സാധാരണക്കാരായ പല കുടുംബങ്ങളും കടുത്ത കടക്കെണിയിലാണെന്ന് റിപ്പോർട്ടുകൾ. 60% ആളുകളുടെയും മാസവരുമാനത്തിന് തുല്യമോ അതിലധികമോ ആണ് ഇഎംഐ അടവുകള്‍. ആഡംബരത്തിനല്ല മറിച്ച് ചികിത്സ, കുടുംബച്ചെലവുകള്‍ തുടങ്ങിയ അനിവാര്യ ആവശ്യങ്ങള്‍ക്കാണ് ഇവര്‍ പ്രധാനമായും വായ്പയെടുക്കുന്നത്.
മാസ ശമ്പളം മുഴുവന്‍ നല്‍കിയാലും തീരാത്ത ഇഎംഐ അടവുകള്‍! നിത്യച്ചെലവുകള്‍ക്ക് പോലും കയ്യില്‍ കാശില്ലാതെ കടക്കെണിയില്‍ നട്ടംതിരിയുകയാണ് സാധാരണക്കാരായ പല കുടുംബങ്ങളും. 'എക്സ്പര്‍ട്ട് പാനല്‍' നടത്തിയ പുതിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. സഹായം തേടി പ്ലാറ്റ്ഫോമിനെ സമീപിച്ച വായ്പക്കാരെ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
വരുമാനത്തേക്കാള്‍ വലിയ ബാധ്യത
കടബാധ്യത നേരിടുന്നവരില്‍ 60 ശതമാനം ആളുകളുടെയും പ്രതിമാസ ഇഎംഐ അവരുടെ കുടുംബത്തിന്റെ ആകെ മാസവരുമാനത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെന്ന് സര്‍വേ വ്യക്തമാക്കുന്നു. നിലവിലെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പുതിയ വായ്പകളെടുക്കുകയോ ക്രെഡിറ്റ് കാര്‍ഡുകളെ ആശ്രയിക്കുകയോ ചെയ്യുന്നവരാണ് മറ്റു 40 ശതമാനം പേരും. ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു വലിയ കടക്കെണിയിലേക്കാണ് ഇത് ആളുകളെ എത്തിക്കുന്നത്.
വായ്പയെടുക്കുന്നത് ആഡംബരത്തിനല്ല
ആളുകള്‍ ആഡംബര ജീവിതത്തിന് വേണ്ടിയാണ് കൂടുതല്‍ വായ്പകളെടുക്കുന്നത് എന്ന പൊതുധാരണ തെറ്റാണെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വേണ്ടിയാണ് അധികം പേരും ലോണെടുക്കുന്നത്.
ചികിത്സാ ആവശ്യങ്ങള്‍ (26%): അടിയന്തര ചികിത്സകള്‍ക്കാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ വായ്പയെടുക്കുന്നത്.
കുടുംബച്ചെലവുകള്‍ (22%): വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങള്‍.
തൊഴില്‍ പ്രതിസന്ധികള്‍ (18%): ജോലിയിലോ ബിസിനസിലോ ഉണ്ടായ തിരിച്ചടികള്‍ മറികടക്കാന്‍.
നിത്യച്ചെലവുകള്‍ (15%): ദൈനംദിന വീട്ടുചെലവുകള്‍ നടത്താന്‍.
അമിതച്ചെലവുകളല്ല, മറിച്ച് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം സാമ്പത്തിക തിരിച്ചടികളാണ് സാധാരണ കുടുംബങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്നത്.
തിരിച്ചടവ് മുടങ്ങുന്നത് എന്തുകൊണ്ട്?
വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരില്‍ മൂന്നിലൊന്ന് ആളുകളും ഇതിന് പ്രധാന കാരണമായി പറയുന്നത് ജോലി നഷ്ടപ്പെട്ടതോ ശമ്പളം കുറഞ്ഞതോ ആണ്.
28% പേര്‍: വരുമാനത്തേക്കാള്‍ ഇഎംഐ ഭാരം കൂടിയത് തിരിച്ചടവിനെ ബാധിച്ചു.
19% പേര്‍: ഒന്നിലധികം വായ്പകള്‍ എടുത്തതും വലിയ തുക വായ്പയെടുത്തതും തിരിച്ചടിയായി.
12% പേര്‍: കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങളും ചികിത്സാ പ്രശ്‌നങ്ങളും കാരണം തിരിച്ചടവ് മുടങ്ങി.
സഹായം തേടി എത്തിയവരില്‍ 60 ശതമാനം പേരും ഒന്നുകില്‍ കുറഞ്ഞ തുക മാത്രം അടയ്ക്കുന്നവരോ അല്ലെങ്കില്‍ തിരിച്ചടവ് പൂര്‍ണ്ണമായി മുടങ്ങിയവരോ ആണ്. അഞ്ചില്‍ ഒരാള്‍ക്ക് വീതം ഇതിനോടകം തന്നെ വായ്പാ സ്ഥാപനങ്ങളില്‍ നിന്ന് നിയമപരമായ നോട്ടീസുകള്‍ ലഭിച്ചുകഴിഞ്ഞു.


