
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, എസി, ഫർണിച്ചർ തുടങ്ങിയ പലതും കുറഞ്ഞ ഇഎംഐക്ക് വാങ്ങുന്നവരാണ് മിക്ക സാധാരണക്കാരും. മാസം തോറും ചെറിയ തുക മാത്രം അടച്ചാൽ മതി എന്നുള്ളത് കൊണ്ട് ഇതൊരു വലിയ ആശ്വാസമായാണ് പലരും കാണുന്നത്. എന്നാൽ ദീർഘകാലത്തേക്ക് കണക്കാക്കുമ്പോൾ ഇത് നിങ്ങളുടെ പോക്കറ്റിന് വലിയ ഭാരമായി മാറാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണഗതിയിൽ സാധനങ്ങൾ വാങ്ങുമ്പോൾ കുറഞ്ഞ ഇഎംഐ തുക തെരഞ്ഞെടുക്കുമ്പോൾ വായ്പയുടെ കാലാവധി കൂടും. ഇതോടെ പലിശയും ഗണ്യമായി ഉയരും.
ഉദാഹരണത്തിന് ഒരു 10 ലക്ഷം രൂപ 10% പലിശ വച്ച് ഇഎംഐ അടക്കേണ്ടി വരുന്നുവെന്ന് കരുതുക.
5 വർഷം (കുറഞ്ഞ കാലാവധി, കൂടുതൽ തിരിച്ചടവ്)
ഇഎംഐ തുക: ഏകദേശം 21,247 രൂപ
മൊത്തം അടവ്: 12.75 ലക്ഷം രൂപ
പലിശ: 2.75 ലക്ഷം
10 വർഷം (കൂടുതൽ കാലാവധി, കുറഞ്ഞ തിരിച്ചടവ്)
ഇഎംഐ തുക: ഏകദേശം 13,215 രൂപ
മൊത്തം അടവ്: 15.86 ലക്ഷം രൂപ
പലിശ: 5.86 ലക്ഷം
ഇവിടെ മാസാമാസം അടക്കേണ്ട തുക ഏകദേശം 8,000 രൂപ കുറയുമ്പോഴും, മൊത്തം പലിശ ഇരട്ടിയിലധികം ഉയരുന്നുണ്ട്.
വായ്പയുടെ പലിശ ബാക്കി നിൽക്കുന്ന മുതലിന് (principal) മേലാണ് കണക്കാക്കുന്നത്. കാലാവധി കൂടുമ്പോൾ പ്രിൻസിപ്പൽ കുറയുന്നത് മന്ദഗതിയിലാകുകയും ഇങ്ങനെ കൂടുതൽ കാലം പലിശ ഈടാക്കുകയും ചെയ്യും. ഒടുവിൽ നിങ്ങൾ അടയ്ക്കുന്ന മൊത്തം തുക വളരെ കൂടുതലാകും
ഇനി ഹോം ലോണിൽ വരുന്ന ഒരു ഉദാഹരണം നോക്കാം.
50 ലക്ഷം രൂപയുടെ ഹോം ലോൺ 8.5% പലിശക്ക് എടുത്തുവെന്ന് കരുതുക.
15 വർഷം (കുറഞ്ഞ കാലാവധി,കൂടുതൽ തിരിച്ചടവ് )
EMI: ~ ₹49,000
മൊത്തം അടവ്: ~ ₹88 ലക്ഷം
പലിശ: ~ ₹38 ലക്ഷം
25 വർഷം (കൂടിയ കാലാവധി, കുറഞ്ഞ തിരിച്ചടവ്)
EMI: ~ ₹40,000
മൊത്തം അടവ്: ~ ₹1.20 കോടി
പലിശ: ~ ₹70 ലക്ഷം
ഇവിടെ ഇഎംഐ കുറയുന്നുണ്ടെങ്കിലും, പലിശ ഇരട്ടിക്കൊപ്പമെത്തുന്നുണ്ട്.
ഇനി എപ്പോഴും ദീർഘകാലത്തേക്കായി എടുക്കുന്ന വായ്പകൾ നഷ്ടമുണ്ടാക്കുമെന്ന് പറയാനാകില്ല. സ്ഥിരമായ വരുമാന പ്രശ്നങ്ങൾ നേരിടുന്നവർക്ക് ദീർഘകാല വായ്പ ഒരു ആശ്വാസമാണ്. നോ കോസ്റ്റ് ഇഎംഐകളിലും ഇത് സേഫ് ആണെന്ന് പറയാം. ഇഎംഐയിൽ നിന്ന് ലാഭിക്കുന്ന തുക നിക്ഷേപങ്ങളിൽ ഉപയോഗിച്ചാൽ ചിലപ്പോൾ നേട്ടം ലഭിക്കാനും സാധ്യതയുണ്ട്.