വിവാഹിതയായ ഹിന്ദു സ്ത്രീ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്ത് ആർക്ക്? മാതാപിതാക്കൾക്ക് ലഭിക്കില്ലെന്ന് നിയമം; അറിയേണ്ട കാര്യങ്ങൾ

Published : May 24, 2026, 02:51 PM IST
woman earnings

Synopsis

വിവാഹിതയായ ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം അവരുടെ സ്വത്തിന്റെ വിഭജനം അത് സമ്പാദിച്ച ഉറവിടത്തെ ആശ്രയിച്ചിരിക്കും. സ്വന്തമായി സമ്പാദിച്ച സ്വത്ത് ഭർത്താവിനും മക്കൾക്കുമാണ് പ്രധാനമായും ലഭിക്കുക. 

ജോലിയിലൂടെയും ബിസിനസിലൂടെയും നിക്ഷേപങ്ങളിലൂടെയും സ്വന്തമായി സ്വത്ത് സമ്പാദിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നാൽ, ഈ സമ്പാദ്യം തങ്ങളുടെ കാലശേഷം ആർക്ക് ലഭിക്കണമെന്ന കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്താൻ പലരും ശ്രദ്ധിക്കാറില്ല. വിവാഹിതയായ ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രം (Will) എഴുതാതെ മരിച്ചാൽ അവളുടെ സ്വത്ത് സ്വന്തം ആ‍ർക്കാണ് ലഭിക്കുക? നോക്കാം.

1956-ലെ ഹിന്ദു പിന്തുട‍‌ർച്ചാവകാശ നിയമ പ്രകാരം അനുസരിച്ച്, ഒരു സ്ത്രീയുടെ സ്വത്ത് ആർക്ക് ലഭിക്കുമെന്നത് ആ സ്വത്തിന്റെ ഉറവിടത്തെ (Source of Property) ആശ്രയിച്ചാണിരിക്കുന്നത്. ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രം എഴുതാതെ മരിക്കുമ്പോൾ (Intestate Demise) സ്വത്ത് പ്രധാനമായും മൂന്ന് രീതിയിലാണ് തരംതിരിക്കപ്പെടുന്നത്:

1. സ്വന്തമായി സമ്പാദിച്ച സ്വത്ത് (Self-acquired Property):

നിയമത്തിലെ സെക്ഷൻ 15(1) അനുസരിച്ച്, സ്ത്രീ സ്വന്തമായി സമ്പാദിച്ച സ്വത്തിന്റെ ആദ്യ അവകാശികൾ ഭർത്താവും മക്കളുമാണ്. ഇവർ ആരും ജീവിച്ചിരിപ്പില്ലെങ്കിൽ, ഈ സ്വത്ത് ഭർത്താവിന്റെ നിയമപരമായ അവകാശികൾക്കാണ് (Heirs of the Husband) ലഭിക്കുക. ഭർത്താവിന്റെ ഭാഗത്തുള്ള അവകാശികൾ ആരും തന്നെയില്ലാത്ത പക്ഷം മാത്രമേ സ്വത്ത് സ്ത്രീയുടെ സ്വന്തം മാതാപിതാക്കൾക്ക് ലഭിക്കൂ.

2. സ്വന്തം മാതാപിതാക്കളിൽ നിന്ന് ലഭിച്ച സ്വത്ത്

സെക്ഷൻ 15(2)(a) അനുസരിച്ച്, ഒരു സ്ത്രീക്ക് അവളുടെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച സ്വത്താണെങ്കിൽ, അവൾക്ക് മക്കളില്ലാത്ത പക്ഷം ആ സ്വത്ത് അവളുടെ പിതാവിന്റെ അവകാശികളിലേക്ക് നേരിട്ട് തിരികെ പോകും. ഇവിടെ ഭർത്താവിന്റെ കുടുംബത്തിന് അവകാശമുണ്ടായിരിക്കില്ല.

