അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് ഗോൾഡ് ലോൺ ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ, ദീർഘകാല ആവശ്യങ്ങൾക്കോ വിനോദയാത്രകൾ പോലുള്ള കാര്യങ്ങൾക്കോ ഇത് ഉപയോഗിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചേക്കാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. 

അടിയന്തരമായി പണം വേണമെന്ന സാഹചര്യം വരുമ്പോൾ പലരും ഒന്നും ആലോചിക്കാതെ ആദ്യം തെരഞ്ഞെടുക്കുന്ന ഓപ്ഷനുകളിൽ ഒന്നാണ് ​ഗോൾഡ് ലോൺ. മെഡിക്കൽ എമ‍‌‌ർജൻസി, ബിസിനസ് കാഷ് ഫ്ലോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അല്ലെങ്കിൽ താൽക്കാലിക സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങളിലാണ് കൂടുതൽ ​ഗോൾഡ് ലോണുകൾ എടുക്കാറുള്ളത്. അധികം നൂലാമാലകളൊന്നുമില്ലാതെ, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കിട്ടുമെന്നതു കൊണ്ടു തന്നെ കയ്യിൽ സ്വ‍ർണമുണ്ടെങ്കിൽ ​ഗോൾഡ് ലോൺ പരമാവധി പ്രയോജനപ്പെടുത്തുന്നു. കയ്യിൽ സ്വ‌‍ർണമുണ്ടെന്ന് കരുതി പുതിയ പല പദ്ധതികൾ പ്ലാൻ ചെയ്യുന്നവരുമുണ്ട്. എന്നാൽ, ​ഓടിപ്പോയി എടുക്കേണ്ട ഒന്നല്ല ​ഗോൾഡ് ലോൺ. ​ഗോൾഡ് ലോണെടുക്കുന്നതിന് മുൻപ് കൃത്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നോക്കാം.

ചെറിയകാല വായ്പയ്ക്ക് മാത്രം

ഗോൾഡ് ലോൺ ഏറ്റവും നല്ലത് ചെറുകാല ആവശ്യങ്ങൾക്കാണ്. 3 മാസം മുതൽ 1 വ‌‍‌ർഷം വരെ പരമാവധി സമയമാണ് ഇതിന് അനുയോജ്യം. വായ്പയെടുത്താൽ തിരിച്ചടവിന് 5 വ‌ർഷമൊക്കെ വേണമെന്നുള്ളപ്പോൾ ​ഗോൾഡ് ലോൺ തെരഞ്ഞെടുക്കുന്നത് അനുയോജ്യമല്ല. ആദ്യം നോക്കുമ്പോൾ പലിശ നിരക്ക് മറ്റുള്ളവയെ അപേക്ഷിച്ച് നിസാരമാണെന്ന് തോന്നിയാലും, കാലാവധി നീണ്ടാൽ ആകെ ചെലവും ഗണ്യമായി കൂടും. ഗോൾഡ് ലോൺ ഒരു പേഴ്സണൽ ലോൺ പോലെ ഉപയോഗിക്കുന്ന പലരുമുണ്ട്. എന്നാൽ കാലാവധി നീട്ടിക്കൊണ്ടു പോയി ​ഗോൾഡ് ലോൺ അടച്ചു തീ‌ർക്കുന്നത് ക്രെഡിറ്റ് പ്രൊഫൈലിനെ വരെ ബാധിക്കും. എടുക്കുന്നതിനു മുൻപ് വ്യക്തമായ പ്ലാനിങ്ങ് ഉണ്ടെങ്കിൽ മാത്രം ഗോൾഡ് ലോൺ “ബ്രിഡ്ജ് ഫിനാൻസ്” ആയി ഉപയോഗിക്കാം.

ക്രെഡിറ്റ് പ്രൊഫൈൽ ദുർബലമായപ്പോൾ

ക്രെഡിറ്റ് സ്കോർ കുറഞ്ഞതോ, കൃത്യമായ വരുമാനം കാണിക്കാനില്ലാത്തതോ ആയ ആളുകൾക്ക് ബാങ്കുകൾ പേഴ്സണൽ ലോൺ നൽകാതിരിക്കാനോ അതുമല്ലെങ്കിൽ ഉയ‍‌ർന്ന പലിശ നിരക്ക് ഈടാക്കുന്നതോ ആയ സാഹചര്യമുണ്ട്. എന്നാൽ ​ഗോൾഡ് ലോണിന് ഈടായി സ്വ‌‌ർണം നൽകുന്നു എന്നത് കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളൊന്നും ഇതിനെ ബാധിക്കില്ല. ചെറിയ കാലത്തേക്ക് എടുത്താൽ ചെലവുകുറഞ്ഞതും എളുപ്പവുമുള്ള ഒന്നാണ് ​ഗോൾഡ് ലോൺ.

