
നല്ലൊരു പ്രദേശത്ത് സ്വന്തമായി ഒരു വീട് - അതൊരു വലിയ സ്വപ്നമാണ്. പുതിയ പ്രോജക്റ്റുകളെ അപേക്ഷിച്ച് വിലക്കുറവ്, നേരിട്ട് കണ്ട് ബോധ്യപ്പെടാനുള്ള സൗകര്യം, ചുറ്റുമുള്ള സൗകര്യങ്ങള് എന്നിവ കണക്കിലെടുക്കുമ്പോള് പലരും മുന്ഗണന നല്കുന്നത് റീസെയില് വീടുകള്ക്കോ ഫ്ലാറ്റുകള്ക്കോ ആണ്. എന്നാല്, ഒറ്റനോട്ടത്തില് ലാഭകരമെന്ന് തോന്നുമെങ്കിലും പഴയ വീടുകള് വാങ്ങുമ്പോള് ചില വലിയ അപകടസാധ്യതകളും മറഞ്ഞിരിപ്പുണ്ട്.
ബാങ്ക് കണക്കാക്കുന്ന മൂല്യം, കെട്ടിടത്തിന്റെ പഴക്കം, സ്റ്റാമ്പ് ഡ്യൂട്ടി വ്യത്യാസങ്ങള് മൂലമുള്ള ടാക്സ് പ്രശ്നങ്ങള് എന്നിവയൊക്കെ വിചാരിച്ചതിലും വലിയ തുക ചെലവാകാന് ഇടയാക്കും. റീസെയില് വീട് വാങ്ങുന്നതിന് മുന്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള് താഴെ പറയുന്നവയാണ്.
നിങ്ങള് വില്പ്പനക്കാരനുമായി സംസാരിച്ചുറപ്പിക്കുന്ന വിലയായിരിക്കില്ല ബാങ്ക് ആ വസ്തുവിന് നല്കുന്നത്. ബാങ്ക് അവരുടെ ടെക്നിക്കല് ടീമിനെ അയച്ച് വസ്തുവിന്റെ യഥാര്ത്ഥ മൂല്യം തിട്ടപ്പെടുത്തും. ഈ തുകയെ അടിസ്ഥാനമാക്കിയാണ് ലോണ് അനുവദിക്കുന്നത്.
ഉദാഹരണത്തിന്: നിങ്ങള് 60 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങാന് ഉറപ്പിക്കുന്നു. എന്നാല് ബാങ്കിന്റെ പരിശോധനയില് അതിന്റെ മൂല്യം 55 രൂപ ലക്ഷമായി കുറയുന്നു. 80% ലോണ് പ്രകാരം ബാങ്ക് നല്കുന്നത് 44 ലക്ഷമായിരിക്കും.. അതായത്, കയ്യില് നിന്ന് ഇറക്കേണ്ട തുക 12 ലക്ഷത്തിന് പകരം 16 ലക്ഷമായി ഉയരും!
ബാങ്കുകള് കെട്ടിടത്തിന്റെ ശേഷിക്കുന്ന ആയുസ് എന്ജിനീയര്മാരെക്കൊണ്ട് പരിശോധിപ്പിക്കും. നിങ്ങള് ആവശ്യപ്പെടുന്ന വായ്പാ കാലാവധിയേക്കാള് കുറവാണ് കെട്ടിടത്തിന്റെ ആയുസെങ്കില്, ലോണ് തിരിച്ചടവ് കാലാവധി വെട്ടിച്ചുരുക്കും. ഇത് നിങ്ങളുടെ ഇഎംഐ കുത്തനെ കൂട്ടും. 50 വര്ഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങള്ക്ക് വന്തോതിലുള്ള അറ്റകുറ്റപ്പണികളോ പുനര്നിര്മ്മാണമോ ആവശ്യമായി വരാം.
വില്പ്പനക്കാരന് ബാങ്ക് വായ്പ നിലവിലുണ്ടെങ്കില്, ഒറിജിനല് രേഖകള് ബാങ്കിന്റെ പക്കലായിരിക്കും. ആധാരം രജിസ്റ്റര് ചെയ്യുന്നതിന് മുന്പ് ഈ ലോണ് ക്ലോസ് ചെയ്യുന്ന കാര്യം വ്യക്തമായി തീരുമാനിക്കണം.
സര്ക്കാര് നിശ്ചയിച്ചിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി മൂല്യത്തേക്കാള് കുറഞ്ഞ വിലയ്ക്കാണ് നിങ്ങള് വീട് വാങ്ങുന്നതെങ്കില്, ആ വ്യത്യാസത്തിന് വാങ്ങുന്നയാള് നികുതി നല്കേണ്ടി വരും. വ്യത്യാസം 50,000 രൂപ അല്ലെങ്കില് വാങ്ങുന്ന വിലയുടെ 10% (ഏതാണോ ഉയര്ന്നത്) കവിഞ്ഞാല് ഇത് ബാധകമാണ്.
50 ലക്ഷമോ അതില് കൂടുതലോ വിലയുള്ള വസ്തുക്കള് വാങ്ങുമ്പോള്, ആകെ തുകയുടെ 1% ടി.ഡി.എസ് ആയി പിടിച്ചുവെച്ച് സര്ക്കാരിലേക്ക് അടയ്ക്കണം.
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ്, ബ്രോക്കറേജ്, സൊസൈറ്റി ട്രാന്സ്ഫര് ഫീസ് എന്നിവയ്ക്ക് പുറമെ, ബാങ്കുകള് അവരുടെ പ്രോസസിങ് ഫീസ്, വാല്യുയേഷന് ഫീസ്, ലീഗല് ഫീസ് എന്നിവയ്ക്ക് ജി.എസ്.ടിയും ഈടാക്കും.