
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഫോമുകള്‍ പൂരിപ്പിച്ചും നീണ്ട വരികളില്‍ കാത്തുനിന്നും മടുത്തോ? എന്നാല്‍ ഇനി ആ ബുദ്ധിമുട്ട് വേണ്ട. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി ഇവയെല്ലാം ഇപ്പോള്‍ എളുപ്പത്തില്‍ ചെയ്യാം. പണമടയ്ക്കാനും പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിക്കാനും പിഎഫ് അക്കൗണ്ട് വിവരങ്ങള്‍ അറിയാനും ആരോഗ്യ വിവരങ്ങള്‍ കൈകാര്യം ചെയ്യാനും സഹായിക്കുന്ന സര്‍ക്കാര്‍ പുറത്തിറക്കിയ ചില ആപ്പുകള്‍ പരിചയപ്പെടാം.
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാനും എളുപ്പത്തില്‍ ഉപയോഗിക്കാനും ഡിജിലോക്കര്‍ സഹായിക്കുന്നു. ഇതിലെ രേഖകള്‍ക്ക് നിയമപരമായ സാധുതയുള്ളതിനാല്‍ പലയിടത്തും ഒറിജിനല്‍ രേഖകള്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. വിദ്യാര്‍ത്ഥികള്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കും സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും ഇത് വളരെ ഉപകാരപ്രദമാണ്.
ലളിതമായ ഒരു യുപിഐ ആപ്പാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഭീം ആപ്പ് മികച്ച ഓപ്ഷനാണ്. പണം അയക്കാനും സ്വീകരിക്കാനും, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും, കടകളില്‍ പണമടയ്ക്കാനും, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും ഈ സര്‍ക്കാര്‍ ആപ്പ് വഴി സാധിക്കും. യുപിഐ നെറ്റ്വര്‍ക്ക് വഴി പ്രവര്‍ത്തിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇടപാടുകള്‍ നടത്താം.
ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമായി വ്യത്യസ്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം, നിരവധി സേവനങ്ങള്‍ ഒറ്റയിടത്ത് ലഭ്യമാക്കുന്ന ആപ്പാണ് ഉമംഗ്. ഇപിഎഫ്ഒ സേവനങ്ങള്‍, പെന്‍ഷന്‍ വിവരങ്ങള്‍, കറണ്ട്- വാട്ടർ ബില്ലുകള്‍ അടയ്ക്കല്‍, ഗ്യാസ് ബുക്കിംഗ്, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലൂടെ ചെയ്യാം.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി ഒരു വ്യക്തിഗത ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി സൃഷ്ടിക്കാന്‍ ആഭ ആപ്പ് സഹായിക്കുന്നു. പദ്ധതിയുടെ ഭാഗമായിട്ടുള്ള ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. തുടര്‍ച്ചയായി ചികിത്സ തേടുന്നവര്‍ക്കും പല ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന രോഗികള്‍ക്കും ഈ ആപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ രൂപം ഫോണില്‍ കൊണ്ടുനടക്കാന്‍ എംആധാര്‍ ആപ്പ് സഹായിക്കും. ആധാര്‍ സംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കാനും, വിവരങ്ങള്‍ പുതുക്കാനും, ആധാര്‍ എൻറോൾമെന്റ് കേന്ദ്രങ്ങള്‍ കണ്ടെത്താനും ഇതിലൂടെ കഴിയും. തിരിച്ചറിയല്‍ രേഖ ആവശ്യമുള്ള എവിടെയും ഡിജിറ്റല്‍ ആധാര്‍ ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കും.