വീട്ടില്‍ എപ്പോഴും എത്ര രൂപ വരെ സൂക്ഷിക്കാം? പണം വെറുതെയിരുന്നാല്‍ പണി കിട്ടും!

Published : Aug 07, 2026, 02:40 PM IST
Indian Rupee

Synopsis

വീട്ടില്‍ സൂക്ഷിക്കേണ്ട പണത്തിന് കൃത്യമായ ഒരു കണക്കില്ല. ഇത് ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുറച്ചു ദിവസത്തെ അത്യാവശ്യ ചെലവുകള്‍ക്കുള്ള തുക കൈവശം വെക്കുകയും, വലിയ തുകകള്‍ മോഷണം, പണപ്പെരുപ്പം തുടങ്ങിയ നഷ്ടസാധ്യതകള്‍ ഒഴിവാക്കാന്‍ സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഉചിതം.

അത്യാവശ്യങ്ങള്‍ക്ക് എടുക്കാന്‍ വീട്ടില്‍ കുറച്ചു പണം സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനൊരു കണക്കുണ്ടോ? വീട്ടില്‍ എത്ര രൂപ വരെ സൂക്ഷിക്കാം? വല്ലാതെ കുറഞ്ഞുപോയാല്‍ പെട്ടെന്നൊരു എടിഎം തകരാറോ ബാങ്ക് പണിമുടക്കോ വന്നാല്‍ നമ്മള്‍ ശരിക്കും കുടുങ്ങും. ഇനി ആവശ്യത്തില്‍ കൂടുതല്‍ പണം സൂക്ഷിച്ചാലോ? അത് വെറുതെ ഇരിക്കുകയേ ഉള്ളൂ. മോഷണം പോകാനോ നഷ്ടപ്പെടാനോ പണപ്പെരുപ്പം മൂലം മൂല്യം ഇടിയാനോ ഉള്ള സാധ്യതയും കൂടുതലാണ്.

ഇതിന് എല്ലാവര്‍ക്കും യോജിച്ച ഒരൊറ്റ കണക്കില്ല. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് എടിഎമ്മുകളും ഓണ്‍ലൈന്‍ പേയ്മെന്റുകളും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. അതിനാല്‍ അവര്‍ക്ക് വീട്ടില്‍ വലിയ തുക സൂക്ഷിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കോ പൂര്‍ണ്ണമായും പണമിടപാടുകളെ ആശ്രയിക്കുന്നവര്‍ക്കോ അല്‍പ്പം കൂടുതല്‍ തുക കൈവശം വെക്കേണ്ടി വരും.

എത്ര തുക വേണമെന്ന് എങ്ങനെ തീരുമാനിക്കാം?

നിങ്ങളുടെ ഫോണോ ഇന്റര്‍നെറ്റ് കണക്ഷനോ ബാങ്കിങ് സേവനങ്ങളോ പെട്ടെന്ന് പണിമുടക്കിയാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിക്കുക. ആ സമയത്ത് ആവശ്യമായി വരുന്ന പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍, യാത്രാച്ചെലവുകള്‍ അല്ലെങ്കില്‍ പ്രാദേശിക സേവനങ്ങള്‍ക്കുള്ള പണം എന്നിവ അടിസ്ഥാനമാക്കിയാണ് വീട്ടില്‍ സൂക്ഷിക്കേണ്ട തുക തീരുമാനിക്കേണ്ടത്.

മിക്ക കുടുംബങ്ങള്‍ക്കും ഏതാനും ദിവസത്തെ ചെലവുകള്‍ക്ക് ആവശ്യമായ പണം കൈവശം വെക്കുന്നത് പ്രായോഗികമാണ്. കുടുംബത്തിന്റെ വലിപ്പം, ചെലവുകള്‍, എളുപ്പത്തില്‍ എടിഎം വഴി പണം എടുക്കാനുള്ള സൗകര്യം എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. ഇതൊരു അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കരുതല്‍ ധനം മാത്രമായിരിക്കണം; അല്ലാതെ ഇതൊരിക്കലും രണ്ടാമതൊരു സേവിങ്‌സ് അക്കൗണ്ട് പോലെ ആകരുത്.

