വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ വലിയ സാമ്പത്തിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ബഡ്ജറ്റിംഗ്, പാർട്ട് ടൈം ജോലികൾ, താമസസ്ഥലം തിരഞ്ഞെടുക്കുന്നതിലെ മിടുക്ക് എന്നിവയിലൂടെ പണം കൈകാര്യം ചെയ്യുന്നത് ഒരു പ്രധാന അതിജീവന പാഠമായി മാറുന്നു. ഈ സാമ്പത്തിക അച്ചടക്കം അവരുടെ ഭാവി ജീവിതത്തിലും നിർണായകമാണ്.

പുതിയ രാജ്യം, മികച്ച യൂണിവേഴ്‌സിറ്റികള്‍, ഗ്ലോബല്‍ കരിയര്‍... വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളുടെ മനസ്സില്‍ നിറയെ ഇത്തരം സ്വപ്നങ്ങളാകും. എന്നാല്‍ ക്ലാസുകള്‍ തുടങ്ങുകയും ദൈനംദിന ജീവിതം ആരംഭിക്കുകയും ചെയ്യുമ്പോള്‍ മറ്റൊരു യാഥാര്‍ഥ്യം അവര്‍ക്ക് മുന്നിലെത്തും: വിദേശത്തെ ജീവിതം വളരെ ചിലവേറിയതാണ്. വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നതിലും വളരെ കൂടുതലാണ് പലപ്പോഴും അവിടത്തെ ചിലവുകള്‍. വാടക, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ്, മൊബൈല്‍ ബില്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ ചിലവുകള്‍ പെട്ടെന്ന് കുതിച്ചുയരും. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പണപ്പെരുപ്പവും വീട്ടു ചിലവുകളും വര്‍ദ്ധിച്ച രാജ്യങ്ങളില്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2026 ല്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു 'സര്‍വൈവല്‍ സ്‌കില്‍' ആയി മണി മാനേജ്‌മെന്റ് മാറുന്നത് ഇതുകൊണ്ടാണ്. പലര്‍ക്കും പഠനത്തേക്കാള്‍ വലിയ മാനസിക സമ്മര്‍ദ്ദമാണ് സാമ്പത്തിക കാര്യങ്ങള്‍ ഉണ്ടാക്കുന്നത്.

ബഡ്ജറ്റിംഗ് ഉടന്‍ തുടങ്ങണം

നാട്ടില്‍ നിന്ന് പോകുമ്പോള്‍ വിദേശത്തെ ചെറിയ ചിലവുകള്‍ പോലും എത്ര വേഗമാണ് വലിയ തുകയായി മാറുന്നതെന്നത് വിദ്യാര്‍ഥികളെ ഞെട്ടിക്കാറുണ്ട്. ഇന്ത്യയില്‍ പല കുട്ടികളും സ്വന്തമായി വീട്ടു ചിലവുകള്‍ നോക്കി ശീലിച്ചവരല്ല. എന്നാല്‍ വിദേശത്ത് എത്തുമ്പോള്‍ എടുക്കുന്ന ഓരോ തീരുമാനത്തിനും സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും, ടാക്‌സികളെ ആശ്രയിക്കുന്നതും, അനാവശ്യമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതുമൊക്കെ മാസാവസാനം പ്രതിസന്ധിയുണ്ടാക്കും. ഇവിടെ ഏറ്റവും കുറവ് പണം ചിലവാക്കുന്നവരല്ല, മറിച്ച് തങ്ങളുടെ ചിലവുകള്‍ കൃത്യമായി ട്രാക്ക് ചെയ്യുന്നവരാണ് സാമ്പത്തികമായി വിജയിക്കുന്നത്. ഇതിനായി പലരും ഇപ്പോള്‍ ബഡ്ജറ്റിംഗ് ആപ്പുകളെയും സ്‌പെന്‍ഡിങ് ട്രാക്കറുകളെയുമാണ് ആശ്രയിക്കുന്നത്. വാടക, കറന്റ് ബില്‍, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കാനും അനാവശ്യ ചിലവുകള്‍ക്ക് കടിഞ്ഞാണിടാനും ഇത് സഹായിക്കും. 'ചെറിയ ചിലവുകളല്ലേ, സാരമില്ല' എന്ന് കരുതുന്നതാണ് പലരും വരുത്തുന്ന വലിയ തെറ്റ്. മാസങ്ങള്‍ കഴിയുമ്പോള്‍ അത് വലിയൊരു തുകയായി മാറിയിട്ടുണ്ടാകും.

