Latest Videos

വായ്പ വേണോ? ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ; സിബില്‍ സ്‌കോര്‍ താനെ ഉയര്‍ന്നോളും

By Web TeamFirst Published Dec 16, 2022, 1:24 PM IST
Highlights

വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും സിബില്‍ സ്‌കോര്‍ വില്ലനാകുന്നത്. എങ്ങനെ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടാക്കാം? ഈ 10 പൊടിക്കൈകള്‍ അറിഞ്ഞിരിക്കാം
 

സാമ്പത്തിക ലോകത്ത് ഒരു വ്യക്തിയുടെ വായ്പാ ചരിത്രം സംബന്ധിച്ച വിശ്വാസ്യതയുടെ പ്രതിഫലനമാണ് സിബില്‍ സ്‌കോറിലൂടെ വെളിവാകുന്നത്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമൊക്കെ വായ്പ അനുവദിക്കുന്നതിന് ഇന്നു മുഖ്യ ഘടകമാക്കുന്നതും സിബില്‍ (CIBIL) സ്‌കോറിനെയാണ്. 300-നും 900-നും ഇടയില്‍ നല്‍കുന്ന മൂന്നക്ക സിബില്‍ സ്‌കോറില്‍ 750-ന് മുകളിലുള്ളവരെയാണ് വളരെ മികച്ച ഉപഭോക്താക്കളായി വിലയിരുത്തുന്നത്.

അതേസമയം വായ്പ തിരിച്ചടവിന്റെ പൂര്‍വകാല ചരിത്രം, കുടിശ്ശികയുള്ള വായ്പകള്‍, കടബാധ്യതയുടെ വലിപ്പം, വായ്പകളുടെ തരം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സിബില്‍ സ്‌കോര്‍ കണക്കുക്കൂട്ടുന്നത്. 750-ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ വായ്പ അനുവദിച്ചു കിട്ടും. 650-750 പരിധിയില്‍ സ്‌കോര്‍ ഉള്ളവരെ തൃപ്തികരമായ നിലവാരമുള്ളവരായും 550-650 പരിധിയില്‍ ശരാശരിക്കാരായും വിലയിരുത്തുന്നു. 300-500 സ്‌കോര്‍ ഉള്ളവരെ മോശം ഉപഭോക്താക്കളായാണ് കണക്കിലെടുക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വ്യക്തിഗത സിബില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിക്കുന്ന 10 മാര്‍ഗങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.

ഇന്‍സ്‌റ്റോള്‍മെന്റുകള്‍ മുടക്കമില്ലാതെ അടയ്ക്കുക

നിലവില്‍ വായ്പ എടുത്തതിന്റെ തവണകള്‍ മുടക്കം വരുത്തുന്നതോ തിരിച്ചടവ് വൈകുന്നതോ സിബില്‍ സ്‌കോറിനെ വളരെയധികം പ്രതികൂലമായി ബാധിക്കും. അതിനാല്‍ യഥാസമയം ലോണ്‍ തിരിച്ചടവ് ഉറപ്പാക്കുക. ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശികയും കൃത്യസമയത്ത് തീര്‍ക്കണം. ഇല്ലെങ്കില്‍ സിബില്‍ സ്‌കോര്‍ താഴുന്നതിന് ഇടയാകും.

ക്രെഡിറ്റ് ലിമിറ്റ് കുറയ്ക്കുക

 വായ്പ എടുക്കുന്നത് വിവേകപൂര്‍വം വിനിയോഗിക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തിയുള്ള അനാവശ്യ ചെലവിടലുകള്‍ ഒഴിവാക്കണം. ചുരുങ്ങിയ തോതിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം സിബില്‍ സ്‌കോര്‍ മെച്ചപ്പെടുന്നതിന് സഹായിക്കും. ഒരേസമയം പലയിടങ്ങളില്‍ ലോണിന് അപേക്ഷിക്കുന്നതും തിരിച്ചടിയാകുമെന്ന് ശ്രദ്ധിക്കുക.

വലിയ കടബാധ്യതകള്‍ ഒഴിവാക്കുക

പലിശ നിരക്ക് കുറവാണെങ്കില്‍ പോലും അനാവശ്യ ചെലവിടലിന് മുതിരുന്നത് പിന്നീട് പ്രതികൂലമാകും. പ്രത്യേകിച്ചും ആഡംബര സാധനങ്ങള്‍ വായ്പയില്‍ മേടിക്കുന്നത്. ഒരേസമയത്തുള്ള വായ്പകളുടെ എണ്ണം പരമാവധി കുറച്ചു നിര്‍ത്തുക.

