'ശമ്പളം കൂടിയാലേ എല്ലാം നടക്കൂ' എന്നാണോ? ഇടത്തരം വരുമാനക്കാര്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റ് ഇതാ; മുന്നറിയിപ്പുമായി വിദഗ്ധന്‍

Published : May 14, 2026, 11:23 AM IST
indian rupee

Synopsis

ശമ്പളം കൂടുമ്പോൾ സമ്പാദ്യം തുടങ്ങാമെന്ന് കരുതുന്നത് തെറ്റായ ധാരണയാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് നിതിൻ കൗശിക് പറയുന്നു. വരുമാനം വർധിക്കുന്നതിനനുസരിച്ച് ചെലവുകളും കൂടുന്ന 'ലൈഫ്‌സ്‌റ്റൈൽ ഇൻഫ്‌ലേഷൻ' എന്ന കെണിയിൽ പലരും വീഴുന്നു. സാമ്പത്തിക ഭദ്രതയ്ക്ക്, ചെറിയ തുകയാണെങ്കിലും നേരത്തെ തന്നെ സമ്പാദ്യശീലം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.

'അടുത്ത തവണ ശമ്പളം ഒന്ന് കൂടട്ടെ, അപ്പോള്‍ തുടങ്ങാം സമ്പാദ്യം.' ശമ്പളക്കാരായി ജോലി ചെയ്യുന്ന മിക്കവരും സ്ഥിരമായി പറയുന്ന ഒരു വാചകമാണിത്. എന്നാല്‍ ഈ കാത്തിരിപ്പ് വലിയൊരു കെണിയാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ കൗശിക്. ശമ്പളം കൂടുമ്പോള്‍ സമ്പാദ്യവും കൂടുമെന്ന ഇടത്തരം വരുമാനക്കാരുടെ ധാരണ തെറ്റാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. പലപ്പോഴും വരുമാനം കൂടുന്നതിനൊപ്പം നമ്മുടെ സാമ്പത്തിക സമ്മര്‍ദ്ദവും കൂടുകയാണ് പതിവ്.

ശീലങ്ങളാണ് പ്രധാനം, വരുമാനമല്ല

നല്ല വരുമാനം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും സാമ്പത്തിക അച്ചടക്കം വരുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വരുമാനത്തേക്കാള്‍ വേഗത്തില്‍ വളരുന്നത് മനുഷ്യന്റെ ശീലങ്ങളാണെന്ന് നിതിന്‍ കൗശിക് പറയുന്നു. കുറഞ്ഞ വരുമാനമുള്ളപ്പോള്‍ ചെറിയ തുക പോലും മാറ്റിവെക്കാന്‍ കഴിയാത്ത ഒരാള്‍ക്ക്, ശമ്പളം കൂടുമ്പോള്‍ പെട്ടെന്ന് സാമ്പത്തിക അച്ചടക്കം ഉണ്ടാകാന്‍ സാധ്യത കുറവാണ്.

വരുമാനം കൂടുമ്പോള്‍ കൂടെവരുന്ന 'ലൈഫ്‌സ്‌റ്റൈല്‍ ഇന്‍ഫ്‌ലേഷന്‍'

ശമ്പളം കൂടുമ്പോള്‍ പലരും ആദ്യം ചെയ്യുന്നത് ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. വലിയ വീടുകളിലേക്ക് മാറുന്നതോടെ വാടകയോ അല്ലെങ്കിൽ ഇഎംഐയോ വര്‍ധിക്കുന്നു. ഒന്നിനുപുറകെ ഒന്നായി ഒടിടി പ്ലാറ്റ്ഫോമുകളുടെയും മറ്റും സബ്സ്‌ക്രിപ്ഷനുകള്‍ വന്നുചേരുന്നു. ഭക്ഷണരീതികളും യാത്രകളും ചെലവേറിയതാകുന്നു. ഇത്തരത്തില്‍ വരുമാനം കൂടുന്നതിനൊപ്പം ചെലവുകളും വര്‍ധിക്കുന്നതിനെയാണ് 'ലൈഫ്‌സ്‌റ്റൈല്‍ ഇന്‍ഫ്‌ലേഷന്‍' എന്ന് വിളിക്കുന്നത്. ഫലത്തില്‍, പഴയതിനേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുമ്പോഴും മാസാവസാനം കയ്യില്‍ പണമില്ലാത്ത അവസ്ഥ തുടരുന്നു.

50,000 രൂപയില്‍ നിന്നും 5,000 രൂപ മാറ്റിവെക്കാന്‍ പറ്റുന്നില്ലേ?

ഒരു ലളിതമായ ഉദാഹരണത്തിലൂടെ അദ്ദേഹം ഇത് വിശദീകരിക്കുന്നു. ഒരാള്‍ക്ക് 50,000 രൂപ ശമ്പളമുള്ളപ്പോള്‍ അതില്‍ നിന്നും 5,000 രൂപ സമ്പാദിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അയാളുടെ ശമ്പളം വര്‍ധിച്ചാലും മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. കാരണം ശമ്പളം കൂടുന്നതിനൊപ്പം തന്നെ അയാളുടെ ചെലവുകളും വര്‍ധിച്ചിട്ടുണ്ടാകും.

സമ്പാദ്യം തുടങ്ങാന്‍ 'മികച്ച സമയം' എന്നൊന്നില്ല

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ഒറ്റയടിക്ക് ഉണ്ടാകുന്ന ഒന്നല്ല. മറിച്ച് വര്‍ഷങ്ങളോളം ചെറിയ തുകകള്‍ കൃത്യമായി മാറ്റിവെക്കുന്നതിലൂടെ രൂപപ്പെടുന്ന ശീലമാണത്. നിക്ഷേപങ്ങളില്‍ കൂട്ടുപലിശയുടെ ഗുണം ലഭിക്കണമെങ്കില്‍ നേരത്തെ നിക്ഷേപം തുടങ്ങേണ്ടത് അത്യാവശ്യമാണ്. ശമ്പളം കൂടാന്‍ കാത്തിരിക്കുന്നതിലൂടെ വിലപ്പെട്ട വര്‍ഷങ്ങളാണ് പാഴാക്കുന്നത്. ചെറിയ തുകയാണെങ്കിലും ശമ്പളം കിട്ടുമ്പോള്‍ തന്നെ കൃത്യമായി മാറ്റിവെക്കുന്ന ശീലം വളര്‍ത്തിയെടുക്കുകയാണ് സാമ്പത്തിക ഭദ്രതയിലേക്കുള്ള ഏക വഴിയെന്നും നിതിന്‍ കൗശിക് ഓര്‍മ്മിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10.83 ലക്ഷം വരെ തിരികെക്കിട്ടും! വെറും 444 ദിവസം മതി, എസ്ബിഐയിലും കാനറയിലും പിഎൻബിയിലും സ്കീം
എൽപിജിക്ക് പകരക്കാരൻ! വീടുകളിൽ സിംപിളായി നിർമിക്കാം, ചെലവ് കുറവ്, പ്രായോഗികം; 7 സിലിണ്ടര്‍ വരെ ലാഭിക്കാമെന്ന് കണക്കുകൾ, താരമായി ബയോഗ്യാസ്