സ്വർണം വിറ്റഴിക്കാതെ പണം നേടാൻ

ഗോൾഡ് ലോൺ എടുക്കുന്നതിന് പകരം ചിലർ സ്വർണം നേരിട്ട് വിറ്റഴിക്കാറുണ്ട്. എന്നാൽ പാരമ്പര്യമായി കിട്ടിയതോ, കുടുംബ ഓർമ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നതോ ആയ സ്വർണം വിറ്റഴിക്കൽ പലർക്കും മാനസികമായി ബുദ്ധിമുട്ടാണ്. മാത്രമല്ല, സ്വ‍‌ർണത്തിന് വിലയിങ്ങനെ കത്തിക്കയറുന്ന കാലത്ത് അത് ഇപ്പോൾ വിൽക്കുന്നതും മണ്ടത്തരമാകുമോയെന്ന് ചില‍‌ർ കരുതുന്നു. ഈ സാഹചര്യങ്ങളിലെല്ലാം ഗോൾഡ് ലോൺ വഴി സ്വത്ത് സ്ഥിരമായി നഷ്ടപ്പെടാതെ തന്നെ ആവശ്യമുള്ള പണവും നേടാം. എന്നാൽ തിരിച്ചടവ് ഉറപ്പില്ലെങ്കിൽ ഈ “ആശ്വാസം” താൽക്കാലികമാകും. തിരിച്ചടക്കാനാകാത്ത പക്ഷം സ്വർണം നഷ്ടപ്പെടുമെന്നും ഓ‍‌‌‌ർ‍ക്കുക.

ചെറുകിട ബിസിനസുകൾക്ക് താൽക്കാലിക സഹായം

ചെറുകിട വ്യാപാരികൾക്കും, ഫ്രീലാൻസർമാർക്കും, കുടുംബ ബിസിനസുകൾക്കും ഗോൾഡ് ലോൺ വർക്കിംഗ് ക്യാപിറ്റൽ ആയി ഉപയോഗിക്കാം. സീസണൽ സ്റ്റോക്ക് വാങ്ങൽ, കുടിശ്ശിക ലഭ്യതയിൽ താമസം വരുമ്പോൾ, താൽക്കാലിക പണമിടപാട് പ്രശ്നങ്ങൾ എന്നിവയ്ക്കു ഇത് സഹായകരമാകും. എന്നാൽ സ്ഥിരനഷ്ടം അനുഭവിക്കുന്ന ബിസിനസുകൾക്ക് ഇത് പരിഹാരമല്ല. നഷ്ടം മറി കടക്കാൻ ഗോൾഡ് ലോൺ ഉപയോഗിക്കുന്നതും അപകടകരമാണ്.

ഇനി ഒരിക്കലും ​ഗോൾഡ് ലോണൺ എടുക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ നോക്കാം..

വിനോദ യാത്ര, ഗാഡ്ജറ്റുകൾ വാങ്ങാൻ, ജീവിതച്ചെലവുകൾ നിറവേറ്റാൻ തുടങ്ങി അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് ഗോൾഡ് ലോൺ എടുക്കുന്നത് അപകടകരമായ തീരുമാനമാണ്. ചെറിയ ചെറിയ കാര്യങ്ങൾക്ക് ​ഗോൾഡ് ലോണെടുത്ത് ശീലിച്ചാലും അത് ഭാവിയിൽ വലിയ ബാധ്യതയാകും.

പലിശ നിരക്കിൽ “ആകർഷണം”- വഞ്ചിതരാകരുത്

“Starting from” എന്ന രീതിയിൽ പരസ്യം ചെയ്യുന്ന പലിശ നിരക്കുകൾ പലപ്പോഴും നമ്മളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും. യഥാർത്ഥ ചെലവ് കാലാവധി, തിരിച്ചടവ് രീതി, പലിശ അടക്കുന്ന രീതി തുടങ്ങിയ ഘടകങ്ങളെയെല്ലാം ആശ്രയിച്ചിരിക്കും. ആകെ അടയ്ക്കേണ്ട തുക കണക്കാക്കാതെ ഇത്തരം പരസ്യവാചകങ്ങൾ മാത്രം നോക്കി തീരുമാനമെടുക്കരുത്.

അടിയന്തര ആവശ്യങ്ങൾ, ചെറിയ കാലാവധി, വ്യക്തമായ തിരിച്ചടക്കാനുള്ള പ്ലാൻ – ഈ മൂന്ന് ഘടകങ്ങളും ഉണ്ടെങ്കിൽ ഗോൾഡ് ലോൺ ഒരു പ്രായോഗിക സാമ്പത്തിക സഹായമാണ്. എന്നാൽ അത് അത്തരം സാഹചര്യങ്ങളിൽ മാത്രം ഉപയോ​ഗിക്കുന്ന പരിഹാരമാകണം. ഇതൊരു ശീലമാകാതിരിക്കാൻ ശ്ര​ദ്ധിക്കണം. ശ്രദ്ധയോടെ ഉപയോഗിച്ചാൽ ​ഗോൾഡ് ലോണും സഹായകരമാണ്. അല്ലെങ്കിൽ സാമ്പത്തിക ബാധ്യത കൂടാതെ സമാധാനം വരെ പോകുമെന്ന‌‍‌ർത്ഥം.