താമസസ്ഥലം തീരുമാനിക്കുന്നത് സാമ്പത്തിക ഭദ്രത

വിദേശത്തെ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ ചിലവ് താമസസൗകര്യത്തിനുള്ളതാണ്. പ്രധാന നഗരങ്ങളിലെ വീടുകളുടെ ക്ഷാമം കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. പ്രായോഗികത നോക്കാതെ, നഗരമധ്യത്തില്‍ തന്നെ വിലകൂടിയ താമസസ്ഥലം തിരഞ്ഞെടുക്കുന്നവര്‍ക്ക് പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. എന്നാല്‍, കൂട്ടുകാരോടൊപ്പം ഒരുമിച്ച് താമസിക്കുന്നതും, നഗരത്തില്‍ നിന്ന് അല്പം മാറി താമസിക്കുന്നതും ചിലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. വാടകയ്ക്ക് പുറമെ കറന്റ്, വെള്ളം, ഭക്ഷണം, യാത്ര എന്നിവയുടെ ചിലവുകള്‍ പങ്കിടുമ്പോള്‍ വലിയൊരു സാമ്പത്തിക ആശ്വാസമാണ് ലഭിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ബുദ്ധിപൂര്‍വമായ തീരുമാനങ്ങളാണ് ഒരു വര്‍ഷം മുഴുവന്‍ വിദ്യാര്‍ഥികളെ സാമ്പത്തികമായി സുരക്ഷിതരാക്കുന്നത്.

പാര്‍ട്ട് ടൈം ജോലികള്‍ സര്‍വ്വസാധാരണം

വിദേശ വിദ്യാര്‍ഥികള്‍ക്കിടയില്‍ പാര്‍ട്ട് ടൈം ജോലി എന്നത് ഇപ്പോള്‍ ഒരു പുതുമയുള്ള കാര്യമല്ല. ഫ്രീലാന്‍സ് വര്‍ക്ക്, ട്യൂഷന്‍, കണ്ടന്റ് ക്രിയേഷന്‍, ഡിസൈനിങ്, കാമ്പസിലെ ജോലികള്‍ എന്നിവയൊക്കെ ഇപ്പോള്‍ സാധാരണമായി കഴിഞ്ഞു. ജീവിക്കാനുള്ള ചിലവ് കൂടിയതോടെ, പലര്‍ക്കും ഇതൊരു ആഡംബരമല്ല, മറിച്ച് വാടകയും ഭക്ഷണചിലവും അത്യാവശ്യ കാര്യങ്ങളും നിറവേറ്റാനുള്ള മാര്‍ഗ്ഗമാണ്. എന്നാല്‍ ഓരോ രാജ്യത്തെയും വിസ നിയമങ്ങള്‍ക്കനുസരിച്ച് മാത്രമേ ജോലി സമയം ക്രമീകരിക്കാന്‍ പാടുള്ളൂ. പഠനവും ജോലിയും തമ്മില്‍ കൃത്യമായ ബാലന്‍സ് ഉണ്ടായിരിക്കണം. പണമുണ്ടാക്കാന്‍ വേണ്ടി അമിതമായി ജോലി ചെയ്യുന്നത് പലപ്പോഴും പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്.

രൂപയിലേക്ക് മാറ്റി ചിന്തിക്കുന്നത് നിര്‍ത്താം

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന മറ്റൊരു പ്രധാന മാനസിക വെല്ലുവിളിയാണ് വിദേശത്തെ ഓരോ ചിലവുകളും ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടുന്നത്. ഒരു കോഫി കുടിക്കുന്നതോ, ട്രെയിനില്‍ പോകുന്നതോ ഒക്കെ രൂപയിലേക്ക് മാറ്റുമ്പോള്‍ വലിയ ചിലവായി തോന്നും. ഇത് പലപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കുമ്പോള്‍ പോലും കുറ്റബോധമുണ്ടാക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍ കാലക്രമേണ, രൂപയുമായുള്ള താരതമ്യം നിര്‍ത്തി അവിടത്തെ കറന്‍സിയില്‍ തന്നെ ചിന്തിക്കാന്‍ വിദ്യാര്‍ഥികള്‍ ശീലിക്കണം. വിദേശത്തെ ജീവിതവുമായി വൈകാരികമായും സാമ്പത്തികമായും പൊരുത്തപ്പെടാന്‍ ഇത് വളരെ അത്യാവശ്യമാണ്.

