500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം

By Web TeamFirst Published Nov 15, 2019, 5:58 PM IST
Highlights

പി പി എഫ് അക്കൗണ്ട് തുറക്കുന്നതിനായി പ്രായ പരിധിയില്ല. വെറും 500 രൂപ മതി ഈ നിക്ഷേപം ആരംഭിക്കാൻ. ബാങ്കിലോ പോസ്റ്റാഫീസിലോ പോയാൽ മതി നിങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാൻ കഴിയും.

സമർഥനായ ഒരു മെഡിക്കൽ റെപറസെന്ററ്റീവാണ് പ്രകാശ്. ജോലിയിൽ കേമനായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശമ്പളത്തിന് പുറമേ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇൻസെൻറ്റീവും ലഭിക്കുന്നുണ്ട്. തന്‍റെ തൊഴിലില്‍ പ്രകാശിന് അഭിമാനമുണ്ട്. എന്നാലും പ്രകാശിന്റെ മനസ്സിലെ ഭീതി വലുതായിരുന്നു. എത്ര നാൾ ഈ പ്രകടനം തുടരാൻ കഴിയുമെന്നും നാളെ ജോലിയിൽ നിന്ന് എന്തെങ്കിലും കാരണവശാൽ പിരിയേണ്ടി വന്നാൽ പിടിച്ച് നിൽക്കാൻ എന്ത് ചെയ്യുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ഭയം.

എന്നാല്‍, തനിക്ക് മാസം തോറും ലഭിക്കുന്ന ഇൻസെന്റീവ് മാത്രം മതി ഭാവിയിലേക്കുള്ള തന്റെ ജീവിതം സുരക്ഷിതമാക്കാനെന്ന ഉത്തമ ബോധവും പ്രകാശിനുണ്ടായിരുന്നു. അപ്പോഴാണ് പ്രകാശ് പബ്ലിക്ക് പ്രൊവിഡെന്റെ ഫണ്ട് (പി പി എഫ്) എന്ന നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാനിടയായത്. ഇതിന് ഭാരത സർക്കാരിന്റെ പൂർണ്ണ പിന്തുണ കൂടെയുണ്ടെന്നറിഞ്ഞിപ്പോൾ പ്രകാശിന് പിപിഎഫിനെക്കുറിച്ചറിയാൻ താല്‍പര്യം കൂടി. 

പിപിഎഫിനെക്കുറിച്ച് പ്രകാശ് മനസ്സിലാക്കിയ വിവരങ്ങള്‍:

പി പി എഫ് അക്കൗണ്ട് തുറക്കുന്നതിനായി പ്രായ പരിധിയില്ല. വെറും 500 രൂപ മതി ഈ നിക്ഷേപം ആരംഭിക്കാൻ.ബാങ്കിലോ പോസ്റ്റാഫീസിലോ പോയാൽ മതി നിങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാൻ കഴിയും. ഒരു വർഷം മൊത്തം ഒന്നര ലക്ഷം വരെ നിങ്ങൾക്ക് പരമാവധി നിക്ഷേപിക്കാം. പതിനഞ്ച് വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപിച്ചതിന്റെ എഴാം വർഷം മുതൽ ഭാഗീകമായി നിങ്ങൾക്ക് പി പി എഫിൽ നിന്ന് തുക പിൻവലിക്കാം. അതുകൊണ്ട് തന്നെ നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ പാകത്തിനാകണം പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ടത്.

പതിനഞ്ച് വർഷത്തെ കാലാവധിയെ ലോക്ക് ഇൻ പിരിഡ് എന്ന് വിളിക്കും. എന്നാൽ, ഒരോ വർഷവും നിങ്ങൾക്ക് നിക്ഷേപത്തിന് മേൽ പലിശയുടെ പുറത്ത് പലിശ ലഭിക്കുന്നതിനാൽ ലോക്കിൻ നിങ്ങളുടെ നിക്ഷേപത്തെ ഗണ്യമായി വർദ്ധിപ്പിക്കും. ഉദാഹരണത്തിന് 1,50,000 രൂപ വെച്ച് എല്ലാ വർഷവും നിങ്ങൾ 15 വർഷത്തേക്ക് ശരാശരി 7.9 ശതമാനം പലിശയ്ക്ക് പി പി എഫിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ 43,60,517 രൂപ തിരിച്ച് ലഭിക്കും. ഇതിനെ വേർതിരിച്ച് പറയുമ്പോൾ നിങ്ങൾക്ക് പി പി എഫിന്റെ മാജിക്ക് മനസ്സിലാകും. ഒരോ വർഷവും ഒന്നര ലക്ഷം വെച്ച് നിക്ഷേപിക്കുമ്പോൾ മൊത്തം നിങ്ങളുടെ കൈയിൽ നിന്ന് ഇടുന്നത് വെറും 22,50,000 മാത്രമാണ്. 43,60,517 ൽ ബാക്കി വരുന്ന തുകയായ 21,10,517 പലിശയായി നിങ്ങൾക്ക് ലഭിക്കുന്നു!

