
കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെയാണ് ലോകമെമ്പാടും 'വർക് ഫ്രം ഹോം' അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറിയത്. കൊവിഡിനെ പൂർണമായി പിടിച്ചുകെട്ടാൻ സാധിച്ചില്ലെങ്കിലും പ്രതിരോധം ഫലം കണ്ടതോടുകൂടി ലോകമെമ്പാടുമുള്ള തൊഴിലുടമകൾ തൊഴിലാളികളെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരാൻ തയ്യാറാകുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിയമപരമായ അവകാശമാക്കി മാറ്റുകയാണ് നെതർലാൻഡ്. ഡച്ച് പാർലമെന്റിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. നിയമനിർമ്മാണത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ വീട്ടിലിരുന്നുള്ള ജോലി അവകാശമാകും.
ബില്ല് നിയമമായി കഴിഞ്ഞാൽ പിന്നെ തൊഴിലുടമകൾ ജീവനക്കാർക്ക് വീട്ടിലിരുന്നുള്ള ജോലി നിരസിച്ചാൽ, അതിനുള്ള കാരണം ബോധിപ്പിക്കേണ്ടി വരും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിയമപരമായ അവകാശമാക്കുന്നതിനുള്ള ഈ ബിൽ 2015ലെ നിലവിലുള്ള ഫ്ലെക്സിബിൾ വർക്കിംഗ് ആക്ടിന്റെ ഭേദഗതിയാണ്.
ലോകമെമ്പാടുമുള്ള കമ്പനികൾ അവരുടെ തൊഴിലാളികളെ ഓഫീസുകളിലേക്ക് തിരികെ വിളിപ്പിക്കുമ്പോഴാണ് ഇങ്ങനെയൊരു നടപടി. ചില തൊഴിലുടമകൾ നിർബന്ധിതമായി തൊഴിലാളികളെ തിരിച്ച് ഓഫീസുകളിലേക്ക് എത്തിക്കുന്നുണ്ട്. ഉദാഹരണമായി ടെസ്‌ല. ടെസ്‌ല സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക് അടുത്തിടെ തന്റെ ജീവനക്കാരോട് ഓഫീസിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടു. തിരിച്ചെത്താൻ കഴിയാത്തവരോട് ജോലി അവസാനിപ്പിക്കാനും മസ്‌ക് ആവശ്യപ്പെട്ടിരുന്നു