വർക്ക് ഫ്രം ഹോം നിർത്തലാക്കി : ബൈജൂസിന് കീഴിലെ കമ്പനിയിൽ കൂട്ടരാജി, 800 പേരുടെ രാജിയില്‍ അമ്പരന്ന് കമ്പനി

By Web TeamFirst Published May 13, 2022, 8:29 PM IST
Highlights

ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചതോടെ 800 പേരാണ് ഇതിനോടകം രാജി സമർപ്പിച്ചിരിക്കുന്നത്. കൂട്ടരാജിക്ക് മുന്നിൽ അമ്പരന്ന് നിൽക്കുകയാണ് കമ്പനി.

ദില്ലി: ഇന്ത്യയിൽ കൊവിഡ് സ്ഥിതി മെച്ചപ്പെട്ടതിനാൽ  നിരവധി കമ്പനികൾ  തങ്ങളുടെ ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസിലേക്ക്  തിരികെ വിളിച്ചിരുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിന് കീഴിലുള്ള കമ്പനിയില്‍ വർക്ക് ഫ്രം ഹോം നിർത്തലാക്കിയതോടെ  കൂട്ട രാജി. ബൈജൂസ് അടുത്തിടെ ഏറ്റെടുത്ത വൈറ്റ് ഹാറ്റ് ജൂനിയർ എന്ന കമ്പനിയിലാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്.  

ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചതോടെ 800 പേരാണ് ഇതിനോടകം രാജി സമർപ്പിച്ചിരിക്കുന്നത്. കൂട്ടരാജിക്ക് മുന്നിൽ അമ്പരന്ന് നിൽക്കുകയാണ് കമ്പനി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി രണ്ടുമാസം മുൻപാണ് വർക്ക് ഫ്രം ഹോം നിർത്തലാക്കിയത്. ഇതിനു ശേഷമാണ് ഇത്രയധികം പേർ രാജി സമർപ്പിച്ചത്. രാജിവെച്ചവർക്ക് തങ്ങളുടെ ഓഫീസിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയതായി Inc42 റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജിവെച്ചവർ കമ്പനി ചെലവേറിയ നഗരങ്ങളിലേക്ക് പോകാൻ ആവശ്യപ്പെടുമ്പോൾ ശമ്പളം വർധിപ്പിക്കണമെന്നും, റീലൊക്കേറ്റ് ചെയ്യാൻ വെറും ഒരുമാസത്തെ സമയം പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരൺ ബജാജ് സ്ഥാപിച്ച വൈറ്റ് ഹാറ്റ് ജൂനിയർ എന്ന സ്ഥാപനം  2020 ലാണ് 300 ദശലക്ഷം ഡോളറിന് ബൈജു രവീന്ദ്രൻ ഏറ്റെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിൽ കരൺ ബജാജ് കമ്പനി വിടുമ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അധ്യാപകരും ജീവനക്കാരും അടക്കം 17,000 പേർ വൈറ്റ് ഹാറ്റ് ജൂനിയറിന്റെ ജീവനക്കാരായിരുന്നു.

click me!