കിട്ടുന്ന ശമ്പളം ആഘോഷിക്കാന്‍ മാത്രമുളളതല്ല !; ഒപ്പമുളളവരുടെ സുരക്ഷയ്ക്കായി കരുതിവയ്ക്കാന്‍ മികച്ച പോളിസികള്‍

By C S RenjitFirst Published Feb 3, 2020, 4:17 PM IST
Highlights

ജീവിക്കാന്‍ തുടങ്ങിയിട്ടല്ലെ ഉള്ളൂ. പിന്നെന്തിന് ജീവിതാന്ത്യത്തെക്കുറിച്ച് ഇപ്പോഴെ ടെന്‍ഷന്‍ അടിക്കണം എന്നായിരിക്കും പലരുടേയും ചിന്ത. പ്രായത്തിന് അനുസരിച്ചാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രിമീയം തുക അടയ്‌ക്കേണ്ടി വരിക. 

ബിടെക് ഫൈനല്‍ ഇയര്‍ കഴിഞ്ഞ നിഷയ്ക്ക് ക്യാമ്പസ് പ്ലേയ്‌സ്‌മെന്റില്‍ ജോലി കിട്ടി എന്നറിഞ്ഞത് മുതല്‍ അമ്മയുടെ ബന്ധത്തിലൊരാള്‍ ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കാനായി നിര്‍ബന്ധം തുടങ്ങി. അവധിയ്ക്ക് വീട്ടിലെത്തിയാല്‍ ഏജന്റും എത്തും. എന്ത് ഒഴികഴിവ് പറഞ്ഞാലും പുള്ളി ഒഴിയാന്‍ ഭാവമില്ല.

ബൈക്കപകടത്തില്‍ മരിച്ചവരുടെയും കാന്‍സര്‍ വന്ന് മരിച്ചവരുടെയും കുടുംബങ്ങളെ ഇന്‍ഷുറന്‍സുകാര്‍ രക്ഷപ്പെടുത്തിയതിന്റെ കഥകള്‍ വീണ്ടും വീണ്ടും അവതരിപ്പിക്കും. ഒരു പോളിസി വാങ്ങി മൂപ്പരെ ഒഴിവാക്കാമെന്ന് വച്ചാല്‍ കിട്ടിയ ജോലി ഉറപ്പിക്കാനുമായിട്ടില്ല. ഇന്‍ഷുറന്‍സ് ഏജന്റന്‍മാരുടെ ബോറടിപ്പിക്കലിന് ഇരയായിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. 

പലപ്പോഴും ബന്ധുക്കാരും സ്വന്തക്കാരും പരിചയക്കാരും അതുമല്ലെങ്കില്‍ ഇവരില്‍ ആരുടേയെങ്കിലും സുഹൃത്തായിട്ടായിരിക്കും ഏജന്റുമാര്‍ എത്തുക. ഇപ്പോള്‍ പോളിസി വേണ്ടെന്ന് പറഞ്ഞാലും വീണ്ടും വീണ്ടും പിടികൂടും. പോളിസി എടുക്കുമെന്ന് തോന്നുന്നവരെ നേരിട്ട് കണ്ട് പോളിസിയുടെ മെച്ചങ്ങളേക്കാള്‍ പലപ്പോഴും വ്യക്തി ബന്ധങ്ങളിലൂടെ നിര്‍ബന്ധിക്കുന്നു. ഇപ്പോള്‍ സ്ഥിതി മാറി വരുന്നുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റില്‍ കൂടി പോളിസി എടുക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ഓണ്‍ലൈനായി വാങ്ങുമ്പോള്‍ പോളിസി കൊണ്ടുള്ള നേട്ടങ്ങളോടൊപ്പം കോട്ടങ്ങളുടെ കാണാപ്പുറങ്ങളും ചികഞ്ഞ് മനസ്സിലാക്കാം. പലപ്പോഴും പ്രിമീയത്തില്‍ ഇളവും ലഭിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും വേണം

യഥാര്‍ത്ഥത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ്, എല്ലാവര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സാമ്പത്തിക സേവനമാണ്. വരുമാനമുള്ളവര്‍ പെട്ടെന്ന് മരണമടഞ്ഞാല്‍ അവരെ ആശ്രയിച്ച് ജീവിക്കുന്നവരുടെ രക്ഷയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സ് ഉപകരിക്കും.

ജീവിക്കാന്‍ തുടങ്ങിയിട്ടല്ലെ ഉള്ളൂ. പിന്നെന്തിന് ജീവിതാന്ത്യത്തെക്കുറിച്ച് ഇപ്പോഴെ ടെന്‍ഷന്‍ അടിക്കണം എന്നായിരിക്കും പലരുടേയും ചിന്ത. പ്രായത്തിന് അനുസരിച്ചാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രിമീയം തുക അടയ്‌ക്കേണ്ടി വരിക. എത്രയും നേരത്തെ എടുത്താല്‍ അത്രയും കുറച്ച് പ്രിമീയം നല്‍കിയാല്‍ മതി. അപകടങ്ങള്‍, പുതുപുത്തന്‍ രോഗങ്ങള്‍ തുടങ്ങി ആപത്തുകള്‍ വരുന്നത് പ്രായം നോക്കി അല്ലല്ലോ.

