വരുമാനം കൃത്യമല്ലേ? ടെന്‍ഷന്‍ വേണ്ട; ഫ്രീലാന്‍സര്‍മാര്‍ക്കും ബിസിനസുകാര്‍ക്കും പണം മാനേജ് ചെയ്യാന്‍ ഇതാ ചില എളുപ്പവഴികള്‍

Published : Mar 04, 2026, 03:09 PM IST
Personal Finance

Synopsis

വിരമിക്കല്‍ കാലം മുന്‍കൂട്ടി കാണുക നിങ്ങള്‍ക്കായി പിഎഫ് തുക മാറ്റിവെക്കാന്‍ ഒരു തൊഴിലുടമയും ഇവിടെയില്ല. അതിനാല്‍ റിട്ടയര്‍മെന്റിനായി ഒരു ഫണ്ട് സ്വയം കെട്ടിപ്പടുക്കണം.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി വരുമാനക്കുറവല്ല, മറിച്ച് ജോലി എപ്പോള്‍ വരുമെന്ന കാര്യത്തിലുള്ള അനിശ്ചിതത്വമാണ്. ഇത്തരത്തില്‍ സ്ഥിരവരുമാനമില്ലാത്തവര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നോക്കാം.

1. നിങ്ങള്‍ക്ക് തന്നെ ഒരു ശമ്പളം നിശ്ചയിക്കാം

ബിസിനസ്സില്‍ നിന്നോ ജോലിയില്‍ നിന്നോ ലഭിക്കുന്ന എല്ലാ പണവും സ്വന്തം ആവശ്യത്തിന് ചെലവാക്കാവുന്നതാണെന്ന ചിന്ത ആദ്യം മാറ്റണം. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഒരു പ്രത്യേക അക്കൗണ്ട് തുടങ്ങുക. എല്ലാ വരുമാനവും അതിലേക്ക് മാറ്റുക. ആ അക്കൗണ്ടില്‍ നിന്നും കൃത്യമായ ഒരു തുക എല്ലാ മാസവും ഒരു നിശ്ചിത തീയതിയില്‍ നിങ്ങളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് 'ശമ്പളമായി' മാറ്റുക.

ഉദാഹരണത്തിന്, വര്‍ഷം 18 ലക്ഷം രൂപയാണ് നിങ്ങള്‍ സമ്പാദിക്കുന്നതെങ്കില്‍ മാസത്തില്‍ 1.5 ലക്ഷം രൂപ വരുമാനമുള്ള ഒരാളെപ്പോലെ ജീവിക്കരുത്. പകരം ഒരു ലക്ഷം രൂപ മാത്രം ശമ്പളമായി എടുക്കുകയും ബാക്കി തുക ബിസിനസ് അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യുക. ഇത് വരുമാനം കുറയുന്ന മാസങ്ങളില്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ സഹായിക്കും.

2. അത്യാവശ്യ ഘട്ടങ്ങള്‍ക്കായി കരുതല്‍ ധനം ശമ്പളക്കാരായ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് വലിയൊരു തുക കരുതല്‍ ധനമായി വേണം. ജോലി നഷ്ടപ്പെടുക എന്നത് മാത്രമാണ് ശമ്പളക്കാരുടെ ഭീതിയെങ്കില്‍, പേയ്മെന്റുകള്‍ വൈകുന്നത് മുതല്‍ ബിസിനസ്സ് കുറയുന്നത് വരെയുള്ള പല വെല്ലുവിളികള്‍ ഫ്രീലാന്‍സര്‍മാര്‍ക്കുണ്ട്.

ആറ് മാസത്തെ കുടുംബച്ചെലവുകള്‍ മാറ്റിവെക്കുന്നത് മതിയാകില്ല. കുറഞ്ഞത് 9 മുതല്‍ 12 മാസം വരെയുള്ള ചെലവുകള്‍ക്കായി പണം ലിക്വിഡ് രൂപത്തില്‍ (പെട്ടെന്ന് എടുക്കാവുന്ന രീതിയില്‍) കരുതണം. കയ്യില്‍ പണമുണ്ടെങ്കില്‍, പണമില്ലാത്തത് കൊണ്ട് മാത്രം കുറഞ്ഞ നിരക്കില്‍ പണിയെടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം.

3. നികുതി ഒരു സര്‍പ്രൈസ് ആകരുത് നല്ല ലാഭമുള്ള വര്‍ഷം ആദായനികുതി അടയ്‌ക്കേണ്ടി വരുമ്പോള്‍ വലിയൊരു തിരിച്ചടിയായി തോന്നാം. ലഭിക്കുന്ന ലാഭത്തിന്റെ 25-30 ശതമാനം നികുതിയായി നല്‍കേണ്ടി വരുമെന്ന് മുന്‍കൂട്ടി കാണണം. ഓരോ പേയ്മെന്റ് ലഭിക്കുമ്പോഴും അതില്‍ നിന്നൊരു നിശ്ചിത ഭാഗം നികുതിക്കായി മാറ്റിവെക്കുക. അവസാന നിമിഷം പണം കണ്ടെത്താനുള്ള നെട്ടോട്ടം ഇത് ഒഴിവാക്കും.

4. നിക്ഷേപം മുടക്കരുത് വരുമാനം കുറയുന്ന മാസങ്ങളില്‍ നിക്ഷേപം ഒഴിവാക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിനുപകരം ഒരു വര്‍ഷം നിക്ഷേപിക്കേണ്ട തുക എത്രയാണെന്ന് മുന്‍കൂട്ടി നിശ്ചയിക്കുക (ഉദാഹരണത്തിന് ലാഭത്തിന്റെ 30 ശതമാനം). ഓരോ മൂന്ന് മാസത്തിലും ഇത് കൃത്യമാണെന്ന് പരിശോധിക്കുക. വരുമാനം കൂടിയ മാസങ്ങളില്‍ കൂടുതല്‍ നിക്ഷേപിക്കുകയും കുറഞ്ഞ മാസങ്ങളില്‍ ക്രമീകരിക്കുകയും ചെയ്യാം. ലക്ഷ്യം വര്‍ഷാവസാനം നിശ്ചയിച്ച തുക നിക്ഷേപിച്ചു എന്ന് ഉറപ്പുവരുത്തുക എന്നതാണ്.

5. ഇന്‍ഷുറന്‍സ് നിര്‍ബന്ധം നിങ്ങളുടെ അധ്വാനമാണ് നിങ്ങളുടെ വരുമാന മാര്‍ഗം. അതുകൊണ്ട് തന്നെ ആരോഗ്യ ഇന്‍ഷുറന്‍സും ടേം ഇന്‍ഷുറന്‍സും ഒരിക്കലും ഒഴിവാക്കരുത്. കൂടാതെ, അപ്രതീക്ഷിതമായി ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ അതിനുള്ള സുരക്ഷയും ഉറപ്പാക്കണം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇത് അത്യന്താപേക്ഷിതമാണ്.

6. വിരമിക്കല്‍ കാലം മുന്‍കൂട്ടി കാണുക നിങ്ങള്‍ക്കായി പിഎഫ് തുക മാറ്റിവെക്കാന്‍ ഒരു തൊഴിലുടമയും ഇവിടെയില്ല. അതിനാല്‍ റിട്ടയര്‍മെന്റിനായി ഒരു ഫണ്ട് സ്വയം കെട്ടിപ്പടുക്കണം. എല്ലാ പണവും ബിസിനസ്സില്‍ തന്നെ വീണ്ടും നിക്ഷേപിക്കാതെ, ഓഹരി വിപണിയിലോ മറ്റ് നിക്ഷേപ പദ്ധതികളിലോ മാറ്റിവെക്കുക.

7. ആഡംബരങ്ങളില്‍ നിയന്ത്രണം വേണം വരുമാനം കൂടുമ്പോള്‍ അതിനനുസരിച്ച് ചെലവുകള്‍ കൂട്ടുന്നത് അപകടമാണ്. വലിയൊരു പ്രോജക്ട് കിട്ടുമ്പോള്‍ ഉടന്‍ തന്നെ വലിയ ഇഎംഐ ഉള്ള കാറോ വീടോ വാങ്ങുന്നത് വരുമാനം കുറയുന്ന കാലത്ത് വലിയ ബാധ്യതയാകും. ശരാശരി വരുമാനത്തേക്കാള്‍ താഴെ മാത്രം സ്ഥിരമായ ചെലവുകള്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുക.

സ്ഥിരവരുമാനമുള്ള ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ സ്വയം തൊഴിലിലൂടെ സാധിക്കും. എന്നാല്‍ അതിന് പണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ മാനസികമായി തളര്‍ത്താത്ത രീതിയിലുള്ള ഒരു സാമ്പത്തിക പ്ലാനിംഗ് ആവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

യുദ്ധം വരുമ്പോൾ വില കൂടുന്നതെന്തിന്? സ്വ‍ർണം സുരക്ഷിത നിക്ഷേപമാകുന്നതെന്തു കൊണ്ട്?
കത്തിക്കയറി സ്വ‌‍ർണ വില; ഓടിക്കേറി ഗോൾഡ് ലോണെടുക്കാൻ വരട്ടെ, ഈ അപകടങ്ങളിൽ വീഴരുത്!