'ക്രെഡിറ്റ് കാർഡ് ലോൺ അപ്രൂവ്ഡ്'! ഫോണിൽ ഇടക്കിടെ മെസേജ് വരാറുണ്ടോ? ഓടിച്ചാടി എടുക്കും മുൻപ് ഇക്കാര്യങ്ങൾ അറിയാം

Published : Jun 09, 2026, 11:57 AM IST
Credit Card Loan

Synopsis

ക്രെഡിറ്റ് കാർഡ് ലോണുകൾ പെട്ടെന്ന് പണം ലഭ്യമാക്കുന്ന ഒരു പ്രീ- അപ്രൂവ്ഡ് വായ്പാ സൗകര്യമാണ്. എന്നാൽ, ഉയർന്ന പലിശ നിരക്ക്, ക്രെഡിറ്റ് ലിമിറ്റ് കുറയുന്നത്, ക്രെഡിറ്റ് സ്കോറിനെ ബാധിക്കാനുള്ള സാധ്യത തുടങ്ങിയ നിരവധി അപകടസാധ്യതകളും ഇതിനുണ്ട്. ഈ വായ്പ എടുക്കുന്നതിന് മുൻപ് ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും കൃത്യമായി മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

ക്രെഡിറ്റ് കാർഡുകൾ ഇന്ന് വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു ട്രെന്റ് കേരളത്തിലുണ്ട്. നേരത്തെയൊക്കെ ഷോപ്പിംഗിന് മാത്രം സ്വൈപ്പ് ചെയ്തിരുന്ന ക്രെഡിറ്റ് കാർഡുകൾ ഇന്ന് ലോണുകളെടുക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കൃത്യമായി ഇത് എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന ധാരണ ഇപ്പോഴും പലർക്കുമില്ല എന്നതാണ് വാസ്തവം. ക്രെഡിറ്റ് കാർഡ് ലോണുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അത് തിരിച്ചടയ്ക്കുന്നതിനുള്ള രീതികൾ എന്തൊക്കെയാണെന്നും കൃത്യമായി മനസിലാക്കുന്നത് ഭാവിയിൽ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കും.

എന്താണ് ക്രെഡിറ്റ് കാർഡ് ലോൺ?

അർഹരായ കാർഡ് ഉടമകൾക്കായി ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന മുൻകൂട്ടി അനുമതി ലഭിച്ച (Pre-approved) വായ്പാ സൗകര്യമാണ് ക്രെഡിറ്റ് കാർഡ് ലോൺ. കാർഡ് ഉടമയുടെ ക്രെഡിറ്റ് ലിമിറ്റ്, ക്രെഡിറ്റ് സ്കോർ, മുൻകാല തിരിച്ചടവ് ചരിത്രം, തിരിച്ചടവ് ശേഷി എന്നിവ കണക്കിലെടുത്താണ് വായ്പ തുക നിശ്ചയിക്കുന്നത്.

സാധാരണ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതിൽ നിന്നും വ്യത്യസ്തമാണ് ക്രെഡിറ്റ് കാർഡ് ലോണുകൾ. ഇതിൽ വായ്പ തുക ഒന്നിച്ച് (Lump sum) ലഭിക്കുകയും, നിശ്ചിത കാലാവധിക്കുള്ളിൽ കൃത്യമായ ഇ.എം.ഐ (EMI) കളായി തിരിച്ചടയ്ക്കുകയും വേണം. ഇതൊരു അൺസെക്യൂർഡ് ലോൺ (Unsecured loan) ആയതിനാൽ ഈട് നൽകുകയോ, മറ്റ് പേപ്പർ വർക്കുകളോ അപേക്ഷാ ഫോമുകളോ സമർപ്പിക്കേണ്ടി വരില്ല.

പ്രധാന സവിശേഷതകളും നേട്ടങ്ങളും

പെട്ടെന്നുണ്ടാകുന്ന മെഡിക്കൽ അടിയന്തിരാവസ്ഥകൾ, യാത്രകൾ, വീട് പുതുക്കിപ്പണിയൽ അല്ലെങ്കിൽ മറ്റ് അപ്രതീക്ഷിത ചെലവുകൾ എന്നിവ നേരിടാൻ വേഗത്തിൽ പണം ലഭ്യമാക്കുക എന്നതാണ് ക്രെഡിറ്റ് കാർഡ് ലോണുകളുടെ ലക്ഷ്യം. ഇതിന്റെ അപ്രൂവൽ നടപടികളും വളരെ വേഗത്തിലായിരിക്കും. ക്രെഡിറ്റ് കാർഡ് ലോണുകളുടെ മേന്മകൾ നോക്കാം.

