
മുംബൈ: രണ്ടാഴ്ച നീണ്ട തിരിച്ചടികൾക്കൊടുവിൽ ഓഹരി വിപണിയിൽ തിരിച്ചുവരവിന്‍റെ സൂചന നൽകി അദാനി ഗ്രൂപ്പ്. അദാനി എന്‍റെർപ്രൈസസ് അടക്കം 6 കമ്പനികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു . ഓഹരി ഈടു നൽകി എടുത്ത വായ്പകൾ നേരത്തെ അടച്ച് തീർക്കാനുള്ള തീരുമാനം ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഇതാദ്യമായാണ് അദാനിയുടെ ഭൂരിഭാഗം കമ്പനികളും ഒരുമിച്ച് നേട്ടമുണ്ടാക്കുന്നത്.
ആദാനിയുടെ പ്രധാന കമ്പനിയായ ആദാനി എന്‍റെർപ്രൈസസാണ് ഏറ്റവും നല്ല കുതിപ്പ് നടത്തിയത്. ഒരു ഘട്ടത്തിൽ നേട്ടം 20 ശതമാനവും കടന്നു. എൻ ഡി ടി വി അടക്കം തുടർച്ചയായി ഇടിഞ്ഞ് കൊണ്ടിരുന്ന സ്റ്റോക്കുകളും നേട്ടത്തിലേക്ക് എത്തി. അതേസമയം അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ് അദാനി ഗ്രൂൻ എനജി അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികൾ ഇന്നും നഷ്ടം തുടർന്നു. അകലം പാലിച്ച് നിന്ന റീട്ടെയിൽ നിക്ഷേപകർ ആദാനിയുടെ ഓഹരികളിൽ താത്പര്യം കാണിച്ചതാണ് വിപണിയിൽ നേട്ടത്തിന്‍റെ വഴിയിലേക്ക് അദാനിയെ കൊണ്ടുവന്നത്.
ഓഹരി ഇടായി നൽകി എടുത്ത 9100 കോടി രൂപ തിരിച്ചടയക്കാൻ അദാനി ഇന്നലെ എടുത്ത തീരുമാനം ഗുണം ചെയ്തെന്ന് വിലയിരുത്താം. അടുത്തവർഷം സെപ്തംബർ വരെ സമയമുണ്ടായിട്ടും നേരത്തെ വായ്പ തിരിച്ചടച്ച് സാമ്പത്തിക നില ശക്തമെന്ന തോന്നലുണ്ടാക്കാൻ അദാനിക്ക് ഒരു പരിധി വരെ കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അദാനിയുടെ ബോണ്ടുകളും ചിലർ ഗണ്യമായി വാങ്ങിക്കൂട്ടുകയാണെന്ന റിപ്പോർട്ടുകളും ഇന്ന് പുറത്ത് വന്നിട്ടുണ്ട്.
അതേസമയം അദാനി വിവാദത്തില്‍ ഇന്നും പാര്‍ലമെന്‍റില്‍ പ്രതിഷേധം ശക്തമായിരുന്നു. ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. രാജ്യസഭയില്‍ ചെയറിനടുത്തെത്തി ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് മുദ്രാവാക്യം മുഴക്കി. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സഭാധ്യക്ഷന്മാര്‍ നിലപാടെടുത്തു. ബഹളത്തില്‍ മുങ്ങിയ ഇരുസഭകളും ഇടയക്ക് നിര്‍ത്തിവച്ചു. ശേഷം കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ച രാഹുൽ, അദാനി മോദിയുടെ വിധേയനാണെന്നും പരാമർശിച്ചു. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയർച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകിയെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും രാജ്യത്തിന്‍റെ വിദേശ നയവും അദാനിക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എസ്ബിഐയേയും എല്‍ഐസിയേയും തീറെഴുതി സാധാരണക്കാരുടെ പണം സര്‍ക്കാര്‍ അദാനിയുടെ കൈയിലെത്തിച്ചെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ രേഖകളില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് രാഹുലിന്‍റെ പ്രസംഗത്തിനിടക്ക് കയറി ഭരണപക്ഷം മുന്നറിയിപ്പ് നല്‍കി.