എന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തത്? ഈ കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ആശുപത്രി ബില്‍ കീശ കാലിയാക്കും

Published : Aug 10, 2026, 05:21 PM IST
Health insurance

Synopsis

ഇന്ത്യയിൽ ചികിത്സാ ചെലവുകൾ കുത്തനെ ഉയരുന്നതിനാൽ, വർഷങ്ങൾക്ക് മുൻപെടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഇന്നത്തെ ആവശ്യങ്ങൾക്ക് മതിയാകാതെ വരാം. പ്രായം, ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയ്ക്കനുസരിച്ച് പോളിസി കവറേജ് വർദ്ധിപ്പിക്കേണ്ടതുണ്ട്. തൊഴിലുടമ നൽകുന്ന ഇൻഷുറൻസിനെ മാത്രം ആശ്രയിക്കുന്നതിലെ അപകടങ്ങളും നോക്കാം.

പലരും ആരോഗ്യ ഇന്‍ഷുറന്‍സ് ഒരു തവണ എടുത്തതിന് ശേഷം പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കാറേയില്ല. എല്ലാ വര്‍ഷവും കൃത്യമായി പ്രീമിയം അടയ്ക്കും, പോളിസി പുതുക്കും... എല്ലാം ഭദ്രമാണെന്ന് കരുതി സമാധാനിക്കും. എന്നാല്‍ സ്വയം ചോദിക്കേണ്ട ഒരു പ്രധാന ചോദ്യമുണ്ട്: 'നിങ്ങളുടെ പോളിസിയുടെ തുക ഇന്നത്തെ കാലത്തെ ആശുപത്രി ചെലവുകള്‍ക്ക് മതിയാകുമോ?' ഇന്ത്യയിലുടനീളം ആശുപത്രി ചിലവുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, അഞ്ചോ ആറോ വര്‍ഷം മുന്‍പ് മികച്ചതെന്ന് കരുതി എടുത്ത പോളിസി കവറേജ് അത്യാവശ്യ ഘട്ടങ്ങളില്‍ തികയാതെയും വന്നേക്കാം.

കൂടുന്ന ചികിത്സാ ചെലവ്

പൊതുവായ പണപ്പെരുപ്പത്തേക്കാള്‍ വളരെ കൂടുതലാണ് ഇന്ത്യയിലെ മെഡിക്കല്‍ പണപ്പെരുപ്പം. പ്രതിവര്‍ഷം 12 മുതല്‍ 14 ശതമാനം വരെയാണ് ചികിത്സാ ചെലവുകളിലെ വര്‍ധനവെന്നാണ് വ്യവസായ മേഖലയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ശസ്ത്രക്രിയകള്‍, തീവ്രപരിചരണ വിഭാഗം, രോഗനിര്‍ണയ പരിശോധനകള്‍ തുടങ്ങി കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിന് പോലും വലിയ തുക ചെലവാകും. മുന്‍പ് വലിയൊരു ചികിത്സയ്ക്ക് 5 ലക്ഷം രൂപയുടെ പോളിസി ധാരാളമായിരുന്നുവെങ്കില്‍, ഇന്നത് മതിയാകാതെ വരികയും നിങ്ങളുടെ കയ്യില്‍ നിന്ന് വലിയൊരു തുക ആശുപത്രിയില്‍ അടയ്‌ക്കേണ്ടതായും വന്നേക്കാം.

പഴയ പോളിസി പോരാത്തത് എന്തുകൊണ്ട്?

പ്രായം, താമസിക്കുന്ന നഗരം, കുടുംബാംഗങ്ങളുടെ എണ്ണം, ആരോഗ്യ പശ്ചാത്തലം എന്നിവയെല്ലാം ശരിയായ ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്. ഗ്രാമങ്ങളില്‍ നിന്ന് മെട്രോ നഗരങ്ങളിലേക്കുള്ള താമസം മാറ്റം, ഫാമിലി ഫ്‌ലോട്ടര്‍ പോളിസി വഴി കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇനി എപ്പോഴാണ് പോളിസിയിൽ മാറ്റം വരുത്തേണ്ടുന്ന സന്ദർഭങ്ങളെന്ന് നോക്കാം.

  • വിവാഹം കഴിയുമ്പോള്‍
  • കുട്ടികള്‍ ജനിക്കുമ്പോള്‍
  • ഫാമിലി ഫ്‌ലോട്ടര്‍ പോളിസി എടുക്കുമ്പോള്‍
  • 40 അല്ലെങ്കില്‍ 50 വയസ് പിന്നിടുമ്പോള്‍
  • വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമ്പോള്‍

ഓഫീസില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് മാത്രം മതിയോ?

തൊഴിലുടമ നല്‍കുന്ന ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മികച്ചതാണെങ്കിലും, ജോലി മാറുകയോ വിരമിക്കുകയോ ചെയ്യുമ്പോള്‍ ആ കവറേജ് ഇല്ലാതാകും. അതിനാല്‍, ആവശ്യത്തിന് തുകയുള്ള ഒരു വ്യക്തിഗത പോളിസി സ്വന്തമായി ഉണ്ടായിരിക്കുന്നത് എപ്പോഴും ഗുണകരമാണ്.

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ബിൽ വെവ്വേറെ! കോർപ്പറേറ്റ് ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ പ്രതിഷേധം
സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്ലാനുണ്ടോ? റെഡി ടു മൂവ് ആണോ നിര്‍മാണത്തിലുള്ളതാണോ ലാഭം?