3. ഭർത്താവിൽ നിന്നോ ഭർതൃപിതാവിൽ നിന്നോ ലഭിച്ച സ്വത്ത്

സെക്ഷൻ 15(2)(b) അനുസരിച്ച്, ഭർത്താവിൽ നിന്നോ ഭർതൃപിതാവിൽ നിന്നോ ലഭിച്ച സ്വത്താണെങ്കിൽ, മക്കളില്ലാത്ത പക്ഷം അത് ഭർത്താവിന്റെ അവകാശികൾക്ക് തന്നെ തിരികെ ലഭിക്കും.

എന്നാൽ, നിലവിലെ ഹിന്ദു പിന്തുട‍‌ർച്ചാവകാശ നിയമ പ്രകാരം പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ട് രീതിയിലാണ് നിയമം ബാധകമാകുന്നത്. ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ അയാളുടെ അമ്മയ്ക്ക് 'ക്ലാസ് 1' അവകാശി എന്ന നിലയിൽ ഭാര്യയോടും മക്കളോടും ഒപ്പം സ്വത്തിൽ തുല്യ അവകാശമുണ്ട്. എന്നാൽ ഒരു സ്ത്രീ മരിക്കുമ്പോൾ മാതാപിതാക്കൾക്ക് ഈ അവകാശമില്ല. ഇത് വിവേചനമാണെന്നും മാറണമെന്നുമുള്ള കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സ്ത്രീകൾക്ക് എന്തുകൊണ്ടാണ് വിൽപ്പത്രം നിർബന്ധമാകുന്നത്?

നിയമപരമായ ഇത്തരം സങ്കീർണ്ണതകൾ ഒഴിവാക്കാൻ സ്ത്രീകൾ ജീവിച്ചിരിക്കുമ്പോൾ തന്നെ കൃത്യമായ വിൽപ്പത്രം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വിവാഹമോചനം നേടിയവർ, വിധവകൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ, പ്രായമായ മാതാപിതാക്കളുള്ളവ‍ർ, തങ്ങളെ ആശ്രയിച്ചു കഴിയുന്നവർ എന്നിവർക്ക് വിൽപ്പത്രം ഏറെ പ്രധാനമാണ്.

വിൽപ്പത്രം ഇല്ലെങ്കിൽ കുടുംബം നേരിടേണ്ടി വരുന്ന പ്രധാന പ്രതിസന്ധികൾ

സ്ത്രീയുടെ സ്വന്തം കുടുംബവും ഭർത്താവിന്റെ കുടുംബവും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാകാം. കൂടാതെ, മകളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പ്രായമായ മാതാപിതാക്കൾക്ക് സ്വത്ത് ലഭിക്കാതെ വരികയും അവർ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്യാം. ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ്, ഓഹരി നിക്ഷേപങ്ങൾ എന്നിവ കൈമാറുന്നതിൽ വലിയ നിയമക്കുരുക്കുകളും കാലതാമസവും ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റിനായി കോടതികളെ സമീപിക്കേണ്ടി വരുന്നത് സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാകും. കഠിനാധ്വാനത്തിലൂടെ നേടിയ സമ്പാദ്യം തങ്ങൾ ആഗ്രഹിക്കുന്നവർക്ക് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നിയമപരമായ വിൽപ്പത്രം തയ്യാറാക്കുക മാത്രമാണ് ഇവിടെ ഏക വഴി.

PREV
Read more Articles on
click me!

Recommended Stories

കാർ ഉടമകളൊക്കെ നോക്കി വച്ചോളൂ! വണ്ടി മാറുമ്പോൾ ഇക്കാര്യം വിട്ടുപോകരുതേ, പുതിയ കാറിന്റെ ഇന്‍ഷുറന്‍സില്‍ 50% വരെ ഇളവ് നേടാം !
കടം നേരത്തെ വീട്ടി ഭാരം ഒഴിവാക്കാൻ പ്ലാനുണ്ടോ? പ്രീപെയ്മെന്റ് പെനാല്‍റ്റി കീശ ചോര്‍ത്തിയേക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