50 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ വീട് വാങ്ങണോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണോ എന്ന സംശയം പലർക്കുമുണ്ട്. നിക്ഷേപം എന്ന നിലയിൽ പ്രോപ്പർട്ടിയെക്കാൾ മികച്ച വളർച്ച ദീർഘകാലയളവിൽ മ്യൂച്വൽ ഫണ്ടുകൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ സ്വന്തമായി താമസിക്കാനാണ് വീട് വാങ്ങുന്നതെങ്കിൽ അതൊരു തെറ്റായ തീരുമാനമല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ഒരാളുടെ കയ്യില്‍ ആദ്യമായി 50 ലക്ഷം രൂപ സമ്പാദ്യം വരുമ്പോള്‍ മനസില്‍ ആദ്യം വരുന്ന ചോദ്യമെന്താണ്? ഈ തുക ഉപയോഗിച്ച് വീട് വാങ്ങണോ അതോ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണോ എന്നത്. ഇതിനുള്ള ഉത്തരം നിങ്ങള്‍ ആ വീട് എന്തിന് വേണ്ടി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. സ്വന്തമായി താമസിക്കാനാണോ അതോ നിക്ഷേപം എന്ന നിലയിലാണോ വസ്തു വാങ്ങുന്നത് എന്നത് രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നാണ് ഇവരുടെ പക്ഷം.
50 ലക്ഷം എവിടെ നിക്ഷേപിക്കണം?
50 ലക്ഷം രൂപ എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്ന ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ളവയില്‍ നിക്ഷേപിക്കുന്നതാണ് ബുദ്ധി എന്ന് ആറ്റം ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ ഹര്‍ഷ വര്‍ദ്ധന വി.എം പറയുന്നു. വസ്തു വാങ്ങാന്‍ ഈ തുക ഉപയോഗിക്കരുത്. ഇത് രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നത് തന്നെ വലിയ തെറ്റാണെന്നും അദ്ദേഹം പറയുന്നു. ഇതൊരു കണക്കിലൂടെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
പ്രോപ്പര്‍ട്ടിയിലെ നിക്ഷേപം (7% വാര്‍ഷിക വളര്‍ച്ച)
50 ലക്ഷം രൂപ 7 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ പ്രോപ്പര്‍ട്ടിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍, 5 വര്‍ഷം കഴിയുമ്പോള്‍ അത് 70 ലക്ഷം രൂപയാകും. 10 വര്‍ഷം കൊണ്ട് ഈ തുക 98 ലക്ഷമായും, 15 വര്‍ഷം കൊണ്ട് 1.38 കോടിയായും വളരും. 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം 1.93 കോടി രൂപയായി മാറും.
മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം (12% വാര്‍ഷിക വളര്‍ച്ച)
എന്നാല്‍, ഇതേ 50 ലക്ഷം രൂപ 12 ശതമാനം വളര്‍ച്ചാ നിരക്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍, 5 വര്‍ഷം കൊണ്ട് അത് 88 ലക്ഷം രൂപയാകും. 10 വര്‍ഷം കൊണ്ട് ഈ തുക 1.55 കോടിയായും, 15 വര്‍ഷം കൊണ്ട് 2.74 കോടിയായും വര്‍ധിക്കും. 20 വര്‍ഷം കഴിയുമ്പോള്‍ സമ്പാദ്യം 4.82 കോടി രൂപയെന്ന വലിയ തുകയിലെത്തും.
രണ്ട് നിക്ഷേപങ്ങളും തമ്മിലുള്ള വ്യത്യാസം
ഈ രണ്ട് നിക്ഷേപങ്ങളും തമ്മിലുള്ള വരുമാന വ്യത്യാസം പരിശോധിച്ചാല്‍, 5 വര്‍ഷം കഴിയുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് പ്രോപ്പര്‍ട്ടിയേക്കാള്‍ 18 ലക്ഷം രൂപയുടെ അധിക നേട്ടമുണ്ടാകും. 10 വര്‍ഷം കഴിയുമ്പോള്‍ ഈ വ്യത്യാസം 57 ലക്ഷം രൂപയായും, 15 വര്‍ഷം കഴിയുമ്പോള്‍ 1.36 കോടി രൂപയായും വര്‍ധിക്കും. 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് പ്രോപ്പര്‍ട്ടി നിക്ഷേപത്തേക്കാള്‍ 2.89 കോടി രൂപ അധികമായി ലഭിക്കും.
നിക്ഷേപത്തിന് വീട് വാങ്ങിയാലുള്ള പ്രശ്‌നങ്ങള്‍
വെറുമൊരു നിക്ഷേപം എന്ന നിലയില്‍ വസ്തു വാങ്ങുമ്പോള്‍ പല വെല്ലുവിളികളുമുണ്ടെന്ന് നൈവോ മണിസ്ഥാപകന്‍ ഹര്‍ഷ് സോണി പറയുന്നു. വാടകയ്ക്ക് നല്‍കാനോ അല്ലെങ്കില്‍ വില കൂടുമ്പോള്‍ വില്‍ക്കാനോ വേണ്ടി ഫ്‌ലാറ്റ് വാങ്ങുമ്പോഴാണ് പലര്‍ക്കും അബദ്ധം പറ്റുന്നത്. നഗരങ്ങളില്‍ വെറും 2- 3 ശതമാനം മാത്രമാണ് വാടക ഇനത്തില്‍ തിരികെ ലഭിക്കുന്നത്. മാത്രമല്ല, വസ്തു പെട്ടെന്ന് വില്‍ക്കാനും സാധിക്കില്ല. സ്റ്റാമ്പ് ഡ്യൂട്ടി, ബ്രോക്കറേജ്, മെയിന്റനന്‍സ് എന്നിവയെല്ലാം നമ്മുടെ ലാഭത്തില്‍ നിന്ന് വലിയൊരു പങ്ക് ചോര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.
സ്വന്തമായി താമസിക്കാന്‍ വീട് വാങ്ങുന്നത് തെറ്റാണോ?
വീട് വാങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം എന്നല്ല വിദഗ്ധര്‍ പറയുന്നത്. സ്വന്തമായി താമസിക്കാന്‍ വീട് വാങ്ങുന്നത് സാമ്പത്തികമായി ഗുണം ചെയ്യും. വരുമാനവും സമ്പാദ്യവും സുരക്ഷിതമാണെങ്കില്‍, കുടുംബത്തിന് താമസിക്കാന്‍ ഒരു വീട് വാങ്ങുന്നത് ഒരിക്കലും തെറ്റായ തീരുമാനമല്ല. എന്നാല്‍ 50 ലക്ഷം രൂപ ഡൗണ്‍ പേയ്മെന്റ് നല്‍കി വീട് വാങ്ങുമ്പോള്‍ ബാക്കി തുകയ്ക്ക് ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. 8.5-9.5% വരെ പലിശ നിരക്കില്‍ വായ്പയെടുക്കുമ്പോള്‍ അതൊരു 1.2 മുതല്‍ 1.5 കോടി രൂപയുടെ വരെ വലിയ സാമ്പത്തിക ബാധ്യതയായി മാറും.


