പോക്കറ്റിലേക്ക് കൂടുതല്‍ പണം എത്തിക്കാനുളള പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായേക്കും; പുതിയ നികുതി ഘടന പരിഗണനയില്‍

By Web TeamFirst Published Dec 18, 2019, 2:33 PM IST
Highlights

നിലവില്‍ ഒന്നാം സ്ലാബില്‍ ഉള്‍പ്പെടുന്ന രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉളളവര്‍ക്ക് ആദായ നികുതി അടയ്ക്കേണ്ട. 

ദില്ലി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ വന്‍ ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ആദായ നികുതി കുറയ്ക്കുന്നതിനോടൊപ്പം മൂലധനാദായ നികുതിയില്‍ കുറവ് വരുത്താനും നിര്‍ദ്ദേശങ്ങളുണ്ട്. വ്യക്ത‍ികളുടെ കൈവശം കൂടുതല്‍ പണം എത്തിക്കുക ലക്ഷ്യമിട്ടുളള നടപടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അംഗം അഖിലേഷ് രജ്ഞന്‍ അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. 

നികുതി കുറയ്ക്കുന്നതിലൂടെ വ്യക്തികളുടെ കൈവശം കൂടുതല്‍ പണം എത്തുമെന്നും അതിലൂടെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ. നിലവില്‍ 20 ശതമാനം ആദായ നികുതി നല്‍കുന്ന അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ വാര്‍ഷിക വരുമാനം ഉളളവര്‍ക്ക് നികുതി 10 ശതമാനത്തിലേക്ക് കുറയ്ക്കാനും. 10 മുതല്‍ 20 ലക്ഷം വരെ വാര്‍ഷിക വരുമാനം ഉളളവര്‍ക്ക് ആദായ നികുതി 20 ശതമാനത്തിലേക്ക് താഴ്ത്താനുമാണ് ശുപാര്‍ശ. നിലവില്‍ ഈ സ്ലാബിലുളളവര്‍ക്ക് 30 ശതമാനം ആദായ നികുതി അടയ്ക്കണം. 20 ലക്ഷത്തിനും രണ്ട് കോടിക്കും ഇടയില്‍ വരുമാനം ഉളളവര്‍ക്ക് നികുതി 35 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം കുറച്ച് 30 ശതമാനമാക്കണമെന്നുമാണ് ശുപാര്‍ശ. രണ്ട് കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉളളവര്‍ക്ക് 35 ശതമാനമായി നിജപ്പെടുത്തണമെന്നും അഖിലേഷ് രജ്ഞന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു.

നിലവില്‍ ഒന്നാം സ്ലാബില്‍ ഉള്‍പ്പെടുന്ന രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉളളവര്‍ക്ക് ആദായ നികുതി അടയ്ക്കേണ്ട. നിലവിലെ നിയമം അനുസരിച്ച് രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുളള പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ അഞ്ച് ശതമാനം നികുതി അടയ്ക്കണം. എന്നാല്‍, പുതിയ  നിര്‍ദ്ദേശപ്രകാരം രണ്ടാം സ്ലാബില്‍ ഉള്‍പ്പെടുന്ന രണ്ടര ലക്ഷത്തിന് മുകളില്‍ വരുമാനം ഉളള എല്ലാവരും 10 ശതമാനം നികുതി സര്‍ക്കാരിന് നല്‍കേണ്ടി വരും. 

എങ്കിലും ആദായ നികുതി ചട്ടങ്ങളിലെ ഇളവുകള്‍ മുഖാന്തരം അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനം ഉളളവര്‍ക്ക് നികുതി ഇളവുകളുടെ പരിധിയില്‍ ഉള്‍പ്പെടാം. വിവിധ നികുതി ഇളവുകള്‍ നേടുമ്പോള്‍ അഞ്ച് ലക്ഷം രൂപ വരെയുളളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ലെന്ന് സാരം. വിവിധ ഫീസുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ഭവന വായ്പ, നികുതി ഇളവുകളുടെ പരിധിയില്‍ വരുന്ന സംഭാവനകള്‍ എന്നിവയിലൂടെ അഞ്ച് ലക്ഷം വരെയുളളവര്‍ക്ക് നികുതി അടയ്ക്കതെ പോക്കറ്റിന് ലാഭമുണ്ടാക്കാം. 
 

click me!