
അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെടുന്നതോ ഇഎംഐ മുടങ്ങിപ്പോകുന്നതോ ഒക്കെയാണ് സാധാരണയായി ശമ്പളക്കാരായ ജീവനക്കാരെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന സാമ്പത്തിക ആശങ്കകൾ. എന്നാൽ ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാരെ ഇതിലും വലിയൊരു ആശങ്ക വേട്ടയാടുന്നുണ്ടെന്നാണ് പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കുതിച്ചുയരുന്ന മെഡിക്കൽ ചികിത്സാച്ചെലവുകളാണ് യുവാക്കളെ വെട്ടിലാക്കുന്ന നിലവിലെ വലിയ പ്രശ്നം.
ടാറ്റ എ.ഐ.ജി ജനറൽ ഇൻഷുറൻസ് കമ്പനി (Tata AIG) നടത്തിയ 'ദ കോർപ്പറേറ്റ് ഹെൽത്ത് പ്രൊട്ടക്ഷൻ പൾസ് 2026' സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്ത 94% ആളുകളും വ്യക്തമാക്കിയത് പെട്ടെന്നുണ്ടാകുന്ന ഉയർന്ന ആശുപത്രി ചെലവുകൾ തങ്ങളുടെ സാമ്പത്തിക നിലയെ താളം തെറ്റിക്കുമെന്നാണ്. മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലെ 28 മുതൽ 55 വയസ് വരെയുള്ള 748-ലധികം കോർപ്പറേറ്റ് ജീവനക്കാരിലാണ് പഠനം നടത്തിയത്.
കമ്പനികൾ നൽകുന്ന ഗ്രൂപ്പ് മെഡിക്കൽ കവർ (GMC) മാത്രം ഒരു വലിയ മെഡിക്കൽ എമർജൻസി നേരിടാൻ തികയില്ലെന്നാണ് 75% പേരും അഭിപ്രായപ്പെട്ടത്. കമ്പനി ഇൻഷുറൻസിന് പുറമെ സ്വന്തമായി പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് പോളിസി വേണമെന്ന് 84% പേരും ആഗ്രഹിക്കുമ്പോഴും, 45% പേർക്കും നിലവിൽ സ്വന്തമായി ഇൻഷുറൻസ് പോളിസികളില്ല. ജോലി ചെയ്യുന്ന കമ്പനി നൽകുന്ന മെഡിക്കൽ ഇൻഷുറൻസിന്റെ പരിധികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും 41% ജീവനക്കാർക്ക് മാത്രമാണ് കൃത്യമായ ധാരണയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് തടസമില്ലാതെ തുടരുന്നത് പ്രധാനമാണെന്ന് 88% പേരും കരുതുന്നു. എന്നാൽ ഇതിനുള്ള വഴികളെക്കുറിച്ച് 40% പേർക്ക് മാത്രമേ അറിവുള്ളൂ. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ ആറുമാസമോ അതിൽ കുറവോ സമയം മാത്രമേ സമ്പാദ്യം കൊണ്ട് മുന്നോട്ട് പോകാൻ കഴിയൂ എന്ന് 70% പേരും സമ്മതിക്കുന്നു. 12% പേർക്ക് മാത്രമാണ് ഒരു വർഷത്തിലധികം പിടിച്ചുനിൽക്കാനുള്ള കരുതൽ ധനമുള്ളതെന്നും സർവ്വേ ഫലം പറയുന്നു.
പ്രത്യേകിച്ച് 28 മുതൽ 34 വയസ് വരെയുള്ള ചെറുപ്പക്കാരിൽ "പിന്നീട് ഇൻഷുറൻസ് എടുക്കാം" എന്ന മനോഭാവവും അവബോധമില്ലായ്മയും കൂടുതലായി കാണപ്പെടുന്നു. ചെറുപ്പത്തിൽ രോഗസാധ്യത കുറവാണെന്ന് കരുതി ഇൻഷുറൻസ് വൈകിപ്പിക്കുന്നത് പെട്ടെന്നൊരു ആശുപത്രി വാസം വന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. വെറും സമ്പാദ്യമോ ഇ.എം.ഐ കൃത്യമായി അടയ്ക്കുന്നതോ മാത്രമല്ല ഫിനാൻഷ്യൽ പ്ലാനിംഗ്. സ്വന്തം ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നതും സാമ്പത്തിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്ന് പഠനം ഓർമ്മിപ്പിക്കുന്നു.