
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴി പണം ഇടപാട് നടത്തുന്ന എല്ലാവരും കരുതുന്നത് ഒരു ദിവസം പരമാവധി പരിധി 1 ലക്ഷം രൂപ വരെ ഇടപാട് നടത്താവൂ എന്നാണ്. എന്നാൽ, നിങ്ങൾ ഏത് ആവശ്യത്തിനാണ് പണം നൽകുന്നത് എന്നതിനെ ആശ്രയിച്ച് ഈ പരിധി മാറും. 100 രൂപയുടെ ചായ കുടിക്കാൻ ഉപയോഗിക്കുന്ന അതേ യുപിഐ സിസ്റ്റം ഉപയോഗിച്ച് 5 ലക്ഷം രൂപ വരെ തുക അടയ്ക്കാനും സാധിക്കും.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) നിയമപ്രകാരം, സാധാരണ വ്യക്തിഗത ഇടപാടുകൾക്ക് (P2P, P2M) ഒരു സമയം ട്രാൻസ്ഫർ ചെയ്യാവുന്ന പരമാവധി തുക 1 ലക്ഷം രൂപയാണ്. എന്നാൽ, ആർബിഐയും എൻപിസിഐയും ചില നിശ്ചിത ആവശ്യങ്ങൾക്കായി യുപിഐ പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
നികുതി അടവുകൾ (Tax Payments): ആദായനികുതി ഉൾപ്പെടെയുള്ള പേയ്‌മെന്റുകൾക്ക് 5 ലക്ഷം രൂപ വരെ യുപിഐ വഴി അടയ്ക്കാം.
ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും: ആശുപത്രി ബില്ലുകൾ, കോളേജ് ഫീസുകൾ എന്നിവ അടയ്ക്കാൻ 5 ലക്ഷം രൂപ വരെ ഉപയോഗിക്കാം.
ഐപിഒകളും ബോണ്ടുകളും: ഐപിഒ (IPO) സബ്‌സ്‌ക്രിപ്‌ഷനുകൾ, ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം വഴി ബോണ്ടുകൾ വാങ്ങൽ എന്നിവയ്ക്കും പരിധി 5 ലക്ഷം രൂപയാണ്.
യുപിഐ ലൈററ്: ചെറിയ തുകകളുടെ ഇടപാടുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന യുപിഐ ലൈറ്റിൽ ഒരു സമയം പരമാവധി 1,000 വരെ അയക്കാം. വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 5,000 ആണ്.
യുപിഐ 123 പേ: സ്മാർട്ട്‌ഫോണുകളില്ലാത്ത ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായുള്ള ഈ സംവിധാനത്തിൽ ഒരു സമയം പരമാവധി 10,000 വരെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്യാം.