
മരണ ശേഷം ലൈഫ് ഇന്‍ഷുറന്‍സ് തുക സ്വാഭാവികമായും നോമിനികള്‍ക്ക് ലഭിക്കുമെന്നാണ് നമ്മളില്‍ പലരും കരുതുന്നത്. എന്നാല്‍ പലപ്പോഴും ഇതല്ല എപ്പോഴുമുള്ള യാഥാര്‍ഥ്യമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍ഷുറന്‍സ് എടുത്ത വ്യക്തി മരിക്കുമ്പോള്‍ അദ്ദേഹത്തിന് തിരിച്ചടയ്ക്കാനുള്ള വായ്പകളോ, ബിസിനസ് ബാധ്യതകളോ മറ്റ് ഗ്യാരണ്ടികളോ നിലവിലുണ്ടെങ്കില്‍ ഈ തുക കുടുംബത്തിന് ലഭിക്കണമെന്നില്ല.
ഒരാള്‍ മരിച്ചതുകൊണ്ട് മാത്രം അയാളുടെ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നില്ല. വലിയ കടങ്ങള്‍ ബാക്കിയാക്കിയാണ് പോകുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും വായ്പ നല്‍കിയവര്‍ക്ക് അവകാശപ്പെട്ടതാണ്. ഇതൊരു സ്വകാര്യ സമ്പാദ്യമാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. മരിക്കുമ്പോള്‍ ബിസിനസ് കടങ്ങളോ മറ്റ് ബാധ്യതകളോ ഉണ്ടെങ്കില്‍, ഇന്‍ഷുറന്‍സ് തുക കടക്കാര്‍ക്ക് പിടിച്ചെടുക്കാവുന്ന മറ്റൊരു ആസ്തി മാത്രമാണ്.
ഒരു ബിസിനസുകാരന് 2 കോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് ഉണ്ടെന്ന് കരുതുക. എന്നാല്‍ അദ്ദേഹം മരിക്കുമ്പോള്‍ 3.5 കോടി രൂപയുടെ വായ്പാ ബാധ്യത ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍, ഇന്‍ഷുറന്‍സ് തുകയായ 2 കോടി രൂപ പൂര്‍ണമായും കടം വീട്ടാനായി ബാങ്കുകള്‍ക്കോ കടക്കാര്‍ക്കോ നിയമപരമായി എടുക്കാം. കുടുംബത്തിന് ഈ തുകയില്‍ നിന്ന് ഒന്നും ലഭിക്കില്ല എന്ന് മാത്രമല്ല, ബാക്കി 1.5 കോടി രൂപയുടെ ബാധ്യത അവിടെ നിലനില്‍ക്കുകയും ചെയ്യും.
ഈ വലിയൊരു പ്രതിസന്ധി മറികടക്കാനുള്ള വഴിയാണ് 1874-ലെ മാരീഡ് വുമണ്‍സ് പ്രോപ്പര്‍ട്ടി ആക്ട്. ഈ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം, വിവാഹിതനായ ഒരാള്‍ക്ക് തന്റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി മാത്രം പ്രത്യേകമായി ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാം. ഇത് പ്രകാരം ഒരു പോളിസി എടുത്താല്‍, അത് വ്യക്തിപരമായ സ്വത്തായി കണക്കാക്കാതെ ഒരു 'ട്രസ്റ്റ്' ആയി മാറും. അതുകൊണ്ടുതന്നെ കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്കോ മറ്റ് കടക്കാര്‍ക്കോ ഈ തുകയില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സുരക്ഷിതമായി ഭാര്യക്കും മക്കള്‍ക്കും തന്നെ നേരിട്ട് ലഭിക്കും.
അധിക ചെലവില്ല, പക്ഷേ ശ്രദ്ധിക്കണം
എംഡബ്ല്യുപി പരിരക്ഷ നേടുന്നതിന് പോളിസി ഉടമകള്‍ കൂടുതല്‍ പ്രീമിയം നല്‍കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. പോളിസി എടുക്കുന്ന സമയത്ത് തന്നെ ഒരു ലളിതമായ അപേക്ഷയിലൂടെ ഇത് ചെയ്യാവുന്നതാണ്. എന്നാല്‍ ഇതില്‍ പ്രധാനപ്പെട്ട ഒരു നിബന്ധനയുണ്ട്. ഒരിക്കല്‍ എംഡബ്ല്യുപി പ്രകാരം പോളിസി എടുത്താല്‍ പിന്നീട് അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല. അതായത്, ട്രസ്റ്റിയുടെ അനുമതിയില്ലാതെ നോമിനിയെ മാറ്റാനോ മറ്റ് ചില പോളിസി ആനുകൂല്യങ്ങള്‍ ഉപയോഗിക്കാനോ പിന്നീട് പോളിസി ഉടമയ്ക്ക് സാധിക്കില്ല.
ഭവനവായ്പ, ബിസിനസ് വായ്പകള്‍, അല്ലെങ്കില്‍ വ്യക്തിഗത ഗ്യാരണ്ടികള്‍ എന്നിവ ഉള്ളവര്‍ക്ക് ഈ നിയമം ഏറെ പ്രയോജനകരമാണ്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സിനെ ആശ്രയിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഈ നിയമം. കടബാധ്യതകള്‍ കുടുംബത്തെ വേട്ടയാടാതിരിക്കാന്‍ ഈ ചെറിയ മുന്‍കരുതല്‍ വലിയ മാറ്റമുണ്ടാക്കും.