
മുംബൈ: രാജ്യത്തെ വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർശനമാക്കി ആർ ബി ഐ. വായ്പത്തുക തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് സ്ഥാപനങ്ങൾ മാന്യമായി പെരുമാറണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. ഉപഭോക്താക്കളെ ഫോണിൽ വിളിക്കുന്നതും വീട്ടിൽ പോകുന്നതും രാവിലെ എട്ടിനും വൈകീട്ട് ഏഴിനും ഇടയിലാകണം. വിളിച്ചാൽ മോശം ഭാഷ ഉപയോഗിക്കരുതെന്നും ഉള്ളടക്കം റെക്കോഡുചെയ്ത് സൂക്ഷിക്കണമെന്നും പുതിയ നിയമത്തിലുണ്ട്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ്‌ലറ്റ് പോലുള്ള ഉപകരണങ്ങൾക്കായി വാങ്ങിയ വായ്പകൾ തിരിച്ചുപിടിക്കുമ്പോൾ ഉപകരണത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണം ഏർപ്പെടുത്താം. എന്നാൽ നടപടികൾ മുൻകൂറായി ഉപഭോക്താക്കളെ അറിയിക്കണം. നിയന്ത്രണം കൊണ്ടുവന്നാലും ഇൻകമിങ് കോളുകൾ, എസ്.എം.എസ്., എമർജൻസി കോളുകൾ എന്നിവയ്ക്കു വിലക്കു പാടില്ല. വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വായ്പാ സ്ഥാപനങ്ങൾക്കാണ് നിർദേശം. അടുത്തവർഷം ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.