ഈ 5 കാര്യങ്ങള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സേവനം ലഭിക്കില്ല; പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കുമ്പോൾ ശ്രദ്ധിക്കാൻ

Published : May 25, 2026, 01:25 PM IST
pf withdrawal

Synopsis

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് യുപിഐ വഴി നേരിട്ട് പണം പിന്‍വലിക്കാനുള്ള സൗകര്യം കേന്ദ്ര സർക്കാർ ഉടൻ ലഭ്യമാക്കും. ഈ സംവിധാനം വഴി 5 ലക്ഷം രൂപ വരെ വേഗത്തിൽ പിൻവലിക്കാൻ സാധിക്കും. ഈ സേവനം സുഗമമായി ഉപയോഗിക്കുന്നതിന്, നിങ്ങളുടെ യുഎഎൻ, കെവൈസി, ബാങ്ക് അക്കൗണ്ട്, നോമിനേഷൻ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് യുപിഐ വഴി നേരിട്ട് പണം പിന്‍വലിക്കാനുള്ള സൗകര്യം ഉടനെ ലഭ്യമാക്കാനുള്ള നടപടികളുമായി കേന്ദ്രം. ഇപിഎഫ്ഒയുടെ പുതിയ പതിപ്പായ 3.0 വരുന്നതോടെയാണ് യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകുക. 5 ലക്ഷം രൂപ വരെയുള്ള തുക വേഗത്തില്‍ പിന്‍വലിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനായുള്ള പരിശോധനകള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതിയ സംവിധാനം വരുന്നതോടെ യുപിഐ പിന്‍ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം മാറ്റാനാകും.

പണം എളുപ്പത്തില്‍ കിട്ടണമെങ്കില്‍ പിഎഫ് രേഖകള്‍ കൃത്യമായിരിക്കണം. പലപ്പോഴും പിഎഫ് തുക ലഭിക്കാന്‍ വൈകുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ കൊണ്ടല്ല, മറിച്ച് പേര്, ആധാര്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, ജോലിയില്‍ നിന്ന് പിരിഞ്ഞ തീയതി തുടങ്ങിയവയിലെ തെറ്റുകള്‍ കാരണമാണ്. യുപിഐ സംവിധാനം വരുന്നതിന് മുന്‍പ് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമാക്കേണ്ടത് അത്യാവശ്യമാണ്. അവസാന നിമിഷത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. യുഎഎന്‍ ആക്റ്റീവ് ആണോയെന്ന് പരിശോധിക്കുക

പിഎഫ് അക്കൗണ്ടിലെ പുതിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നിങ്ങളുടെ യുഎഎന്‍ ആക്റ്റീവ് ആണെന്ന് ഉറപ്പുവരുത്തുക. യുഎഎന്‍ ആക്റ്റീവ് അല്ലെങ്കില്‍ ഇപിഎഫ്ഒ സേവനങ്ങളോ കെവൈസി വെരിഫിക്കേഷനോ നടക്കില്ല. ഇപിഎഫ്ഒ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പാസ്വേഡ്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ശരിയാണോ എന്ന് പരിശോധിക്കണം. മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കിലോ പാസ്വേഡ് മറന്നുപോയെങ്കിലോ അടിയന്തരമായി അത് തിരുത്തുക.

2. പേര്, ആധാര്‍, പാന്‍ വിവരങ്ങള്‍ കൃത്യമാക്കുക

യുഎഎന്‍ നമ്പറുമായി ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം. പിഎഫ് രേഖകളിലെയും ആധാറിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒന്നായിരിക്കണം. വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ യുപിഐ വഴിയുള്ള പണമിടപാട് പരാജയപ്പെടും. പിഎഫ് അക്കൗണ്ടില്‍ പാന്‍ കാര്‍ഡ് വെരിഫൈ ചെയ്തിരിക്കണം എന്നതും പ്രധാനമാണ്. പാന്‍ കാര്‍ഡ് നല്‍കിയില്ലെങ്കില്‍ ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കാന്‍ സാധ്യതയുണ്ട്.

3. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശ്രദ്ധയോടെ നല്‍കുക

യുപിഐ വഴി നേരിട്ട് പണം ബാങ്കിലേക്ക് വരുന്നതിനാല്‍, ഇപിഎഫ്ഒ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവ കൃത്യമായിരിക്കണം. ഉപയോഗിക്കാത്തതോ ക്ലോസ് ചെയ്തതോ ആയ അക്കൗണ്ടുകള്‍, പേരില്‍ വ്യത്യാസമുള്ള ജോയിന്റ് അക്കൗണ്ടുകള്‍ എന്നിവ നല്‍കിയാല്‍ പണം ലഭിക്കാന്‍ തടസ്സമുണ്ടാകും. സജീവമായ സാലറി അക്കൗണ്ടുകള്‍ തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക. കൂടാതെ, നിങ്ങളുടെ യുപിഐ ഐഡി ഈ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.

4. മൊബൈല്‍ നമ്പറും യുപിഐ ഐഡിയും സജ്ജമാക്കുക

യുപിഐ ഇടപാടുകള്‍ക്ക് ഒടിപി വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. അതിനാല്‍ ആധാറുമായും പിഎഫ് അക്കൗണ്ടുമായും ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ എപ്പോഴും സജീവമായിരിക്കണം. ഈ നമ്പറും യുപിഐയുമായി ബന്ധിപ്പിച്ച നമ്പറും ഒന്നായിരിക്കുന്നത് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

5. സര്‍വീസ് ഹിസ്റ്ററിയും നോമിനേഷനും പുതുക്കുക

ജോലി സംബന്ധമായ വിവരങ്ങളും ഇ-നോമിനേഷനും അപ്‌ഡേറ്റ് ചെയ്യുക. പഴയ ജോലിയില്‍ നിന്ന് പിരിഞ്ഞ തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. പഴയ പിഎഫ് അക്കൗണ്ടുകള്‍ പുതിയ യുഎഎന്‍ നമ്പറുമായി മെര്‍ജ് ചെയ്യണം. വിവാഹം കഴിഞ്ഞവരോ കുടുംബാംഗങ്ങളുടെ വിവരങ്ങളില്‍ മാറ്റം വന്നവരോ ആണെങ്കില്‍ നോമിനേഷന്‍ ഉടന്‍ പുതുക്കേണ്ടതാണ്. നോമിനേഷന്‍ അപൂര്‍ണ്ണമാണെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ പണം പിന്‍വലിക്കുന്നത് ബുദ്ധിമുട്ടാകും.

യുപിഐ വഴിയുള്ള പിഎഫ് പിന്‍വലിക്കല്‍ വളരെ വേഗത്തിലുള്ളൊരു സേവനമാണ്. എന്നാല്‍, രേഖകള്‍ കൃത്യമാണെങ്കില്‍ മാത്രമേ സാങ്കേതികവിദ്യയുടെ ഗുണം വേഗത്തില്‍ ലഭിക്കൂ. അക്കൗണ്ട് വിവരങ്ങളില്‍ ചെറിയൊരു തെറ്റ് ഉണ്ടായാല്‍ പോലും പണം ലഭിക്കാന്‍ കാലതാമസം നേരിടാം. അതുകൊണ്ട്, പണം അത്യാവശ്യമായി വരുന്നതിന് മുന്‍പ് തന്നെ കെവൈസി വിവരങ്ങളും മറ്റ് രേഖകളും അപ്‌ഡേറ്റ് ചെയ്ത് വെക്കുന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. പൂര്‍ണ്ണമായും വെരിഫൈ ചെയ്ത അക്കൗണ്ടുകളിലൂടെയായിരിക്കും ഏറ്റവും വേഗത്തില്‍ യുപിഐ പണമിടപാടുകള്‍ നടക്കുക. അതിനാല്‍ പഴയ രേഖകളോ തെറ്റായ വിവരങ്ങളോ ഉണ്ടെങ്കില്‍ ഉടനെ തിരുത്തുക.

PREV
Read more Articles on
click me!

Recommended Stories

പെട്രോൾ പമ്പിൽ മാത്രം തീരില്ല ഈ വിലക്കയറ്റം; രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് നമ്മളെയെങ്ങനെയൊക്കെ ബാധിക്കും?
വിവാഹിതയായ ഹിന്ദു സ്ത്രീ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്ത് ആർക്ക്? മാതാപിതാക്കൾക്ക് ലഭിക്കില്ലെന്ന് നിയമം; അറിയേണ്ട കാര്യങ്ങൾ