ഗ്രാമീണ-അര്‍ദ്ധ നഗര പ്രദേശങ്ങളിലെ സ്ത്രീകള്‍ ഇപ്പോള്‍ പണം സ്വരൂപിക്കുന്നതിലും, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിലും, പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നതിലും ഏറെ മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, വീട്ടുചെലവുകള്‍ കൃത്യമായി പ്ലാന്‍ ചെയ്യാനും പണം സമ്പാദിക്കാനും അവര്‍ക്ക് പ്രത്യേക കഴിവുണ്ട് എന്നതാണ് യാഥാര്‍ഥ്യം. 'പേ നിയര്‍ബൈ വുമണ്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഡക്‌സ് 2026' പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് ഈ പഴയ ധാരണകളെ തിരുത്തിക്കുറിക്കുകയാണ്. ഗ്രാമീണ-അര്‍ദ്ധ നഗര പ്രദേശങ്ങളിലെ സ്ത്രീകള്‍ ഇപ്പോള്‍ പണം സ്വരൂപിക്കുന്നതിലും, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിലും, പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നതിലും ഏറെ മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും കറന്റ് ബില്ലടയ്ക്കാനുമെല്ലാം ഗ്രാമീണ സ്ത്രീകള്‍ ഇപ്പോള്‍ ഡിജിറ്റല്‍ വഴികള്‍ കൂടുതലായി ആശ്രയിക്കുന്നുണ്ട്. വേഗത്തില്‍ ഇടപാടുകള്‍ നടത്താമെന്നതാണ് ഇതിന് കാരണം. എങ്കിലും അത്യാവശ്യ ചെലവുകള്‍ക്കായി ചെറിയ തുകകള്‍ പിന്‍വലിച്ച് പണമായി തന്നെ സൂക്ഷിക്കുന്ന ശീലവും ഇവര്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്.
കുടുംബത്തിന്റെ സമ്പാദ്യം സ്ത്രീകളുടെ കയ്യില്‍
റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ സമ്പാദ്യത്തിന്റെ കാര്യത്തില്‍ സ്ത്രീകളുടെ പങ്കാണ്. സര്‍വേയില്‍ പങ്കെടുത്ത 85% സ്ത്രീകളും തങ്ങളുടെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദ്യമായി കരുതുന്നവര്‍ അവരാണെന്ന് വ്യക്തമാക്കി. കുടുംബത്തിന്റെ വരുമാനം കുറവാണെങ്കിലും അത്യാവശ്യ ഘട്ടങ്ങളിലേക്ക് ചെറിയ തുകകള്‍ അവര്‍ മാറ്റിവെക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ആവശ്യങ്ങള്‍, വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങള്‍. എന്നാല്‍, വെറും 32% സ്ത്രീകള്‍ മാത്രമാണ് ബാങ്കുകള്‍ പോലുള്ള ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ പണം നിക്ഷേപിക്കുന്നത്. ബാക്കിയുള്ളവരെക്കൂടി ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
ആത്മവിശ്വാസത്തോടെ സ്വന്തം അക്കൗണ്ടുകള്‍
സാമ്പത്തിക കാര്യങ്ങള്‍ മറ്റാരുടെയും സഹായമില്ലാതെ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ കൂടുതല്‍ ആത്മവിശ്വാസം നേടിയിട്ടുണ്ട്. 71% സ്ത്രീകളും ഇപ്പോള്‍ സ്വന്തമായി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണ്. 18 മുതല്‍ 40 വയസ്സുവരെയുള്ള യുവതികളിലാണ് ഈ മാറ്റം കൂടുതല്‍ പ്രകടം. കുടുംബാംഗങ്ങളെ ആശ്രയിക്കാതെ തന്നെ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് മടിയില്ല. പണമിടപാടുകള്‍ നടത്താന്‍ 78% സ്ത്രീകളും തങ്ങളുടെ നാട്ടിലുള്ള വനിതാ ഏജന്റുമാരെയാണ് കൂടുതല്‍ വിശ്വസിക്കുന്നത്. സ്വന്തം കാര്യങ്ങള്‍ അവരോട് തുറന്നു സംസാരിക്കാന്‍ സാധിക്കുന്നതാണ് ഇതിന് കാരണം.
നിക്ഷേപിക്കാന്‍ സ്വര്‍ണ്ണവും ബാങ്കും; മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പ്രചാരമില്ല
സാധാരണ സമ്പാദ്യ രീതികള്‍ക്ക് പുറമെ, പുതിയ സാമ്പത്തിക പദ്ധതികളെക്കുറിച്ചറിയാനും സ്ത്രീകള്‍ക്ക് താല്പര്യമുണ്ട്. ചെറിയ തുകകളായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ 44% പേരും തയ്യാറാണ്. സ്വര്‍ണ്ണത്തിലുള്ള വിശ്വാസം തന്നെയാണ് ഇതിന് കാരണം. സ്ഥിര നിക്ഷേപം , റിക്കറിങ് ഡെപ്പോസിറ്റ് എന്നിവയോടും അവര്‍ക്ക് വലിയ താല്പര്യമുണ്ട്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് ഗ്രാമീണ സ്ത്രീകള്‍ക്ക് വലിയ അറിവില്ല. പത്തില്‍ ഒരാള്‍ക്ക് മാത്രമേ ഇതിനെക്കുറിച്ച് ധാരണയുള്ളൂ.
ഇന്‍ഷുറന്‍സും വായ്പകളും
ഇന്‍ഷുറന്‍സ്: 26% സ്ത്രീകള്‍ ആരോഗ്യ, ലൈഫ്, അപകട ഇന്‍ഷുറന്‍സുകള്‍ എടുത്തിട്ടുണ്ട്.
വായ്പകള്‍: ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, കൃഷി, വീടുപണി, ചെറുകിട ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളില്‍ നിന്നോ വായ്പയെടുക്കാന്‍ 73% പേരും ഒരുക്കമാണ്.