വലിയ തുക ബാങ്കിലിരിക്കട്ടെ

വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള വലിയ തുകകള്‍ വീട്ടില്‍ നോട്ടുകളായി സൂക്ഷിക്കുന്നതിന് പകരം സുരക്ഷിതമായതും പെട്ടെന്ന് എടുക്കാന്‍ സാധിക്കുന്നതുമായ മറ്റ് മാര്‍ഗങ്ങളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കണമെന്നാണ് നിക്ഷേപകര്‍ക്ക് സെബിനല്‍കുന്ന നിര്‍ദേശം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്ന ഫണ്ടുകള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും സെബി വ്യക്തമാക്കുന്നു.

അലമാരയിലോ ലോക്കറിലോ വെക്കുന്ന പണത്തില്‍ നിന്നും വ്യത്യസ്തമാണ് ഈ വലിയ എമര്‍ജന്‍സി ഫണ്ട്. മാസങ്ങളോളം നീളുന്ന അത്യാവശ്യ ചെലവുകള്‍ക്കായി ഇത് ഉപയോഗിക്കാം. ഒരു ജോലി നഷ്ടപ്പെടുകയോ പെട്ടെന്നുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ വരികയോ ചെയ്യുമ്പോള്‍, വലിയ നിക്ഷേപങ്ങള്‍ അനുയോജ്യമല്ലാത്ത സമയത്ത് പിന്‍വലിക്കേണ്ടി വരാതിരിക്കാന്‍ ഇത്തരം ഫണ്ടുകള്‍ സഹായിക്കും.

കൂടുതല്‍ പണം വേണ്ടി വരുന്ന സാഹചര്യങ്ങള്‍

ചില പ്രത്യേക സാഹചര്യങ്ങളില്‍ വീട്ടില്‍ കുറച്ചു കൂടുതല്‍ പണം താല്‍ക്കാലികമായി സൂക്ഷിക്കേണ്ടി വരും. ബാങ്കിങ് സൗകര്യങ്ങള്‍ കുറവുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര, പെട്ടെന്നുള്ള സാമ്പത്തിക തടസ്സങ്ങള്‍ മുന്നില്‍ കാണുമ്പോള്‍, അല്ലെങ്കില്‍ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഒരാളെ പരിചരിക്കുമ്പോള്‍ കുറച്ചു കൂടുതല്‍ പണം കയ്യില്‍ കരുതുന്നത് ബുദ്ധിയാണ്.

അതേസമയം, വന്‍തുക വീട്ടില്‍ സൂക്ഷിക്കുന്നത് അപകടമാണ്. അത് മോഷ്ടിക്കപ്പെടാനോ നശിച്ചുപോകാനോ സാധ്യതയുണ്ട്. മാത്രമല്ല, വീട്ടിലിരിക്കുന്ന പണത്തിന് യാതൊരു ആദായവും ലഭിക്കില്ല. പണപ്പെരുപ്പം കാരണം കാലക്രമേണ അതിന്റെ മൂല്യം കുറയുകയും ചെയ്യും.അതുകൊണ്ട് ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി ചെറിയൊരു തുക വീട്ടില്‍ സൂക്ഷിക്കുകയും, വലിയ തുകകള്‍ എളുപ്പത്തില്‍ പിന്‍വലിക്കാവുന്ന രീതിയില്‍ നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും മികച്ച വഴി. നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, മാസച്ചെലവ്, വരുമാനം എന്നിവ മാറുമ്പോള്‍ ഈ കരുതല്‍ തുകയിലും മാറ്റങ്ങള്‍ വരുത്തണം.

PREV
Read more Articles on
click me!

Recommended Stories

അറിയിപ്പില്ലാതെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തു; ഉപഭോക്താവിന് 1.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാങ്കിനോട് ഉത്തരവിട്ട് ഉപഭോക്തൃ കോടതി
എസ്ഐപി ദിവസവും ചെയ്യണോ അതോ മാസത്തിലൊരിക്കല്‍ മതിയോ? നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