ഇനി മുകളിൽ കണ്ട ഈ തുകയ്ക്ക് നിങ്ങൾ നികുതി നൽകേണ്ട എന്ന് മാത്രമല്ല കോടതികൾക്ക് പോലും പിപിഎഫ് തുക കണ്ട് കെട്ടാനാകില്ല. എല്ലാ വർഷവും നിക്ഷേപിക്കുന്ന തുകയക്ക് (1,50,000 പരമാവധി) പൂർണ്ണമായും ഇൻകം ടാക്സ് സെക്ഷൻ  80 സിയുടെ പരിധിയിൽ നികുതിയിളവും ലഭിക്കും എന്നത് പി പി എഫിനെ കൂടുതൽ ആകർഷകമാക്കുന്നത്.
 

അഞ്ചാം വര്‍ഷത്തിലും പിന്‍വലിക്കാം

അക്കൗണ്ട് മുടങ്ങി പോകാതിരിക്കാൻ എല്ലാ വർഷവും കുറഞ്ഞത് 500 രൂപയുടെ നിക്ഷേപമെങ്കിലും നടത്തണം. ഒന്നുകിൽ ഒരുമിച്ച് ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാം അല്ലെങ്കിൽ വർഷം 12 തവണകളായി ഒന്നര ലക്ഷം ആകുന്നത് വരയോ അല്ലെങ്കിൽ അതിൽ കുറഞ്ഞ തുകയോ നിക്ഷേപിക്കാം.

ഇനി പതിനഞ്ച് വർഷത്തെ കാലാവധി പൂർത്തിയായാലും നിങ്ങൾക്ക് ഒരോ അഞ്ച് വർഷത്തെ ഘട്ടങ്ങളായി നിക്ഷേപ പദ്ധതിയില്‍ തുടരാം. പി പി എഫിന്റെ പലിശ നിർണ്ണയിക്കന്നതും ഇതിന്റെ മേൽനോട്ടവും ഭാരത സർക്കാരായതിനാൽ പി പി എഫ് തികച്ചും ഒരു സുരക്ഷിത നിക്ഷേപമാണെന്ന് സംശയമില്ലാതെ പറയാം.

ഇനി നിങ്ങൾക്കോ നിങ്ങളുടെ അടുത്ത ബന്ധുക്കൾക്കോ ചികിത്സാ ചെലവിന് വേണ്ടി പൈസ വേണമെങ്കിൽ അഞ്ചാം വർഷത്തിൽ മൊത്തമായും പലിശയുടെ മേൽ പിഴ നൽകിയും നിക്ഷേപം പിൻവലിക്കാം. നിങ്ങളുടെ ഉന്നത വിദ്യാഭാസ ആവശ്യങ്ങൾക്കും ഈ തുക അഞ്ചാം വർഷത്തിൽ പിൻവലിക്കാം. മൂന്ന് വർഷം പൂർത്തിയായാൽ നിക്ഷേപിച്ച  തുകയുടെ മുകളിൽ വായ്പയും ലഭിക്കും.

നിക്ഷേപകന് അക്കൗണ്ടിൽ നോമിനിയെ നിയമക്കാനും കഴിയും നിങ്ങൾ മരണപെട്ടാൽ തുക മൊത്തമായും നോമിനിയുടെ കൈയിൽ വന്ന് ചേരും.

ഇത്രയും പദ്ധതിയെപ്പറ്റി മനസ്സിലാക്കിയപ്പോള്‍  താൻ ജോലി ചെയ്ത രണ്ട് വർഷം പിപിഎഫിലേക്ക് നിക്ഷേപിക്കാനുള്ള അവസരം നഷ്ടപെടുത്തി എന്ന തോന്നൽ പ്രകാശിനുണ്ടായി. തന്നെയുമല്ല, വലിയൊരു തുക നികുതിയിനത്തിലും പ്രകാശിന് ലാഭിക്കാമായിരിന്നു. പി പി എഫിനെക്കുറിച്ച് തന്നൊട് ആരും പറഞ്ഞുമില്ല. പിന്നെ വൈകിയില്ല, 28 വയസുകാരനായ പ്രകാശ് ഉടൻ തന്നെ തന്റെ പാൻ കാർഡും ഐഡെന്റെറ്റി പ്രൂഫും ഒരു ഫോട്ടൊയുമായി അടുത്തുള്ള ബാങ്കിലേക്ക് നടന്നു. പ്രകാശിന്റെ ജീവിതത്തിൽ പിപിഎഫ് ഒരു വഴിത്തിരിവായി.

 

click me!