
ദില്ലി: ക്രെഡിറ്റ് കാർഡ് ബില്ലിൽ വെറും 46 പൈസയുടെ കുറവുണ്ടായതിൻ്റെ പേരിൽ ഉപഭോക്താവിന് 1,200 രൂപയിലധികം ലേറ്റ് പെയ്മന്റ് ചാർജ് ചുമത്തി എച്ച്.ഡി.എഫ്.സി ബാങ്ക്. 10,649.46 രൂപയുടെ ബില്ലിൽ 10,649 രൂപ അടയ്ക്കുകയും 46 പൈസ വിട്ടുപോവുകയും ചെയ്തതിനാണ് ഉപഭോക്താവായ ഡോ. സമീർ കഗാൽക്കറിന് വൻതുക പിഴയടക്കേണ്ടി വന്നത്. തനിക്കുണ്ടായ ദുരനുഭവം ബാങ്കിനെ ടാഗ് ചെയ്തുകൊണ്ട് സമീർ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. കുടിശ്ശികയുള്ള തുകയുടെ 2,600 ഇരട്ടിയിലധികം തുകയാണ് ബാങ്ക് പിഴയായി ഈടാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അബദ്ധവശാൽ സംഭവിച്ച ഈ ചെറിയ തുകയുടെ പേരിലുള്ള ചാർജുകൾ ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ബാങ്കിനോട് ആവശ്യപ്പെട്ടു.
ഇത്തരം സന്ദർഭങ്ങളിൽ ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കണമെന്നത് സംബന്ധിച്ച് ആർ ബി ഐയുടെ ചില നിയമങ്ങളുണ്ട്. ആർബിഐ നിർദ്ദേശ പ്രകാരം 50 പൈസയ്ക്ക് താഴെയുള്ള തുകകൾ ഒഴിവാക്കി അടുത്ത മുഴുവൻ രൂപയിലേക്ക് റൗണ്ട് ചെയ്യേണ്ടതാണ്. ഇതനുസരിച്ച് 10,649.46 രൂപ എന്നത് 10,649 രൂപയായി കണക്കാക്കാം. ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുക പൂർണ്ണമായി അടയ്ക്കാൻ വൈകിയാൽ, ബാക്കി നിൽക്കുന്ന യഥാർത്ഥ കുടിശ്ശിക തുകയ്ക്ക് (Outstanding Amount) മാത്രമേ പിഴ ചുമത്താവൂ എന്നാണ് ആർ.ബി.ഐ നിഷ്കർഷിക്കുന്നത്. കൂടാതെ തിരിച്ചടവ് തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമേ ലേറ്റ് ഫീസ് ഈടാക്കാൻ പാടുള്ളൂ എന്നാണ്.
സമീറിൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ആർ.ബി.ഐ ബാങ്കിംഗ് അംബുഡ്‌സ്മാനെ (Banking Ombudsman) സമീപിക്കാൻ നിർദേശിച്ചാണ് ഒരുപാട് കമന്റുകൾ വരുന്നത്.