കി.
കർശനമായ മൂല്യനിർണയ മാനദണ്ഡങ്ങൾ
കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം നിശ്ചയിക്കുന്നതിനും ആർബിഐ കൃത്യമായ മാനദണ്ഡം കൊണ്ടുവന്നിട്ടുണ്ട്. വായ്പ തീർപ്പാക്കാനുള്ള തുകയുടെ നെറ്റ് ബുക്ക് വാല്യൂ (Net Book Value), ബാങ്കിന് പുറത്തുള്ള രണ്ട് എക്സ്റ്റേണൽ വാല്യൂവേഴ്സ് നിശ്ചയിക്കുന്ന ഡിസ്ട്രസ് സെയിൽ വാല്യൂ (Distress Sale Value) ഇവയിൽ ഏതാണോ കുറഞ്ഞ തുക, അതിലായിരിക്കണം സ്വത്തിന്റെ മൂല്യം രേഖപ്പെടുത്തേണ്ടത്. ബാങ്കുകൾ തങ്ങളുടെ ആസ്തികളുടെ മൂല്യം അമിതമായി കാണിക്കുന്നത് തടയാനാണ് ഈ നടപടി.
നിയമങ്ങൾ ബാധകമാകുന്ന സാഹചര്യങ്ങൾ
സാധാരണ ബാങ്കിംഗ് ബിസിനസിന്റെ ഭാഗമായി ധനകാര്യേതര ആസ്തികൾ കൈവശം വെക്കാൻ ബാങ്കുകൾക്ക് അനുവാദമില്ല. വായ്പകൾ പൂർണ്ണമായും നിഷ്ക്രിയ ആസ്തി (NPA) ആയി മാറുകയും, നിയമപരമായ നടപടികളിലൂടെ ബാങ്ക് ആ സ്വത്തിന്റെ പൂർണ ഉടമസ്ഥാവകാശം നേടുകയും ചെയ്യുന്ന അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് ഈ നിയമം ബാധകമാകുന്നത്. അതുകൊണ്ട് തന്നെ, ഉടമസ്ഥാവകാശം ബാങ്കിലേക്ക് മാറുന്നതിന് മുൻപ് തന്നെയുള്ള സർഫാസി (SARFAESI) നിയമപ്രകാരമുള്ള വായ്പക്കാരുടെ അവകാശങ്ങളെയോ നിയമപരമായ പരിഹാരങ്ങളെയോ ഈ പുതിയ ചട്ടങ്ങൾ ബാധിക്കില്ല.
എന്തുകൊണ്ടാണ് ആർബിഐ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്?
ബാങ്കുകൾ നിഷ്ക്രിയ ആസ്തികൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരുന്നതിനാണ് ആർബിഐ ഈ ചട്ടങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. ഇത്തരം സ്വത്തുക്കൾ ബാങ്കുകളുടെ പക്കൽ ദീർഘകാലം കെട്ടിക്കിടക്കാതെ, സുതാര്യമായ രീതിയിൽ വിറ്റഴിക്കാൻ ഈ ഏകീകൃത നിയമം സഹായിക്കുമെന്ന് ആർബിഐ വിലയിരുത്തുന്നു. ഈ നിർദ്ദേശങ്ങൾ 2026 ഒക്ടോബർ 1 മുതൽ രാജ്യത്ത് നിലവിൽ വരും.


