30-ാം വയസില്‍ തുടങ്ങാം നിക്ഷേപം; വെറും സ്വപ്നമല്ല! വിരമിക്കുമ്പോള്‍ 5 കോടി രൂപ കയ്യിൽ

Published : Sep 07, 2026, 04:40 PM IST
Investment Plans

Synopsis

30 വയസുള്ള ഒരാൾക്ക് ചിട്ടയായ എസ്‌ഐപി നിക്ഷേപത്തിലൂടെ 60-ാം വയസ്സിൽ 5 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. വരുമാനം കൂടുമ്പോൾ നിക്ഷേപം വർധിപ്പിക്കുന്നതും ഇപിഎഫ്, എൻപിഎസ് പോലുള്ള മറ്റ് നിക്ഷേപങ്ങൾ പരിഗണിക്കുന്നതും ലക്ഷ്യം എളുപ്പമാക്കും.

മുപ്പത് വയസുള്ള ഒരാളോട് 5 കോടി രൂപ സമ്പാദിക്കുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ അതൊരു പക്ഷേ നടക്കാത്ത വലിയ സ്വപ്നമായി തോന്നാം. എന്നാല്‍ ചിട്ടയായ നിക്ഷേപത്തിലൂടെ ഈ തുക സ്വന്തമാക്കാന്‍ സാധിക്കും. റിട്ടയര്‍മെന്റ് പ്രായവും പ്രതീക്ഷിക്കുന്ന റിട്ടേണും അനുസരിച്ച് ഇതിനായി മാസം മാറ്റിവെക്കേണ്ട തുകയില്‍ വലിയ വ്യത്യാസമുണ്ടാകും എന്ന് മാത്രം.

മ്യൂച്വല്‍ ഫണ്ടുകളില്‍ സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പറയുന്നതനുസരിച്ച്, സാമ്പത്തിക അച്ചടക്കം വളര്‍ത്താനും റുപ്പീ- കോസ്റ്റ് ആവറേജിങ്ങിന്റെ ഗുണം ലഭിക്കാനും എസ്‌ഐപി സഹായിക്കും. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ ലാഭനഷ്ടങ്ങള്‍ക്ക് വിധേയമായതിനാല്‍, നിക്ഷേപത്തിന് പൂര്‍ണ്ണമായ സുരക്ഷയോ ലാഭമോ ഉറപ്പുനല്‍കാന്‍ ഇതിന് കഴിയില്ല.

60ല്‍ വിരമിക്കാന്‍ എത്ര തുക വേണം?

നിങ്ങള്‍ക്ക് ഇപ്പോള്‍ 30 വയസാണുള്ളത് എന്ന് കരുതുക. 60-ാം വയസ്സില്‍ 5 കോടി രൂപയാണ് നിങ്ങളുടെ ലക്ഷ്യമെന്ന് വക്കാം. അതായത് നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ 30 വര്‍ഷം (360 മാസങ്ങള്‍) ഉണ്ട്. നിങ്ങളുടെ നിക്ഷേപത്തിന് പ്രതിവര്‍ഷം 10 ശതമാനം ആദായം കണക്കാക്കിയാല്‍, മാസം തോറും ഏകദേശം 21,900 രൂപ വീതം മാറ്റിവെക്കണം. ഇനി ഇത് 12 ശതമാനം ആദായത്തിലാണെങ്കില്‍ പ്രതിമാസ നിക്ഷേപം 14,200 രൂപയായി കുറയും.

എന്നാല്‍ ഇതൊരു ഉദാഹരണം മാത്രമാണെന്ന് ഓര്‍ക്കുക. മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും, മുന്‍കാലങ്ങളിലെ മികച്ച പ്രകടനം ഭാവിയിലും ആവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സെബി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

