ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചോ? ഈ ഒരു നികുതി നിയമം അറിയില്ലെങ്കിൽ പണി കിട്ടും

Published : Jul 10, 2026, 06:05 PM IST
Indian Currency

Synopsis

ജീവിതപങ്കാളിക്ക് സമ്മാനമായി നൽകുന്ന പണം നിക്ഷേപിച്ച് വരുമാനം ഉണ്ടായാൽ, ആദായനികുതി നിയമത്തിലെ 'ക്ലബ്ബിംഗ് ഓഫ് ഇൻകം' വ്യവസ്ഥ പ്രകാരം പണം നൽകിയയാൾ നികുതി നൽകേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ പേരിലേക്ക് വരുമാനം മാറ്റി നികുതി ഒഴിവാക്കുന്നത് തടയാനാണ് ഈ നിയമം. എന്നാൽ, മാതാപിതാക്കൾക്ക് പണം നൽകുന്നത് പോലെയുള്ള ചില സാഹചര്യങ്ങളിൽ ഈ വ്യവസ്ഥ ബാധകമാകില്ല.

ഭാര്യയ്‌ക്കോ ഭർത്താവിനോ സമ്പാദ്യമെന്നോ നിക്ഷേപത്തിനായോ പണം സമ്മാനമായി നൽകുന്നത് പല കുടുംബങ്ങളിലും സാധാരണമാണ്. എന്നാൽ ഇങ്ങനെ കൈമാറുന്ന തുക ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്‍ഡി), മ്യൂച്വൽ ഫണ്ട്, ഓഹരി, സ്വർണം തുടങ്ങിയ നിക്ഷേപങ്ങളിലേക്ക് മാറ്റുകയും അതിൽ നിന്ന് വരുമാനം ലഭിക്കുകയും ചെയ്താൽ ആ വരുമാനത്തിന് നികുതി നൽകേണ്ടത് പണം നൽകിയ വ്യക്തിയായിരിക്കാമെന്ന കാര്യം പലർക്കും അറിയില്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 64 പ്രകാരമുള്ള 'ക്ലബ്ബിംഗ് ഓഫ് ഇൻകം' വ്യവസ്ഥയാണ് ഇതിന് കാരണം. കുടുംബാംഗങ്ങളുടെ പേരിലേക്ക് വരുമാനമോ സ്വത്തോ മാറ്റി നികുതി ഒഴിവാക്കുന്നത് തടയുക എന്നതാണ് ഈ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം.

എപ്പോഴാണ് ഈ നിയമം ബാധകമാകുന്നത്?

നിങ്ങൾ ജീവിതപങ്കാളിക്ക് പണം കൈമാറുകയും ആ തുക ഉപയോഗിച്ച് എഫ്‍ഡി, മ്യൂച്വൽ ഫണ്ട്, ഓഹരി, സ്വർണം അല്ലെങ്കിൽ മറ്റ് ആസ്‍തികളിൽ നിക്ഷേപം നടത്തുകയും ചെയ്താൽ അതിൽ നിന്നുള്ള പലിശ, ലാഭവിഹിതം, മൂലധന നേട്ടം തുടങ്ങിയ വരുമാനം നിങ്ങളുടെ നികുതി വരുമാനത്തിൽ ചേർക്കപ്പെടാം. അതുപോലെ, നിങ്ങൾക്ക് ഗണ്യമായ ഓഹരി പങ്കാളിത്തമോ നിയന്ത്രണമോ ഉള്ള സ്ഥാപനത്തിൽ നിന്ന് നിങ്ങളുടെ ജീവിത പങ്കാളിക്ക് ശമ്പളമോ കമ്മീഷനോ മറ്റ് പ്രതിഫലമോ ലഭിക്കുന്ന സാഹചര്യത്തിലും ചില നിബന്ധനകൾക്ക് വിധേയമായി ഈ വ്യവസ്ഥ ബാധകമാകും. സാധാരണയായി ക്ലബ്ബിംഗ് നടക്കുന്നത് ഇരുവരിൽ കൂടുതൽ വരുമാനമുള്ള വ്യക്തിയുടെ വരുമാനത്തോടൊപ്പമായിരിക്കും.

പ്രത്യേക സാഹചര്യം

ജീവിതപങ്കാളിക്ക് ആവശ്യമായ പ്രൊഫഷണൽ അല്ലെങ്കിൽ സാങ്കേതിക യോഗ്യതയുണ്ടാകുകയും സ്വന്തം അറിവും കഴിവും അനുഭവപരിചയവും ഉപയോഗിച്ചാണ് വരുമാനം നേടുന്നതെങ്കിൽ ക്ലബ്ബിംഗ് ഓഫ് ഇൻകം വ്യവസ്ഥ ബാധകമാകില്ല.

നിയമപരമായി നികുതി ആസൂത്രണം ചെയ്യാൻ വഴികൾ

ചില സാഹചര്യങ്ങളിൽ ക്ലബ്ബിംഗ് വ്യവസ്ഥ ബാധകമല്ല. മാതാപിതാക്കൾക്ക് പണം സമ്മാനമായി നൽകി അവർ അത് നിക്ഷേപിച്ചാൽ അതിൽ നിന്നുള്ള വരുമാനത്തിന് സാധാരണയായി നികുതി നൽകേണ്ടത് മാതാപിതാക്കളായിരിക്കും.

വിവാഹസമ്മാനമായി ലഭിക്കുന്ന പണമോ ആസ്തികളോ സ്വീകരിക്കുന്ന വ്യക്തിക്ക് നികുതി ബാധകമല്ല. എന്നാൽ പിന്നീട് ആ തുക നിക്ഷേപിച്ച് ലഭിക്കുന്ന വരുമാനത്തിന് നിലവിലെ നികുതി ചട്ടങ്ങൾ അനുസരിച്ചായിരിക്കും നികുതി കണക്കാക്കുക. ജീവിതപങ്കാളിയുടെയോ പ്രായപൂർത്തിയാകാത്ത മക്കളുടെയോ പേരിലുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശ നിലവിലെ നിയമപ്രകാരം നികുതി ഒഴിവുള്ളതായിരിക്കും. നിശ്ചിത നിക്ഷേപ പരിധിക്ക് വിധേയമായാണ് ഈ ആനുകൂല്യം ലഭിക്കുക.

കുടുംബാംഗങ്ങളുടെ പേരിൽ സ്വത്തോ പണമോ മാറ്റി നികുതി ഒഴിവാക്കുന്നത് തടയാനാണ് ക്ലബ്ബിംഗ് ഓഫ് ഇൻകം വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്. അതിനാൽ ജീവിതപങ്കാളിക്ക് പണം സമ്മാനമായി നൽകുന്നതിന് മുമ്പ് ഈ നികുതി വ്യവസ്ഥകൾ മനസിലാക്കുന്നത് ഭാവിയിലെ സാമ്പത്തിക ആസൂത്രണത്തിന് സഹായകരമാകും.

PREV
Read more Articles on
click me!

Recommended Stories

ഈ അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക! 500 രൂപയുടെ കാര്യമേയുള്ളൂ; ഒരു കാര്യം മറന്നാൽ അക്കൗണ്ട് ബ്ലോക്കാകും
പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതൽ എളുപ്പം; പക്ഷേ ഈ പുതിയ ഈ നിബന്ധനകൾ അറിഞ്ഞിരിക്കാം