സംസ്ഥാനത്ത് 175 ബെവ്കോ ഔട്ട്‌ലെറ്റുകൾ കൂടി തുറക്കും; വീഞ്ഞ് സർക്കാർ തന്നെ ഉൽപ്പാദിപ്പിക്കും

Published : Jan 24, 2022, 06:06 PM ISTUpdated : Jan 24, 2022, 06:07 PM IST
സംസ്ഥാനത്ത് 175 ബെവ്കോ ഔട്ട്‌ലെറ്റുകൾ കൂടി തുറക്കും; വീഞ്ഞ് സർക്കാർ തന്നെ ഉൽപ്പാദിപ്പിക്കും

Synopsis

മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തിൽ പ്രഖ്യാപിക്കും. 175 പുതിയ ഔട്ട് ലെറ്റുകൾ തുറക്കണമെന്നാണ് ബെവ്കോ ശുപാർശ. ഐടി പാർക്കുകളിൽ ബിയർ - വൈൻ പാർലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും. പഴങ്ങളിൽ നിന്നും വൈൻ ഉണ്ടാക്കാനുള്ള യൂണിറ്റുകൾ തുറക്കുന്ന കാര്യത്തിലും  മദ്യ നയത്തിൽ പ്രഖ്യാപനമുണ്ടാകും.

മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് 175 ഷോപ്പുകള്‍ പുതുതായി തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നത്. മുൻപ് 375 ഔട്ട്ലെറ്റുകളാണ് ബെവ്ക്കോക്ക് ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയവും ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതും മൂലം 100ലധികം മദ്യശാലകള്‍ അടച്ചിരുന്നു. പലതും മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ പ്രതിഷേധം കാരണം ഉപേക്ഷിക്കുകയും ചെയ്തു. നിലവിലെ ഔട്ട്‌ലെറ്റുകളിൽ തിരക്കുകൂടുന്ന സാഹചര്യത്തിൽ നല്ല സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള പ്രഖ്യാപനം പുതിയ മദ്യനയത്തിലുണ്ടാകും. 

'സർക്കാർ മേഖലയിൽ വീഞ്ഞുൽപ്പാദിപ്പിക്കും'

പൈനാപ്പിള്‍, ചക്ക, കശുമാങ്ങ എന്നിവയിൽ നിന്നും വൈൻ ഉൽപ്പാദിക്കാനുള്ള കാർഷിക സർവ്വകലാശാലയുടെ പഠന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതാണ്. സർക്കാർ മേഖലയിൽ തന്നെ കാർഷികോൽപ്പനങ്ങളിൽ നിന്നും വീഞ്ഞ് ഉൽപാദിപ്പിക്കുന്ന പ്രധാന പ്രഖ്യാപനം മദ്യ നയത്തിലുണ്ടാകും. ഐടി പാർക്കുകളിൽ മദ്യശാലകള്‍ വേണമെന്ന കമ്പനികളുടെ ആവശ്യം പഠിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിതല കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഐടി പാർക്കുകളിൽ മദ്യശാലകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ചീഫ് സെക്രട്ടറി തല ശുപാർശകള്‍ പുതിയ മദ്യനയത്തിൽ ഉള്‍പ്പെടുത്തും. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മാത്രം മദ്യ ലൈസൻസ് നൽകാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ല. പക്ഷെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി എക്സൈസ് നിയമങ്ങളിൽ മാറ്റമുണ്ടാകും. 

താലൂക്ക‍് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. ഇത് ജില്ലാ അടിസ്ഥാനത്തിൽ മാറ്റണമെന്നാണ് മറ്റൊരു  ശുപാർശ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ - ആരാധനാലയങ്ങള്‍ എന്നിവയിൽ നിന്നും 50 മീറ്ററാണ് ബാറുകള്‍ക്കുള്ള ദൂരപരിധി. ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് 200 മീറ്ററാണ്. ദൂരപരിധി കുറയ്ക്കണമെന്ന ബെവ്കോ ശുപാർശയിലും തീരുമാനമുണ്ടാകും. പുതിയ മദ്യനയത്തിലൂടെ ടോഡി ബോർഡ് നിലവിൽ വരും. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയിൽ ടോഡി ബോർഡിന്റെ പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. എക്സൈസ് കമ്മീഷണർ നൽകുന്ന ശുപാർശ എൽഡിഎഫ് ചർച്ച ചെയ്ത ശേഷം മന്ത്രിസഭ പരിഗണിക്കും. ഏപ്രിൽ ഒന്നു മുതലാണ് പുതിയ മദ്യനയം നിലവിൽ വരേണ്ടത്.
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി