
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള സോളാർ വൈദ്യുത ഉൽപാദകർ എന്ന സ്ഥാനം കരസ്ഥമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. മെർകോം ക്യാപിറ്റൽ ഗ്രൂപ്പ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്. ശുദ്ധ ഊർജവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനമാണ് മെർകോം ക്യാപിറ്റൽ ഗ്രൂപ്പ്. പുനരുപയോഗ ഊർജ മേഖലയിലെ സംഭാവനകളും മികച്ച പ്രകടനവും പരിഗണിച്ചാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന് ഈ റാങ്ക് ലഭിച്ചത്. മൊത്തം 41.3 GW ശേഷിയുള്ള ഫ്രാൻസ് ആസ്ഥാനമായുള്ള ടോട്ടൽ എനർജീസ് ആണ് ഒന്നാം സ്ഥാനത്ത്. അദാനി ഗ്രീൻ എനർജിയുടെ മൊത്തം സൗരോർജ്ജ ശേഷി 18.1 GW ആണ്. കാനഡ ആസ്ഥാനമായ ബ്രൂക്ക്ഫീൽഡ് റിന്യൂവബിൾ പാർട്ണേഴ്‌സ് 18 ജിഗാവാട്ടുമായി മൂന്നാം സ്ഥാനത്തെത്തി.
2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ 145 ജിഗാവാട്ടിന്റെ പദ്ധതികളാണ് ഏറ്റവും മികച്ച 10 നിർമാതാക്കൾ ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ, 49.5 ജിഗാവാട്ട് പദ്ധതികൾ പ്രവർത്തനക്ഷമമാണ്. 29.1 ജിഗാവാട്ട് നിർമ്മാണത്തിലാണ്. 66.2 ജിഗാവാട്ട് പ്രാരംഭ ഘട്ടത്തിലാണ് . ഏറ്റവും മികച്ച 10 സോളാർ വൈദ്യുത ഉൽപാദകരിൽ ആറ് പേർ യൂറോപ്പിലും മൂന്ന് പേർ വടക്കേ അമേരിക്കയിലുമാണ്. ആഗോള പട്ടികയിൽ ഇടം നേടിയ ഏക ദക്ഷിണേഷ്യൻ കമ്പനിയാണ് അദാനി ഗ്രീൻ എനർജി.
അദാനി ഗ്രീൻ എനർജിക്ക് നിലവിൽ 12 സംസ്ഥാനങ്ങളിലായി 8.4 GW ന്റെ ഊർജപദ്ധതികളുണ്ട്. ഊർജ്ജ സംരംഭങ്ങളിൽ 2030-ഓടെ മൊത്തം 75 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. 45 GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി പറഞ്ഞു.