സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും കുടുംബം പ്രതിസന്ധിയിലാകരുത്. ഇതിന് കാര്യങ്ങൾ കൃത്യമായി മാനേജ് ചെയ്തിരിക്കണം. നോമിനേഷൻ വിവരങ്ങൾ കൃത്യമായി പുതുക്കുന്നതും ഒരു 'ഫാമിലി ഫിനാൻഷ്യൽ ഇൻവെന്ററി' തയ്യാറാക്കുന്നതും അടിയന്തര ഘട്ടങ്ങളിൽ സ്വത്ത് കൈമാറ്റം എളുപ്പമാക്കാൻ സഹായിക്കും.
ഭൂരിഭാഗം കുടുംബങ്ങളിലും ആധാരവും മറ്റ് അത്യാവശ്യ രേഖകളും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ, വീട്ടിലെ സാമ്പത്തികം മാനേജ് ചെയ്യുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയെക്കുറിച്ച് കൃത്യമായി അറിയാവുന്നതും ഇത് പോലെത്തന്നെ പ്രധാനമാണ്. സാധാരണ സമയങ്ങളിൽ ഇത് വലിയ വിഷയമായി തോന്നില്ലെങ്കിലും, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തി പെട്ടെന്ന് മരണപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായ രോഗ ബാധിതനാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. ഇത്തരത്തിൽ, സ്വത്ത് കൈമാറ്റവും അവകാശവാദങ്ങളും അടക്കം കൃത്യമായി മുന്നോട്ടു പോകാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ബാങ്ക് അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും
പാസ്‌വേഡുകളോ ബാങ്ക് പിൻ നമ്പറുകളോ എല്ലാവരുമായും പങ്കുവെക്കേണ്ടതില്ല. എന്നാൽ ഏതെല്ലാം ബാങ്കുകളിലാണ് അക്കൗണ്ടുകളുള്ളതെന്നും അതിലെ നിക്ഷേപങ്ങളും ബാധ്യതകളും പങ്കാളിയെയോ വിശ്വസ്തനായ ഒരു കുടുംബാംഗത്തെയോ അറിയിച്ചിരിക്കണം.
ഡിമാറ്റ് അക്കൗണ്ടുകളും മ്യൂച്വൽ ഫണ്ടുകളും
ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവ കുടുംബം അറിയാതെ പോയാൽ പണം എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇവയുടെ വിവരങ്ങൾ കൃത്യമായി കുറിച്ചുവെക്കുക. സെബിയുടെ (SEBI) പുതിയ നിർദ്ദേശപ്രകാരം ഡിമാറ്റ് അക്കൗണ്ടുകളിലും മ്യൂച്വൽ ഫണ്ടുകളിലും നോമിനികളെ ചേർക്കുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്.
ഇ പി എഫ് അക്കൗണ്ടുകൾ
തൊഴിൽ മാറുമ്പോൾ പഴയ തൊഴിലുടമകളുമായി ബന്ധപ്പെട്ട ഇ പി എഫ് വിവരങ്ങളും യു എ എൻ (UAN) വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തണം. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഇ പി എഫ് പദ്ധതി പ്രകാരം നോമിനേഷനിലും ക്ലെയിം നടപടികളിലും കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിനാൽ ഇ പി എഫ് നോമിനേഷൻ വിവരങ്ങൾ കൃത്യമായി പുതുക്കുകയാണ് വേണ്ടത്.
ഇൻഷുറൻസ് പോളിസികൾ
ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പേര്, ഇൻഷുറൻസ് കമ്പനി, പോളിസി നമ്പർ, അഷ്വേർഡ് തുക, പ്രീമിയം അടച്ച വിവരങ്ങൾ എന്നിവ ഒരുമിച്ച് സൂക്ഷിക്കുക. ഇൻഷുറൻസ് ഉണ്ടെന്ന് അറിയാമെങ്കിൽപ്പോലും, അതിൻ്റെ രേഖകൾ ലഭ്യമല്ലെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ തുക ക്ലെയിം ചെയ്യാൻ സാധിക്കാതെ വരും. ഹെൽത്ത് ഇൻഷുറൻസ് വിവരങ്ങളും ഇതിനൊപ്പം സൂക്ഷിക്കേണ്ടതുണ്ട്.
വായ്പകളും ക്രെഡിറ്റ് കാർഡും
ഹോം ലോൺ, പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ എന്നിവ വ്യക്തിയുടെ മരണത്തോടെ ഇല്ലാതാകുന്നില്ല. കുടുംബത്തിന് ഏതെല്ലാം ബാധ്യതകളുണ്ടെന്നും ഏതെല്ലാം അക്കൗണ്ടുകളിൽ നിന്നാണ് ഇ എം ഐ പോകുന്നതെന്നും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
മറ്റ് നിക്ഷേപങ്ങൾ
പോസ്റ്റ് ഓഫീസ് സേവിംഗ്സ്, പിപിഎഫ്, എൻപിഎഫ്, കോർപ്പറേറ്റ് ഡെപ്പോസിറ്റുകൾ, ജോയിന്റ് നിക്ഷേപങ്ങൾ എന്നിവയും ലിസ്റ്റിൽ ഉൾപ്പെടുത്തണം. ഓരോ സ്ഥാപനത്തിന്റെയും പേര്, അക്കൗണ്ട് ടൈപ്പ്, നോമിനി, രേഖകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയ ഒരു 'ഫാമിനി ഫിനാൻഷ്യൽ ഇൻവെന്ററി' തയ്യാറാക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
പാസ്‌വേഡുകൾ പരസ്യമാക്കരുത്: രേഖകളും അക്കൗണ്ട് വിവരങ്ങളും എവിടെയാണെന്ന് മാത്രം കുടുംബത്തെ അറിയിക്കുക. പാസ്‌വേഡുകളും പിൻ നമ്പറുകളും സുരക്ഷിതമായി സൂക്ഷിക്കാൻ പാസ്‌വേഡ് മാനേജർ സിസ്റ്റങ്ങളോ ടു-ഫാക്ടർ ഓതെന്റിക്കേഷനോ ഉപയോഗിക്കാം.
നോമിനേഷനുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക: വിവാഹം, വിവാഹമോചനം, കുഞ്ഞിന്റെ ജനനം, കുടുംബാംഗങ്ങളുടെ മരണം തുടങ്ങിയ ജീവിതത്തിലെ പ്രധാന മാറ്റങ്ങൾക്ക് ശേഷം നോമിനേഷൻ വിവരങ്ങൾ പുതുക്കാൻ മറക്കരുത്.
നിങ്ങളുടെ പണത്തിന്റെ പൂർണ്ണ നിയന്ത്രണം മറ്റൊരാൾക്ക് നൽകുക എന്നതല്ല ഇതിന്റെ ലക്ഷ്യം. മറിച്ച്, ഒരു അടിയന്തര ഘട്ടത്തിൽ നിങ്ങളുടെ കുടുംബം വഴിയാധാരമാകരുത് എന്ന് ഉറപ്പാക്കുക മാത്രമാണ് എന്നോർക്കുക.