കിട്ടുന്ന ശമ്പളം തന്നെ ഒന്ന് അടിച്ച് പൊളിക്കാന്‍ തികയുന്നില്ല. അതിനിടയിലാണ് ഇന്‍ഷുറന്‍സ് പ്രിമീയം എന്നൊക്കെ പറഞ്ഞ് ഓരോ കുറയ്ക്കലും കിഴിക്കലും. ലൈഫ് ഇന്‍ഷുറന്‍സ് പ്രിമീയം തുക മറ്റെല്ലാ ചെലവിനങ്ങളും പോലെ പ്രധാനമുള്ളതാണ്. മരിച്ചാല്‍ കിട്ടുന്ന തുകയ്ക്ക് സംഅഷ്വേഡ് എന്ന് പറയും. സാധാരണ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ അടയ്‌ക്കേണ്ടി വരുന്ന പ്രിമീയം തുക സംഅഷ്വേഡ് തുകയുമായി തട്ടിച്ച് നോക്കുമ്പോള്‍ ചെലവ് കൂടി പോയോ എന്ന സംശയം സ്വാഭാവികം.

പ്രിമീയമായി കമ്പനികള്‍ വാങ്ങുന്ന തുകയില്‍ ഒരു ഭാഗം മാത്രമേ യഥാര്‍ത്ഥത്തില്‍ ഇന്‍ഷുറന്‍സ് ചെലവായി കണക്കാക്കുന്നുള്ളൂ. ഒരു ഭാഗം പോളിസി വിറ്റ ഏജന്റിന് കമ്മീഷനായി നല്‍കുന്നു. ആദ്യം അടയ്ക്കുന്ന പ്രിമീയം തുകയില്‍ കമ്മീഷന്‍ ശതമാനം ഉയര്‍ന്നിരിക്കുമെങ്കിലും പിന്നീട് അങ്ങോട്ട് കുറഞ്ഞ് വരും. എന്തായാലും പ്രിമീയം അടയ്ക്കുന്നിടത്തോളം കാലം ഏജന്റിന് കമ്മീഷന്‍ കിട്ടി കൊണ്ടിരിക്കും.

തീര്‍ന്നില്ല, പ്രിമീയത്തിന്റെ മൂന്നാം ഭാഗം പോളിസി എടുത്തയാള്‍ ജീവിച്ചിരുന്നാല്‍ തിരികെ നല്‍കുന്നതിലേയ്ക്കുള്ള നിക്ഷേപമാണ്. അടച്ച് കൊണ്ടിരിക്കുന്ന പ്രിമീയം തുകയോടൊപ്പം തുച്ഛമായ നാല് മുതല്‍ ആറ് ശതമാനം വരെ മാത്രം വാര്‍ഷിക പലിശയോളം വരുന്ന തുകയായിരിക്കും ജീവിച്ചിരുന്നാല്‍ ലഭിക്കുക.

ടേം ഇന്‍ഷുറന്‍സ് എന്ന ആശ്രയം

ഇതില്‍ നിന്ന് വ്യത്യാസമായി ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വളരെ ചെലവ് കുറഞ്ഞവയാണ്. ഉടമ മരണമടഞ്ഞാല്‍ മാത്രം പരിരക്ഷ തുക ജീവിച്ചിരിക്കുന്ന അനന്തരവകാശികള്‍ക്ക് നല്‍കുന്നു. ജീവിച്ചിരുന്നാല്‍ ഒന്നും ലഭിക്കില്ല.

ഉടമ മരിക്കുന്നതിനേക്കാള്‍ ജീവിച്ചിരിക്കുന്നതാണ് തനിക്ക് ഗുണം എന്ന് കരുതുന്ന ഏജന്റിനോട് മരിച്ചാല്‍ എത്ര രൂപ കിട്ടുന്ന രീതിയില്‍ പോളിസി എടുക്കണമെന്ന് ആലോചിക്കേണ്ടതില്ലല്ലോ. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റുകളിലും ഓരോരുത്തരുടേയും ഹ്യൂമന്‍ ലൈഫ് വാല്യു എന്നൊരു കണക്ക് കൂട്ടിയെടുക്കാനുള്ള കാല്‍ക്കുലേറ്റര്‍ കാണാം. പ്രായം, ലിംഗം, വരുമാനം തുടങ്ങിയ വിവരങ്ങള്‍ അടിച്ച് കൊടുത്താല്‍ മതി. പൊതുവേ പറഞ്ഞാല്‍ റിട്ടയര്‍ ചെയ്ത് വിശ്രമ ജീവിതം തുടങ്ങുമെന്ന് കരുതുന്ന പ്രായത്തില്‍ നിന്ന് ഇപ്പോഴത്തെ പ്രായം കുറച്ചാല്‍ കിട്ടുന്ന സംഖ്യയെ വാര്‍ഷിക വരുമാനം കൊണ്ട് ഗുണിച്ചെടുത്താല്‍ ഒരു ഏകദേശ കണക്ക് കിട്ടും.
 

click me!