വരുമാനം കൂടിയവ‍‍ർക്ക് മാത്രമുള്ളതല്ല ആദായ നികുതി റിട്ടേണ്‍; ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ നിയമം നിങ്ങൾക്കും ബാധകം

Published : Jul 02, 2026, 05:58 PM IST
ITR Filing 2026

Synopsis

നിങ്ങളുടെ വരുമാനം നികുതി പരിധിക്ക് താഴെയാണെങ്കിലും ചില സാഹചര്യങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഉയര്‍ന്ന ബാങ്ക് നിക്ഷേപങ്ങള്‍, വിദേശയാത്ര, വലിയ വൈദ്യുതി ബില്ലുകള്‍ തുടങ്ങിയ പ്രത്യേക സാമ്പത്തിക ഇടപാടുകളാണ് ഐടിആര്‍ ഫയലിംഗ് നിര്‍ബന്ധമാക്കുന്നത്.

വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ താഴെയാണെങ്കിലോ നിങ്ങളുടെ നികുതി ബാധ്യത പൂജ്യം ആണെങ്കിലോ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് നിര്‍ബന്ധമല്ലെന്നാണ് പലരുടെയും ധാരണ.ആദായനികുതി നിയമപ്രകാരം, വരുമാനത്തെ അടിസ്ഥാനമാക്കി മാത്രമല്ല റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. മറിച്ച് ചില പ്രത്യേക സാമ്പത്തിക ഇടപാടുകളും ഐടിആര്‍ ഫയലിംഗ് നിര്‍ബന്ധമാക്കുന്നുണ്ട്. അതായത്, ശമ്പളം കുറഞ്ഞ ഒരാളാണെങ്കില്‍ കൂടിയും താഴെ പറയുന്ന സാഹചര്യങ്ങളില്‍ നിയമപരമായി ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥനാണ്.

ഉയര്‍ന്ന ബാങ്ക് നിക്ഷേപങ്ങള്‍

ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാളുടെ ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി 1 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അതുപോലെ സേവിങ്‌സ് അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 50 ലക്ഷം രൂപ കടന്നാലും നികുതി പരിധിയില്‍ വരുന്നില്ലെങ്കില്‍ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.

വിദേശയാത്രയും വൈദ്യുതി ബില്ലും

ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വേണ്ടിയുള്ള വിദേശയാത്രയ്ക്കായി 2 ലക്ഷം രൂപയില്‍ കൂടുതല്‍ ചിലവാക്കിയിട്ടുണ്ടെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്യണം. കൂടാതെ, വാര്‍ഷിക വൈദ്യുതി ബില്‍ 1 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിലും നികുതി ബാധ്യത ഇല്ലെങ്കില്‍ കൂടിയും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. വരുമാനത്തിലൂടെ മാത്രം പ്രതിഫലിക്കാത്ത ഉയര്‍ന്ന സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.

ബിസിനസ്, പ്രൊഫഷണല്‍ വരുമാനം, ടിഡിഎസ്

നികുതി നല്‍കേണ്ട വരുമാനത്തിന് പുറമെ, വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഈ നിയമം ബാധകമാണ്. ഒരു ബിസിനസ് ഉടമയുടെ വാര്‍ഷിക വിറ്റുവരവ് 60 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അവര്‍ ഐടിആര്‍ ഫയല്‍ ചെയ്യണം. അതുപോലെ ഡോക്ടര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കണ്‍സള്‍ട്ടന്റുകള്‍, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ വരുമാനം 10 ലക്ഷം രൂപ കടന്നാലും റിട്ടേണ്‍ ഫയല്‍ ചെയ്യണം.

കൂടാതെ, സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ ആകെ ടിഡിഎസ് അല്ലെങ്കില്‍ ടിസിഎസ് 25,000 രൂപയോ അതില്‍ കൂടുതലോ (മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 50,000 രൂപയാണ്) ആണെങ്കിലും റിട്ടേണ്‍ നല്‍കണം.

വിദേശത്തെ സ്വത്തുക്കള്‍

വിദേശത്ത് സ്വത്തുള്ളവരോ, വിദേശ ബാങ്ക് അക്കൗണ്ടില്‍ ഒപ്പിടാന്‍ അധികാരമുള്ളവരോ നിര്‍ബന്ധമായും ഐടിആര്‍ ഫയല്‍ ചെയ്തിരിക്കണം. ഇതിന് പ്രത്യേക വരുമാന പരിധിയില്ല.

സെക്ഷന്‍ 87എ റിബേറ്റ്

ഫോം 16-ല്‍ നികുതി ബാധ്യത ഇല്ലാത്തവരും, സെക്ഷന്‍ 87എപ്രകാരം നികുതി ഇളവ് ലഭിച്ച ശമ്പളക്കാരും തങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതില്ല എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ സെക്ഷന്‍ 87എ എന്നത് ഒരു നികുതി ഇളവ് മാത്രമാണ്. ഇത് അടക്കേണ്ട നികുതി കുറയ്ക്കുന്നു എന്ന് മാത്രമേയുള്ളൂ. മുകളില്‍ പറഞ്ഞ എന്തെങ്കിലും നിയമങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അധികമായി ഈടാക്കിയ ടിഡിഎസ് തിരികെ ലഭിക്കാനും, ഔദ്യോഗിക വരുമാന രേഖയായി സൂക്ഷിക്കാനും ബിസിനസ് നഷ്ടങ്ങള്‍ കാരി ഫോര്‍വേഡ് ചെയ്യാനും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
റിട്ടയ‍‍‌ർമെന്റ് ലൈഫിന് ചെലവ് കുറയും, സമ്പാദ്യം അധികം വേണ്ടെന്ന ചിന്തയുണ്ടോ? കാത്തിരിക്കുന്നത് വലിയ ബാധ്യതകള്‍!