സിബില്‍ റിപ്പോര്‍ട്ടുകള്‍ സ്വയം പരിശോധിക്കുക

 കൃത്യമായ ഇടവേളകളില്‍ സിബില്‍ റിപ്പോര്‍ട്ടുകളും സിബില്‍ സ്‌കോറുകളും സ്വയം പരിശോധിക്കുന്നതിലൂടെ ഏതെങ്കിലും വിധത്തില്‍ തെറ്റായ വിവരം ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു തിരിച്ചറിയാനും തിരുത്തിയെടുക്കാനും സാധിക്കും.

പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുക

നിലവിലുള്ളതിന് പുറമേ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതും ധാരാളിത്തം കാണിക്കുന്നതും നിങ്ങളുടെ സിബില്‍ സ്‌കോറിന് തിരിച്ചടിയാകും. വായ്പ ലഭിക്കാന്‍ ഉയര്‍ന്ന സാധ്യതയുള്ള ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതാവും ഉചിതം. അപേക്ഷിക്കുന്നതിന് മുന്നോടിയായി സിബില്‍ സ്‌കോര്‍ പരിശോധിക്കുന്നതും ഗുണകരമാണ്.

വായ്പകളും വൈവിധ്യവത്കരിക്കുക 

ദീര്‍ഘകാലം ഒരേ മാര്‍ഗത്തിലൂടെ വായ്പകള്‍ നേടുന്നത് പ്രതികൂലമാകാം. അതിനാല്‍ ആവശ്യത്തിന് അനുസരിച്ച് പേഴ്‌സണല്‍ ലോണ്‍, ഈട് നല്‍കേണ്ട വായ്പകള്‍, ദീര്‍ഘകാല/ ഇടക്കാല വായ്പകള്‍ എന്നിങ്ങനെ വിവിധതരം ലോണുകള്‍ പ്രയോജനപ്പെടുത്തുക.

മികച്ച ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കുക 

കഴിഞ്ഞ കാലത്തിനിടെ വായ്പകള്‍ എടുക്കുകയും കൃത്യമായി തിരിച്ചടച്ചും മികച്ച ക്രെഡിറ്റ് ഹിസ്റ്ററി രൂപപ്പെടുത്താം. ദീര്‍ഘകാലയളവിനിടെ ലോണ്‍ എടുക്കാതിരിക്കുകയാണെങ്കിലും സിബില്‍ സ്‌കോര്‍ മെച്ചപ്പെടുകയില്ല. അതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് വായ്പ എടുക്കുന്നതിലൂടെ സിബില്‍ സ്‌കോര്‍ ഉയര്‍ത്താനാകും.

വായ്പയുടെ ഉപയോഗ അനുപാതം കൂടുതലാണെങ്കില്‍ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തുന്നത് സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ദീര്‍ഘകാല വായ്പകള്‍ക്ക് ശ്രമിക്കുക

ഏതെങ്കിലും വിധത്തില്‍ തിരിച്ചടവിന് ബുദ്ധിമുട്ടാകുമെന്ന് സംശയമോ ആശങ്കയോ ഉണ്ടെങ്കില്‍ ഇഎംഐ ബാധ്യത കുറയാനായി വായ്പ കാലയളവ് ദീര്‍ഘിപ്പിക്കുന്നതാവും ഉചിതം. മുടക്കമില്ലാതെയുള്ള തിരിച്ചടവ് സിബില്‍ സ്‌കോര്‍ ഉയര്‍ത്തും.

ജോയിന്റ് അക്കൗണ്ടുകളില്‍ ജാഗ്രത പാലിക്കുക

 മറ്റുള്ളവരുടെ വായ്പകള്‍ക്ക് ജാമ്യം നില്‍ക്കുന്നതും മറ്റു പങ്കാളികള്‍ക്കൊപ്പം അക്കൗണ്ട് ആരംഭിക്കുന്നതും കരുതലോടെ ചെയ്യുക. ഏതെങ്കിലും വിധത്തില്‍ കുടിശ്ശിക വരുത്തിയാല്‍ നിങ്ങളുടെ സിബില്‍ സ്‌കോറിനേയും ബാധിക്കും. അതിനാല്‍ വിശ്വസ്തരായവരോട് മാത്രം പങ്കുചേരുക

click me!