5 വര്‍ഷം മാറ്റിയെഴുതുന്ന കണക്കുകള്‍

ഇനി 60-ന് പകരം 65-ാം വയസ്സിലാണ് നിങ്ങള്‍ റിട്ടയര്‍ ചെയ്യുന്നത് എന്ന് കരുതുക. ഇവിടെ നിങ്ങളുടെ നിക്ഷേപത്തിന് വളരാന്‍ 5 വര്‍ഷം കൂടി അധികമായി ലഭിക്കുന്നു. ഈ 35 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ നേരത്തെ പറഞ്ഞ 5 കോടി രൂപ സ്വന്തമാക്കാന്‍, 10 ശതമാനം ആദായ നിരക്കില്‍ മാസം ഏകദേശം 13,100 രൂപ വീതം നിക്ഷേപിച്ചാല്‍ മതിയാകും. 12 ശതമാനം നിരക്കിലാണെങ്കില്‍ ഇത് കേവലം 7,700 രൂപയായി കുറയും. എത്രയും നേരത്തെ നിക്ഷേപം തുടങ്ങുന്നതിന്റെ പ്രാധാന്യമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപ കാലയളവ് കൂടുന്തോറും മാസം തോറും മാറ്റിവെക്കേണ്ട തുക കുറഞ്ഞുവരും.

12 ശതമാനം ലാഭം എപ്പോഴും കിട്ടണമെന്നില്ല

റിട്ടയര്‍മെന്റ് കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ അവസാനത്തെ വലിയ തുകയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അബദ്ധമായേക്കാം. 12 ശതമാനം ആദായം പ്രതീക്ഷിക്കുന്നത് പ്രതിമാസ നിക്ഷേപത്തുക കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, ഓഹരി വിപണിയിലെ ആദായം ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ആദായം ഗ്യാരണ്ടി നല്‍കാനാകില്ലെന്നും അവ വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെന്നും ആംഫിയും സെബിയും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ അമിത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ, ഒന്നിലധികം ആദായ നിരക്കുകള്‍ കണക്കാക്കി വേണം നിങ്ങളുടെ ഭാവി പ്ലാന്‍ ചെയ്യാന്‍.

വരുമാനം കൂടുമ്പോള്‍ നിക്ഷേപവും കൂട്ടുക

30 വര്‍ഷവും ഒരേ തുക തന്നെ മാസം തോറും നിക്ഷേപിക്കുന്നതിനേക്കാള്‍ പ്രായോഗികമായ മറ്റൊരു രീതിയുണ്ട്. വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് എസ്‌ഐപി തുകയും വര്‍ധിപ്പിക്കുക . എല്ലാ വര്‍ഷവും 5 ശതമാനമോ 10 ശതമാനമോ വീതം നിക്ഷേപത്തുക വര്‍ധിപ്പിക്കാം. തുടക്കത്തില്‍ തന്നെ വലിയൊരു തുക മാറ്റിവെക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ശമ്പളവും ജീവിതച്ചെലവുകളും കൂടുമ്പോഴും റിട്ടയര്‍മെന്റ് നിക്ഷേപം വര്‍ധിക്കാതെ നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കാനും ഈ രീതി മികച്ചതാണ്.

ഇപിഎഫ്, എന്‍പിഎസ് മറക്കരുത്

നിങ്ങളുടെ റിട്ടയര്‍മെന്റ് തുക മുഴുവനായും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി-യിലൂടെ തന്നെ കണ്ടെത്തണമെന്നില്ല. ശമ്പളക്കാരായ ജീവനക്കാര്‍ക്ക് അവരുടെ ഇപിഎഫ് , എന്‍പിഎസ് തുടങ്ങിയവയിലൂടെയും നല്ലൊരു തുക കണ്ടെത്താനാകും. ഇതിനുപുറമെ പിപിഎഫ് പോലുള്ള മറ്റ് നിക്ഷേപങ്ങളും ഉണ്ടാകാം. ഈ തുകകള്‍ കൂടി കണക്കാക്കിയ ശേഷം മാത്രം ബാക്കി എത്ര തുക എസ്‌ഐപി വഴി കണ്ടെത്തണം എന്ന് തീരുമാനിക്കുക. ഇത് നിങ്ങളുടെ പ്ലാനിങ് കൂടുതല്‍ എളുപ്പമാക്കും.

PREV
Read more Articles on
click me!

Recommended Stories

വീട് വാങ്ങണോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപക്കണോ? 50 ലക്ഷം രൂപ കയ്യിൽ വന്നാൽ എന്ത് ചെയ്യാം; വിദഗ്ധര്‍ പറയുന്നത്..
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?