പ്രവാസികള്‍ ആദായ നികുതി നല്‍കണോ?, ഒരാളെ പ്രവാസിയായി പരിഗണിക്കാനുളള സര്‍ക്കാര്‍ നിബന്ധനങ്ങള്‍ എന്തെല്ലാം?

By C S RenjitFirst Published Mar 16, 2020, 7:17 PM IST
Highlights

ബജറ്റ് അവതരണത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. ഇതനുസരിച്ച് വിദേശത്ത് നേടിയ വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തുകയില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ജോര്‍ജ്ജ് ആറ് മാസത്തോളം വിവിധ രാജ്യങ്ങളിലേയ്ക്ക് കടല്‍ യാത്രയാണ്. ബാക്കി സമയങ്ങളില്‍ നാട്ടില്‍ ചെലവഴിക്കുന്നു. കുടുംബവും നാട്ടില്‍ തന്നെ. നാട്ടിലുള്ള ജോര്‍ജ്ജിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഷിപ്പിംഗ് കമ്പനി വിദേശത്ത് നിന്ന് ശമ്പളവും മറ്റും നേരിട്ട് അയച്ച് കൊടുക്കുകയാണ്.

വിദേശ രാജ്യങ്ങളിലൊന്നും ആദായ നികുതി കൊടുക്കുന്നില്ല. ഇന്ത്യയിലും ഇതുവരെ നികുതി നല്‍കേണ്ടി വന്നിട്ടില്ല. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രവാസികളെ സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വന്നതിനാല്‍ ശമ്പള വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടി വരും എന്ന വേവലാതിയിലാണ് ജോര്‍ജ്ജ്.  

അടുത്ത കാലത്ത് നാട്ടിലെത്തിയ വിദേശങ്ങളില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്ക്  കോവിഡ് -19 പകര്‍ച്ച വ്യാധി കാരണം തിരികെ പോകാന്‍ സാധിക്കാതെ വരുന്നുമുണ്ട്. എത്ര നാള്‍ വരെ ഇന്ത്യയില്‍ കഴിഞ്ഞാല്‍ തങ്ങളുടെ പ്രവാസി എന്ന പരിഗണന കാത്തു സൂക്ഷിക്കാന്‍ പറ്റുമെന്ന സംശയം അവരില്‍ പലര്‍ക്കുമുണ്ട്.

ഒരു ഇന്ത്യന്‍ പൗരന്‍ പ്രവാസിയാകുന്നത് എപ്പോഴാണെന്ന് ആദായ നികുതി നിയമങ്ങളിലാണ് വിവരിക്കുന്നത്. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍  ഓര്‍ക്കാപ്പുറത്ത് ഈ വിവരണങ്ങളില്‍ മാറ്റങ്ങള്‍  വരുത്തിയിരിക്കുന്നു. പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും എന്തെല്ലാം ശ്രദ്ധിയ്‌ക്കേണ്ടതുണ്ടെന്നും ഏതൊരു പ്രവാസിയും അറിഞ്ഞിരിക്കണമല്ലോ.

ഒരാള്‍ പ്രവാസി ഇന്ത്യക്കാരനാണോ എന്ന് തീരുമാനിക്കുന്നതിന്റെ ഇപ്പോഴുള്ള രണ്ട് നിബന്ധനകളില്‍ ഒന്ന് വ്യത്യാസപ്പെടുത്തുകയും മറ്റൊന്ന് തുടരുകയുമാണ്. ഇതോടൊപ്പം ഒരു പുതിയ നിബന്ധന കൂടി കൊണ്ട് വന്നിരിക്കുന്നു.

നിങ്ങള്‍ പ്രവാസി ഇന്ത്യാക്കാരനാണോ?

ഇതില്‍ ഒന്നാമത്തേത് ഇന്ത്യയില്‍ ഒരു വര്‍ഷം എത്ര ദിവസം വരെ താമസിച്ചാല്‍ പ്രവാസി പദവി നിലനിര്‍ത്താം എന്നുള്ളതാണ്. ഇപ്പോള്‍ 181 ദിവസം എന്നുണ്ടായിരുന്നത് 119 ദിവസം ആക്കി ചുരുക്കിയിരിക്കുന്നു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 120 ദിവസത്തിനു മുകളില്‍ ഇന്ത്യയില്‍ താമസിച്ചാല്‍ അടുത്ത വര്‍ഷം ദേശവാസിയായി മാത്രമേ പരിഗണിക്കുകയുള്ളൂ.

ഇതോടൊപ്പം തന്നെ തൊട്ട് മുമ്പുള്ള നാല് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ താമസിച്ചിരുന്നത് 364 ദിവസം വരെയാണെങ്കിലും പ്രവാസിയായിരിക്കും. നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ വ്യവസ്ഥ മാറ്റമില്ലാതെ  തുടരുന്നു. മൂന്നാമതായി കൂട്ടിചേര്‍ത്ത വകുപ്പ് കുറച്ച് കൂടി കടുപ്പമുള്ളതാണ്. പല വിദേശ രാജ്യങ്ങളിലായി പോകുകയും പണിയെടുക്കുകയും മറ്റും ചെയ്യുമെങ്കിലും അവിടങ്ങളിലൊന്നും ആദായ നികുതി കൊടുക്കാത്തവരെ കുറിച്ചാണ് ഈ വകുപ്പ്. ഇന്ത്യയില്‍ എത്ര ദിവസം താമസിക്കുന്നുവെന്ന് കണക്ക് നോക്കാതെ തന്നെ ഇത്തരക്കാരെ റസിഡന്റ് അഥവാ ദേശവാസിയായിട്ട് കരുതും. അവര്‍ തങ്ങളുടെ വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കണം.

ബജറ്റ് അവതരണത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. ഇതനുസരിച്ച് വിദേശത്ത് നേടിയ വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തുകയില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് നിന്നും തൊഴില്‍ ചെയ്‌തോ ബിസിനസ് നടത്തിയോ ഉണ്ടാക്കുന്ന വരുമാനത്തിന് മാത്രമേ നികുതി നല്‍കേണ്ടതുളളൂ.

പല വിദേശ രാജ്യങ്ങളില്‍ തൊഴിലും ബിസിനസും വ്യാപിച്ച് കിടക്കുന്ന ചില ഉയര്‍ന്ന വരുമാനക്കാര്‍ ഒരു രാജ്യത്തും നികുതി കൊടുക്കാതെ പ്രവാസി എന്ന പരിഗണന ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവരെയെല്ലാം നികുതി നല്‍കേണ്ടുന്നവരാക്കിയെടുക്കുകയാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യം.

യുഎഇ പോലെ നികുതി നല്‍കേണ്ടാത്ത രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരായ യഥാര്‍ത്ഥ പ്രവാസികളെ ഈ മാറ്റങ്ങള്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞത് ആശ്വാസമായി.

click me!