അത്യാവശ്യഘട്ടങ്ങള്‍ക്കായി വേണം എമര്‍ജന്‍സി ഫണ്ട്

പഠനത്തിനുള്ള ഫീസ് കൃത്യമായി പ്ലാന്‍ ചെയ്താണ് മിക്ക കുടുംബങ്ങളും കുട്ടികളെ വിദേശത്തേക്ക് അയക്കുന്നത്. എന്നാല്‍ പ്രതീക്ഷിക്കാതെ വരുന്ന ചിലവുകളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ലാപ്ടോപ്പ് കേടാകുക, മെഡിക്കല്‍ എമര്‍ജന്‍സി, വിസ പുതുക്കല്‍, വാടകയ്ക്കുള്ള അഡ്വാന്‍സ് തുകകള്‍ തുടങ്ങി പെട്ടെന്ന് വരുന്ന ചിലവുകള്‍ വലിയ പ്രതിസന്ധിയുണ്ടാക്കാം. അതിനാല്‍ വിദ്യാഭ്യാസ ചിലവുകള്‍ക്ക് പുറമെ, അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു 'എമര്‍ജന്‍സി ഫണ്ട്' കൂടി മാറ്റി വെക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കൈയ്യില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ വിദേശത്തെ സാമ്പത്തിക സംവിധാനങ്ങള്‍ ഒട്ടും കരുണ കാണിക്കില്ല.

സാമൂഹിക സമ്മര്‍ദ്ദങ്ങളില്‍ വീഴാതിരിക്കുക

വിദ്യാര്‍ഥികള്‍ അധികം തുറന്നുപറയാത്ത മറ്റൊരു പ്രശ്‌നമാണ് സുഹൃത്തുക്കള്‍ക്കിടയിലെ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍. കൂടെയുള്ളവര്‍ നിരന്തരം യാത്ര ചെയ്യുന്നതും, വിലകൂടിയ ഗാഡ്ജറ്റുകള്‍ വാങ്ങുന്നതും, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും കാണുമ്പോള്‍ അത് അനുകരിക്കാന്‍ പലര്‍ക്കും തോന്നും. എന്നാല്‍ എല്ലാവരുടെയും സാമ്പത്തിക പശ്ചാത്തലം ഒരുപോലെയല്ല എന്ന് മനസിലാക്കണം. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പിന്തുണ വീട്ടില്‍ നിന്ന് ലഭിക്കുന്നുണ്ടാകാം. സാമ്പത്തിക അച്ചടക്കമുള്ള ഒരു വിദ്യാര്‍ഥിക്ക് ഇത്തരം കാര്യങ്ങളോട് യാതൊരു നാണക്കേടും കൂടാതെ 'നോ' പറയാന്‍ സാധിക്കും. കുറച്ചുകാലത്തേക്ക് മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനേക്കാള്‍ വലുതാണ് ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ഭദ്രത.

പഠനത്തിനപ്പുറമുള്ള വലിയ പാഠം

രസകരമായ കാര്യം എന്തെന്നാല്‍, ജീവിതത്തില്‍ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ ഏറ്റവും വലിയ പാഠങ്ങള്‍ പലരും പഠിക്കുന്നത് തങ്ങളുടെ വിദേശ പഠനകാലത്താണ് എന്നാണ് വിദ്യാര്‍ഥികള്‍ പിന്നീട് പറയുന്നത്. കാരണം, സ്വന്തം കാലില്‍ നില്‍ക്കാനും സാമ്പത്തികമായി സ്ഥിരത നേടാനും ബഡ്ജറ്റിംഗ് എത്രത്തോളം പ്രധാനമാണെന്ന് അവര്‍ ആദ്യമായി തിരിച്ചറിയുന്നത് അപ്പോഴാണ്. തുടക്കത്തില്‍ ഈ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ബുദ്ധിമുട്ടായി തോന്നാമെങ്കിലും, ഈ കാലയളവില്‍ പണം കൈകാര്യം ചെയ്യാന്‍ പഠിക്കുന്നവര്‍ ആ ശീലം തങ്ങളുടെ ഭാവി ജീവിതത്തിലും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാറുണ്ട്.