ഇന്ത്യയുടെ ചെലവ്: ഡിസംബറില്‍ റഷ്യന്‍ ഇന്ധനത്തിനായി ഇന്ത്യ ചെലവിട്ടത് ഏകദേശം 24,150 കോടി രൂപയാണ്

റഷ്യന്‍ ഇന്ധനം വാങ്ങുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി തുര്‍ക്കി രണ്ടാം സ്ഥാനത്തെത്തി. ഡിസംബറിലെ കണക്കുകള്‍ പ്രകാരം റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ 29 ശതമാനം കുറവ് വരുത്തിയതാണ് തുര്‍ക്കിക്ക് മുന്നേറ്റം നല്‍കിയത്. ഊര്‍ജ-പരിസ്ഥിതി ഗവേഷണ കേന്ദ്രമായ 'ക്രിയ' പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റിലയന്‍സും പൊതുമേഖലാ കമ്പനികളും പിന്‍വലിഞ്ഞു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളുടെ പിന്മാറ്റമാണ് ഇന്ത്യയുടെ ഇറക്കുമതി കുത്തനെ കുറയാന്‍ പ്രധാന കാരണം . ഡിസംബറില്‍ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി റഷ്യന്‍ എണ്ണ വാങ്ങുന്നത് ഏകദേശം 49 ശതമാനത്തോളമാണ് വെട്ടിക്കുറച്ചത്. പൊതുമേഖലാ എണ്ണ കമ്പനികളും ഇറക്കുമതിയില്‍ 15 ശതമാനം കുറവ് വരുത്തി. അമേരിക്കന്‍ ഉപരോധങ്ങള്‍ ഭയന്നാണ് പല കമ്പനികളും റഷ്യന്‍ എണ്ണയില്‍ നിന്ന് അകലം പാലിക്കുന്നതെന്നാണ് സൂചന.

ഇന്ത്യയുടെ ചെലവ്: ഡിസംബറില്‍ റഷ്യന്‍ ഇന്ധനത്തിനായി ഇന്ത്യ ചെലവിട്ടത് ഏകദേശം 24,150 കോടി രൂപയാണ് (2.3 ബില്യണ്‍ യൂറോ). ഇതില്‍ ഭൂരിഭാഗവും (18,900 കോടി രൂപ) ക്രൂഡ് ഓയിലിനായാണ് ചെലവാക്കിയത്. കല്‍ക്കരി ഇറക്കുമതിക്കായി 4,450 കോടി രൂപയും മുടക്കി.

തുര്‍ക്കിയുടെ മുന്നേറ്റം: ഇന്ത്യ പിന്നാക്കം പോയതോടെ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമായി തുര്‍ക്കി മാറി. ചൈനയാണ് പട്ടികയില്‍ ഒന്നാമത്. കല്‍ക്കരി, ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ചൈനയ്ക്കാണ് ആധിപത്യം. റഷ്യന്‍ കയറ്റുമതി വരുമാനത്തിന്റെ 48 ശതമാനവും (ഏകദേശം 63,000 കോടി രൂപ) ചൈനയില്‍ നിന്നാണ് ലഭിക്കുന്നത്.

ഉക്രൈന്‍ യുദ്ധത്തിന് ശേഷം റഷ്യയുടെ ഇന്ധന വരുമാനത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഡിസംബറില്‍ റഷ്യയുടെ പ്രതിദിന വരുമാനം 5,250 കോടി രൂപയായി കുറഞ്ഞു. അതേസമയം, റഷ്യന്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോഴും സജീവമാണ്.