എസ്ബിഐയുടെ ഈ എടിഎം കാര്‍ഡുകള്‍ ജനുവരി ഒന്ന് മുതല്‍ 'വെറും വേസ്റ്റ്'

By Web TeamFirst Published Dec 4, 2019, 11:20 AM IST
Highlights

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ സ്ഥിരമായതോടെയാണ് കൂടുതൽ സുരക്ഷിതത്വം ഉറപ്പുതരുന്ന ചിപ് കാർഡുകൾ ബാങ്കുകൾ പുറത്തിറക്കിയത്. എല്ലാ അക്കൗണ്ട് ഉടമകളുടെയും കാർഡുകൾ നിർബന്ധമായും ചിപ് കാർഡാക്കി മാറ്റേണ്ടത്, ഉപഭോക്താവിന്റെ അക്കൗണ്ടിന്റെ സുരക്ഷിതത്വത്തിന് വേണ്ടിക്കൂടിയാണ്.

തിരുവനന്തപുരം: നിങ്ങളിനിയും നിങ്ങളുടെ എടിഎം കാർഡ് മാറ്റിയില്ലേ? ഈ ചോദ്യം കേട്ട് ഭയക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കാർഡുകളിൽ മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ കൈവശം വയ്ക്കുന്നവർക്കുള്ള മുന്നറിയിപ്പാണിത്. അവർ ഉടൻ തന്നെ തങ്ങളുടെ കാർഡുകൾ ചിപ് കാർഡാക്കി മാറ്റണം. അല്ലെങ്കിൽ ജനുവരി ഒന്ന് മുതൽ ആ കാർഡുകൾ യാതൊരു ഉപയോഗത്തിനും കൊള്ളാത്തവയാകും.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ സ്ഥിരമായതോടെയാണ് കൂടുതൽ സുരക്ഷിതത്വം ഉറപ്പുതരുന്ന ചിപ് കാർഡുകൾ ബാങ്കുകൾ പുറത്തിറക്കിയത്. എല്ലാ അക്കൗണ്ട് ഉടമകളുടെയും കാർഡുകൾ നിർബന്ധമായും ചിപ് കാർഡാക്കി മാറ്റേണ്ടത്, ഉപഭോക്താവിന്റെ അക്കൗണ്ടിന്റെ സുരക്ഷിതത്വത്തിന് വേണ്ടിക്കൂടിയാണ്.

ഈ കാർഡ് മാറ്റം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പണച്ചിലവില്ലാത്തതാണ്. റിസർവ് ബാങ്കിന്റെ കർശന നിർദ്ദേശപ്രകാരം നടപ്പിലാക്കുന്നതാണിത്. പുതിയ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ ഡിസംബർ 31 ന് ശേഷം എടിഎമ്മിൽ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാനാവില്ല.

ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചിൽ നേരിട്ട് ചെന്നോ കാർഡ് മാറ്റാനാവും. എന്നാൽ, പുതിയ കാർഡിന് അപേക്ഷിക്കുന്നതിന് മുൻപ് നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ് തന്നെയാണ് ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. ഈ അഡ്രസിലേക്കാവും കാർഡ് അയക്കുക. ഉപഭോക്താവിന്റെ കൈവശം തന്നെയാണ് കാർഡ് എത്തുന്നതെന്ന് ഉറപ്പാക്കാനാണ് ബാങ്ക് ഈ നിർദ്ദേശവും മുന്നോട്ട് വച്ചിരിക്കുന്നത്.
 
click me!