
ആധാറും യുപിഐയും അടിസ്ഥാനമാക്കി ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റല് പബ്ലിക് ഇന്ഫ്രാസ്ട്രക്ചര്, ലോകത്തിലെ ഏറ്റവും ഫലപ്രദമായ 10 ഘടനാപരമായ പരിഷ്കാരങ്ങളില് ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ റേറ്റിങ് ഏജന്സിയായ 'കെയര്എഡ്ജ് ഗ്ലോബല് റേറ്റിങ്സ്' പുറത്തുവിട്ട പുതിയ റിപ്പോര്ട്ടിലാണ് ഇന്ത്യയുടെ ഈ അഭിമാനാര്ഹമായ നേട്ടം വ്യക്തമാക്കുന്നത്.ലോകമെമ്പാടുമുള്ള 38 രാജ്യങ്ങളിലെ 43 പരിഷ്കാരങ്ങള് പഠനവിധേയമാക്കിയാണ് കെയര്എഡ്ജ് ഈ റിപ്പോര്ട്ട് തയ്യാറാക്കിയത്. ഇതില് 10 എണ്ണം 'ഏറ്റവും ഫലപ്രദമായവ' ആയി കണ്ടെത്തി.
ആധാര്: രാജ്യത്തെ 130 കോടിയിലധികം ആളുകളിലേക്ക്, അതായത് ജനസംഖ്യയുടെ 95 ശതമാനത്തോളം ആളുകളിലേക്ക് ആധാര് സേവനങ്ങള് എത്തിയിരിക്കുന്നു.
യുപിഐ : പ്രതിമാസം 1,300 കോടിയിലധികം ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ഇത് ഡിജിറ്റല് പണമിടപാടുകളിലെ രാജ്യത്തിന്റെ വന് വളര്ച്ചയാണ് കാണിക്കുന്നത്.
ചെറുകിട വ്യവസായങ്ങള് : രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ 85 ശതമാനത്തിലധികം ഇടപാടുകളും ഇപ്പോള് ഡിജിറ്റല് ആയാണ് നടക്കുന്നത്.
ചരിത്രപരമായി ഇന്ത്യയുടെ സാമ്പത്തിക വളര്ച്ചയ്ക്ക് തടസ്സമായിരുന്ന പല പ്രതിസന്ധികളെയും ഈ ഡിജിറ്റല് സംവിധാനം വഴിതുറന്നു മാറ്റിയിട്ടുണ്ടെന്ന് കെയര്എഡ്ജ് ഗ്ലോബല് റേറ്റിങ്സ് വ്യക്തമാക്കുന്നു.സര്ക്കാര് ഏജന്സികള്, റെഗുലേറ്റര്മാര്, ബാങ്കുകള്, ഫിന്ടെക് കമ്പനികള് എന്നിവയുടെ പരസ്പര സഹകരണവും ഏകോപനവുമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നും റിപ്പോര്ട്ടില് പറയുന്നു.
ആഗോളതലത്തില് ഏറ്റവും ഫലപ്രദമായ 10 പരിഷ്കാരങ്ങളില് എട്ടെണ്ണവും യൂറോപ്പ്, ഏഷ്യ-പസഫിക് മേഖലകളില് നിന്നുള്ളതാണ് (ഓരോ മേഖലയില് നിന്നും 4 വീതം). ഗ്രീസിലെ ടാക്സ് ഡിജിറ്റലൈസേഷന്, ജര്മ്മനിയുടെ കടം നിയന്ത്രിക്കാനുള്ള സംവിധാനം, സൈപ്രസിലെ ബാങ്കിങ് പരിഷ്കാരങ്ങള്, ഫിലിപ്പീന്സിലെ പ്രോജക്ട് റിപീല് തുടങ്ങിയവയാണ് ഈ പട്ടികയിലെ മറ്റു പ്രധാന പരിഷ്കാരങ്ങള്.