  • അപേക്ഷിച്ച ഉടൻ തന്നെ തുക ബാങ്ക് അക്കൗണ്ടിലോ കാർഡ് അക്കൗണ്ടിലോ എത്തും.
  • അധികം പേപ്പർ വർക്കുകൾ ആവശ്യമില്ല. അധിക രേഖകൾ സമർപ്പിക്കേണ്ടതില്ല.
  • ഫ്ലെക്സിബിൾ, സൗകര്യപ്രദമായ ഇ.എം.ഐ കാലാവധികൾ തിരഞ്ഞെടുക്കാം.
  • നെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ വഴി എളുപ്പത്തിൽ വായ്പ ലഭ്യമാക്കാം.
  • കൃത്യസമയത്തുള്ള തിരിച്ചടവ് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.

അപകടസാധ്യതകൾ

ഉയർന്ന പലിശ നിരക്ക്: സാധാരണ വ്യക്തിഗത വായ്പകളെ (Personal Loans) അപേക്ഷിച്ച് ക്രെഡിറ്റ് കാർഡ് ലോണുകൾക്ക് പലിശ നിരക്ക് വളരെ കൂടുതലാണ്. കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് വലിയ കടക്കെണിയിലേക്ക് നയിക്കാം.

ക്രെഡിറ്റ് ലിമിറ്റ് കുറയുന്നു: നിങ്ങൾ എടുക്കുന്ന ലോൺ തുക നിങ്ങളുടെ കാർഡിന്റെ ആകെ ക്രെഡിറ്റ് ലിമിറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. വായ്പ എടുക്കുന്നതോടെ ലഭ്യമായ ക്രെഡിറ്റ് ലിമിറ്റ് കുറയുകയും. ഇത് നിത്യജീവിതത്തിലെ കാർഡ് പർച്ചേസുകളെ ബാധിക്കുകയും ചെയ്യും.

കടം കുന്നുകൂടാനുള്ള സാധ്യത: പണം എളുപ്പത്തിൽ ലഭ്യമാകുന്നത് പരിധിയിൽ കൂടുതൽ കടം എടുക്കാൻ ആളുകളെ പ്രേരിപ്പിച്ചേക്കാം. ഇത് ഒരേസമയം ഒന്നിലധികം സാമ്പത്തിക ബാധ്യതകൾ വരുത്തിവെക്കും.

ക്രെഡിറ്റ് പ്രൊഫൈലിനെ ബാധിക്കുന്നു: ഏതെങ്കിലും ഒരു ഇ.എം.ഐ തിരിച്ചടവ് മുടങ്ങുകയോ വൈകുകയോ ചെയ്താൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും. ഇത് ഭാവിയിൽ മറ്റ് വായ്പകൾ ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കും.

അധിക ചാർജുകളും പിഴകളും: കൃത്യസമയത്ത് തിരിച്ചടയ്ക്കാതിരുന്നാൽ വൻ തുക ലേറ്റ് ഫീസായും മറ്റ് പെനാൽറ്റികളായും നൽകേണ്ടി വരും. ഇത് വായ്പാ ബാധ്യത ഇരട്ടിയാക്കും.

ഒരു സാമ്പത്തിക ഉപദേശം: ഉയർന്ന തുകകൾ വായ്പയായി ആവശ്യമുള്ളപ്പോൾ, കുറഞ്ഞ പലിശ നിരക്കും വലിയ വായ്പാ പരിധിയുമുള്ള പേഴ്സണൽ ലോണുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും സാമ്പത്തികമായി കൂടുതൽ ലാഭകരം. ഏതൊരു വായ്പയും എടുക്കുന്നതിന് മുൻപ് ഒരു സർട്ടിഫൈഡ് ഫിനാൻഷ്യൽ അഡ്വൈസറുമായി സംസാരിക്കുന്നത് നിങ്ങളുടെ സമ്പാദ്യത്തെ ബാധ്യതകളില്ലാതെ സംരക്ഷിക്കാൻ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

മരണശേഷം ലൈഫ് ഇന്‍ഷുറന്‍സ് തുക കുടുംബത്തിന് കിട്ടുമോ? അതോ കടക്കാര്‍ കൊണ്ടുപോകുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വിദേശപഠനം ആണോ സ്വപ്നം? കീശ കാലിയാകാതിരിക്കാന്‍ പഠിക്കണം ഈ 'സര്‍വൈവല്‍ സ്‌കില്‍'