5G spectrum: കൊമ്പുകോർക്കാൻ ഒരുങ്ങി ഭീമന്മാർ; അദാനി ഉൾപ്പെടെ 4 അപേക്ഷകർ, ഔദ്യോഗിക പട്ടിക പുറത്ത്

By Web TeamFirst Published Jul 12, 2022, 2:48 PM IST
Highlights

റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ,  ഭാരതി എയർടെൽ  എന്നിവയോട് മത്സരിക്കാൻ അദാനി. വരാൻ പോകുന്നത് തീപാറുന്ന മത്സരം 

ദില്ലി : 5ജി സ്പെക്ട്രം (5G spectrum) ലേലം നടക്കാനിരിക്കെ അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന ഭീമന്മാർ. 600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ് തുടങ്ങിയവ ലേലത്തിനുണ്ട്. 

വരാനിരിക്കുന്ന 5G ലേലത്തെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ ഇതാ:

5ജി സ്പെക്ട്രം ലേലം ജൂലൈ 26 മുതൽ ആരംഭിക്കും. 

ലേലത്തിൽ വിജയിക്കുന്ന കമ്പനിക്ക്  സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം 20 വർഷമായിരിക്കും.

കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർട്‌സ് സ്‌പെക്‌ട്രം ലേലത്തിൽ വില്പനയ്ക്കുണ്ടാകും. 

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്ത കരുതൽ വിലയിൽ 5ജി ലേലത്തിന് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

ലേലക്കാരെ ആകർഷിക്കാൻ പേയ്‌മെന്റ് നിബന്ധനകളിൽ ഇളവ് വരുത്തിയിട്ടുണ്ട്.

ലേലത്തിൽ വിജയിക്കുന്നവർ മുൻകൂർ ആയി പണം അടയ്‌ക്കേണ്ടതില്ല. 

ലേലത്തിൽ വിജയിക്കുന്നവർ പണം 20 തുല്യ വാർഷിക ഗഡുക്കളായി നൽകണം. ഓരോ വർഷത്തിന്റെയും തുടക്കത്തിൽ മുൻകൂറായി പണം നൽകേണ്ട ആവശ്യമില്ല. 

സ്പെക്‌ട്രം ബിഡ്ഡിംഗിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ പ്രവേശനം വരാനിരിക്കുന്ന ലേലങ്ങളിലും ടെലികോം മേഖലയിലും കടുത്ത മത്സരങ്ങൾക്ക് വഴി വെക്കും. 

ടെലികോം മന്ത്രാലയം പുറത്തുവിട്ട ലിസ്റ്റ് അപേക്ഷകരുടേതാണ്. ഈ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടോ എന്നും യോഗ്യത നേടിയിട്ടുണ്ടെന്നോ മന്ത്രാലയം സൂചിപ്പിച്ചിട്ടില്ല 

ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചാൽ, അത് 5ജിയിലെ മത്സരം വർധിപ്പിക്കും 

click me!