ഫിൻഫ്ലുവൻസർമാരുടെ തള്ളിൽ വീഴുന്ന 'ജെൻ സി'; സോഷ്യൽ മീഡിയ ഉപദേശങ്ങളും അപകട സാധ്യതകളും

Published : Oct 01, 2026, 12:57 PM IST
Mobile Phone

Synopsis

സോഷ്യൽ മീഡിയയിലൂടെ സാമ്പത്തിക ഉപദേശങ്ങൾ നൽകുന്ന ഫിൻഫ്ലുവൻസർമാരുടെ കെണിയിൽ വീഴുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. യാതൊരു സെബി രജിസ്ട്രേഷനുമില്ലാതെ നൽകുന്ന ഇത്തരം ഉപദേശങ്ങൾ പലരെയും വലിയ കടക്കെണിയിലാണ് എത്തിക്കുന്നത്. അതിനാൽ നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ട്.

സോഷ്യൽ മീഡിയ വെറുതെ ഒന്ന് സ്വൈപ്പ് ചെയ്ത് പോയാൽ കാണുന്ന പ്രധാന കോണ്ടന്റുകളിലൊന്ന് സാമ്പത്തിക ഉപദേശങ്ങൾ കൂടിയാണ്. "എങ്ങനെ എളുപ്പത്തിൽ കോടീശ്വരനാകാം", "പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കാം" തുടങ്ങിയ തലക്കെട്ടുകളോടെയുള്ള വീഡിയോകൾ... ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും യൂട്യൂബ് ഷോർട്ട്സുകളിലൂടെയും ധനകാര്യ ഉപദേശങ്ങൾ നൽകുന്ന ഇത്തരക്കാരെ 'ഫിൻഫ്ലുവൻസറുകൾ' (Financial Influencers) എന്നാണ് വിളിക്കുന്നത്. ചെറുപ്പക്കാരായ 'ജെൻ സി' (Gen Z) തലമുറയെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. അതായത് ഇവരുടെ പ്രധാന ടാർഗെറ്റ് ഓഡിയൻസ് ജെൻ സികൾ ആണ്.

പരമ്പരാഗത ബാങ്കിങ് രീതികളിൽ നിന്നും സ്ഥിര നിക്ഷേപങ്ങളിൽ നിന്നും മാറി ചിന്തിക്കുന്ന പുതിയ തലമുറയെ ഇത്തരം വീഡിയോകൾ പെട്ടെന്ന് ആകർഷിക്കുന്നുണ്ട്. എന്നാൽ യാതൊരു മുൻപരിചയമോ സർട്ടിഫിക്കേഷനുകളോ ഇല്ലാതെ നൽകുന്ന ഈ ഉപദേശങ്ങൾ പലപ്പോഴും വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് യുവാക്കളെ തള്ളിവിടുന്നത്.

എന്തുകൊണ്ട് ജെൻ സി ഇവരെ വിശ്വസിക്കുന്നു?

സങ്കീർണ്ണമായ സാമ്പത്തിക കാര്യങ്ങൾ ലളിതമായി 15 മുതൽ 60 സെക്കൻഡിനുള്ളിൽ അവതരിപ്പിക്കുന്നു എന്നതാണ് ഫിൻഫ്ലുവൻസർമാരുടെ പ്രധാന വിജയം. മ്യൂച്വൽ ഫണ്ടുകൾ, ക്രിപ്റ്റോകറൻസി, സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയെല്ലാം വളരെ എളുപ്പമാണെന്ന രീതിയിലാണ് ഇവർ ചിത്രീകരിക്കുന്നത്. പെട്ടെന്ന് പണക്കാരാകാനുള്ള ചെറുപ്പക്കാരുടെ ആഗ്രഹവും അവബോധമില്ലായ്മയും ഇതിന് ആക്കം കൂട്ടുന്നു.

ഇത്തരക്കാരെ കണ്ണും പൂട്ടി വിശ്വസിക്കുന്നത് കൊണ്ട് മറഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പല ഫിൻഫ്ലുവൻസർമാരും വിവിധ ആപ്പുകളിൽ നിന്നും കമ്പനികളിൽ നിന്നും പണം വാങ്ങിയാണ് ചില സ്റ്റോക്കുകളും ട്രേഡിങ് പ്ലാറ്റ്‌ഫോമുകളും പ്രൊമോട്ട് ചെയ്യുന്നത്. ഇതിലെ അപകടസാധ്യതകൾ ഇവർ വ്യക്തമാക്കാറില്ല.

അനിയന്ത്രിതമായ അപകടസാധ്യതയാണ് ഇതിനുള്ളതെന്ന് ഓർക്കണം. ഹൈ-റിസ്ക് ഉള്ള ഓപ്ഷൻ ട്രേഡിങ്, ക്രിപ്റ്റോ നിക്ഷേപങ്ങൾ എന്നിവ കൃത്യമായ പഠനമില്ലാതെ ചെയ്ത് വലിയ കടക്കെണിയിലായ നിരവധി യുവാക്കളുടെ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇനി, ഇന്ത്യയിൽ ധനകാര്യ ഉപദേശങ്ങൾ നൽകാൻ മാർക്കറ്റ് റെഗുലേറ്ററായ 'സെബി'യുടെ (SEBI) രജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ ഭൂരിഭാഗം ഫിൻഫ്ലുവൻസർമാർക്കും ഇത്തരം ലൈസൻസുകൾ ഇല്ല.

പറ്റിക്കപ്പെടലുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സത്യമല്ലെന്ന് മനസ്സിലാക്കുകയാണ് ആദ്യപടി. ഒരു നിക്ഷേപം നടത്തുന്നതിന് മുൻപ് സർട്ടിഫൈഡ് ഫൈനാൻഷ്യൽ പ്ലാനർമാരുടെ (CFP) അല്ലെങ്കിൽ സെബിയിൽ രജിസ്റ്റർ ചെയ്ത അഡ്വൈസർമാരുടെ സഹായം തേടുക. സ്വന്തമായി പഠനം നടത്തിയ ശേഷം മാത്രം പണം നിക്ഷേപിക്കുക എന്നതാണ് ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാനുള്ള പ്രധാന വഴി.

PREV
Read more Articles on
click me!

Recommended Stories

ആദ്യം വേണ്ടത് എമര്‍ജന്‍സി ഫണ്ടോ അതോ ആരോഗ്യ ഇന്‍ഷുറന്‍സോ? തീരുമാനമെടുക്കേണ്ടത് ഇങ്ങനെ...
50-ാം വയസില്‍ സ്വന്തമായി വീട് വേണോ അതോ വാടക വീട് മതിയോ? തീരുമാനമെടുക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിയാം