
ദില്ലി: കേന്ദ്ര സർക്കാറിന്റെ സ്വകാര്യ വത്കരണ നയത്തിന്റെ ഭാഗമായി വിട്ടുകിട്ടിയ മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്. ലഖ്‌നൗ, മംഗലാപുരം, അഹമ്മദാബാദ് വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറ് മാസം സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അദാനി ഗ്രൂപ്പ് കത്തയച്ചു. ഫെബ്രുവരി 15 നാണ് ഇതുമായി ബന്ധപ്പെട്ട കരാർ അദാനി ഗ്രൂപ്പ് ഒപ്പുവച്ചത്. രാജ്യത്തെ ആറ് വിമാനത്താവളങ്ങൾക്കുള്ള ടെണ്ടറാണ് കേരള സർക്കാർ അടക്കം പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിനൊടുവിൽ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
കരാർ ഒപ്പുവച്ച് 180 ദിവസത്തിനുള്ളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 1500 കോടി രൂപ നൽകി വിമാനത്താവളങ്ങൾ ഏറ്റെടുക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. 50 വർഷത്തേക്കാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല കരാർ പ്രകാരം ലഭിക്കുക. എന്നാൽ, കരാർ പുനഃപരിശോധിക്കണമെന്നാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ അയച്ച കത്തിൽ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ഒരു കൺസൾട്ടന്റിനെയും ഗ്രൂപ്പ് നിയമിച്ചിട്ടുണ്ട്.